കോടികൾ ആളുമാറി കൊടുത്തു; പ്രളയ ദുരിതാശ‌്വാസ ഫണ്ട് വിതരണത്തിൽ വൻ വീഴ്ച

floodbank
SHARE

എറണാകുളം ജില്ലയിലെ പ്രളയ ദുരിത ബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു പണം വിതരണം ചെയ്തതില്‍  വീഴ്ച.  ഡേറ്റാബേസ് തകരാറിനെ തുടര്‍ന്ന്   മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ചതിനേക്കാള്‍ രണ്ടരലക്ഷം  രൂപ അധികമായി സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന്  കൈമാറി.അബദ്ധത്തില്‍ കൈമാറിയ അധികതുക തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക്  കത്തയച്ചതിനു പിന്നാലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.  

ഒന്നും രണ്ടുമല്ല എട്ടു കോടി പതിനഞ്ചു ലക്ഷം രൂപയാണ് എറണാകുളത്ത് ആളുമാറി വിതരണം ചെയ്തത്. ഭാഗികമായി വീട് തകര്‍ന്നവര്‍ക്കുളള നഷ്ടപരിഹാര വിതരണത്തിലാണ് പാളിച്ച. നിശ്ചയിച്ചതിനെക്കാള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇട്ടു. മുന്നൂറ്റി ഇരുപത്തിയാറ് പേരുടെ  അക്കൗണ്ടിലാണ് അധിക തുകയെത്തിയത്. പ്രളയം ഏറെ നാശം വിതച്ച വടക്കന്‍ പറവൂര്‍,ആലുവ മേഖലകളിലുളളവരാണ് ഇവരിലേറെയും .

പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം അബദ്ധം മനസിലായതോടെയാണ് പണം തിരികെ പിടിക്കാന്‍ നടപടിയാവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജര്‍ക്ക് ജില്ലാ കലക്ടറുടെ കത്തെത്തിയത്.  പണം തെറ്റായി അക്കൗണ്ടിലേക്ക് മാറിയെന്നാണ് കത്തില്‍ കലക്ടര്‍ സൂചിപ്പിക്കുന്നത്.ഡേറ്റാബേസ് തകരാറെന്നാണ് ഔദ്യോഗിക വിശദീകരണം. അധിക പണം കിട്ടിയ 326 അക്കൗണ്ടുകള്‍ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മരവിപ്പിച്ചു. പക്ഷേ അധിക പണം കിട്ടിയ മിക്കവരും കിട്ടിയ പണം  ഭാഗികമായോ പൂര്‍ണമായോ പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണം തിരികെ പിടിക്കുക ദുഷ്കരമാണെന്നാണ് ബാങ്കധികൃതരുടെ നിലപാട്. ഡേറ്റാബേസ് തകരാറാണ് പ്രശ്നത്തിന് വഴിവച്ചതെന്ന് പറയുമ്പോഴും എങ്ങിനെ ഈ തകരാറുണ്ടായിെയന്ന കാര്യം വ്യക്തമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

MORE IN KERALA
SHOW MORE