അനന്തുവിനെ കൊല്ലുമ്പോൾ കെജിഎഫിലെ ഡയലോഗ് പറഞ്ഞു; ക്രൂരകൊലയുടെ തിരക്കഥ പുറത്ത്

trivandrum-murder-kgf-movie
SHARE

നാട്ടുകാര്‍ നോക്കി നില്‍ക്കെ തലസ്ഥാന നഗരിയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിസംഘം കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്. സിനിമാഭ്രമമുളളവരായിരുന്നു അക്രമികൾ. അനന്തുവിനെ അതിക്രൂരമായി മർദ്ദിക്കുമ്പോഴും രാജ്യത്തൊട്ടാകെ മികച്ച വിജയം നേടിയ കെജിഎഫ് എന്ന കന്നട ചിത്രത്തിലെ നായകന്റെ ഡയലോഗുകൾ ഇവർ പറഞ്ഞിരുന്നതായി െപാലീസിന് വിവരം ലഭിച്ചു. 

സംഘത്തിലെ 11 പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരെ ഇനി കണ്ടെത്താനുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റിലായ അഞ്ചു പ്രതികളെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു.കൊലപാതകസംഘത്തിലെ അംഗങ്ങള്‍ ലഹരിമരുന്നിന് അടിമകളായിരുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഇവര്‍ ചിത്രീകരിച്ചു സുഹൃത്തുക്കള്‍ക്ക് അയച്ചതായി പൊലീസ് പറയുന്നു. നഗരത്തിലെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നയാളുടെ മകനും അക്രമി സംഘത്തിലുണ്ട്.

അനന്തു മരിച്ച വിവരം കൊലക്കേസ് പ്രതിയായ മുന്‍ ഗുണ്ടാ നേതാവിനെ മകന്‍ അറിയിച്ചു. അയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഗുണ്ടാ നേതാവിന്റെ മകന്‍ കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമുണ്ടായില്ല. 

കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു. കൊഞ്ചിറവിള ക്ഷേത്രോൽസവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിനുള്ള പക പോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം. കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തിൽ മദ്യവും ലഹരിമരുന്നുമായി ഒത്തുചേർന്ന എട്ടംഗ സംഘമാണു പദ്ധതി തയാറാക്കിയതെന്നു പൊലീസ് അറിയിച്ചു. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാൾ ഇവിടെ ആഘോഷിച്ച ശേഷമാണു കൊലപാതക പദ്ധതിയിലേക്കു കടന്നത്. 

എതിർസംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു നൽകിയ വിവരമനുസരിച്ച് ഇവർ ബൈക്കുകളിൽ അങ്ങോട്ടേക്കു പുറപ്പെട്ടു. തന്റെ ബൈക്ക് റോഡിൽ വച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോൾ വിഷ്ണു ആ ബൈക്കിൽ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി തങ്ങളുടെ ബൈക്കിൽ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലർ തടയാൻ നോക്കിയപ്പോൾ വിരട്ടിയ ശേഷം ഇവർ സ്ഥലംവിട്ടു. നേരെ തങ്ങളുടെ ഒളിസങ്കേതത്തിൽ എത്തിച്ച് ഇവർ സംഘം ചേർന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി കൊലപാതക സംഘത്തിലെ വിഷ‌്ണു അറുത്തെടുത്തിരുന്നു . പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌ു മൊഴി നൽകി. അനന്തു രക്തം വാർന്ന‌ു പിടയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌ു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ‌്ണു ഉൾപ്പെടെ എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികൾ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്. കൊലപാതകം നടത്തുന്നതിനു മുന്‍പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.