കോടി’ വിലയുള്ള സര്‍ക്കാര്‍ പരസ്യം ഉടന്‍ മാറ്റണം; മാറ്റാന്‍ മടിച്ച് കെഎസ്ആര്‍ടിസി

ksrtc-ad-govt
SHARE

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോടികൾ മുടക്കി സ്ഥാപിച്ച പരസ്യങ്ങൾ എടുത്ത് മാറ്റേണ്ട ഗതികേടിലാണ് സർക്കാർ. പരസ്യ ബോർഡുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും സർക്കാർ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് നിരവധി പരസ്യങ്ങൾ സ്ഥാപിച്ചിരുന്നു. ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന തലകെട്ടോടെയാണ് പരസ്യം നൽകിയത്. ഇവയെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമനുസരിച്ച് ഉടൻ നീക്കണം. 

ബോർഡുകൾ സ്ഥാപിക്കുന്നതിന് പുറമേ 5000 കെ.എസ്.ആർ.ടി.സി ബസുകളിലും സർക്കാർ പരസ്യം നൽകിയിരുന്നു. ഫെബ്രുവരി 20ന് ശേഷമാണ് ബസുകളിൽ പരസ്യം സ്ഥാപിച്ച് തുടങ്ങിയത്. ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ പരസ്യങ്ങൾ എല്ലാം ദിവസങ്ങൾക്കുള്ളിൽ എടുത്തുമാറ്റേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. എന്നാല്‍ ഭൂരിഭാഗം ബസുകളിലും പരസ്യം നീക്കം ചെയ്തിട്ടില്ല. പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടികള്‍ മുടക്കിയതിനാല്‍ പോസ്റ്ററുകള്‍ സാവധാനം നീക്കിയാല്‍ മതിയെന്ന നിലപാടിലാണ് ഇടതു സംഘടനകൾ.

ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പല സ്ഥലങ്ങളിലും ബി.ജെ.പി പ്രവർത്തകർ സർക്കാർ പരസ്യം നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. നേരത്തെ തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ സ്ഥാപിച്ച സംസ്ഥാനസര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കിയതിനെതിരെ പ്രതിഷേധവുമായി എ സമ്പത്ത് എം.പി രംഗത്തെതിയിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.