എല്ലാവരും നോക്കിനിൽക്കേ തട്ടിക്കൊണ്ടുപോയി; മൃഗീയമായി മർദ്ദിച്ചു: ക്രൂരകൊലയ്ക്കു പിന്നിൽ

trivandrum-murder
SHARE

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിന്റെ മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിഞ്ഞും തലയില്‍ ആഴത്തിലുള്ള മുറിവേറ്റും ആളൊഴിഞ്ഞ കാട്ടില്‍ കണ്ടത്. തട്ടിക്കൊണ്ടുപോയ  ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. 

ചൊവ്വാഴ്ച വൈകിട്ട് കരമന അരശുമൂട്ടിലെ ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അനന്തുവിനെ നാലു പേരടങ്ങുന്ന സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോൾ അക്രമിസംഘം വിരട്ടിയോടിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അൽപമകലെ കൈമനത്തിനു സമീപം ആളൊഴിഞ്ഞ തോട്ടത്തിൽ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്. കൈ ഞരമ്പുകൾ മുറിച്ചിരുന്നു. ദേഹമാസകലം ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. രണ്ടു ദിവസം മുൻപു കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സംശയം. അനന്തുവും സുഹൃത്തുക്കളും ഉൾപ്പെട്ട പക്കമേള സംഘവും മറ്റൊരു സംഘവുമായിട്ടായിരുന്നു തർക്കം.

അതു കയ്യാങ്കളിയിൽ എത്തിയിരുന്നു. കൈമനത്തു ദേശീയ പാതയ്ക്കു സമീപം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫിസ് കെട്ടിടത്തിനു വശത്തുള്ള തോട്ടത്തിലാണു മൃതദേഹം കിടന്നിരുന്നത്. സമീപം രക്തം തളം കെട്ടിയിരുന്നു. അനന്തുവിനെ ഇവിടെയെത്തിച്ചു മർദിച്ചതാകാമെന്നാണു കരുതുന്നത്. പ്രതികൾ കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് സംശയിക്കുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അരശുമൂട് എന്ന സ്ഥലത്തെ പൊതുവഴിയില്‍ വച്ച് രണ്ട് ബൈക്കിലായെത്തിയ നാലംഗസംഘം അനന്ദുവിനെ തട്ടിക്കൊണ്ടുപോകുന്നത്. തട്ടിക്കൊണ്ടുപോയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികളായ റോഷന്‍, ബാലു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അക്രമി സംഘത്തിലെ എട്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. കൊല നടത്തിയ സ്ഥലത്ത് പ്രതികള്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.