പെരുകുന്ന വൃക്കരോഗികള്‍ക്ക് മുന്‍പില്‍ പകച്ച് കേരളം

kidney
SHARE

പെരുകുന്ന വൃക്കരോഗികള്‍ക്ക് മുന്‍പില്‍ പകച്ച് കേരളം. പ്രതിരോധമാര്‍ഗങ്ങളെ പോലും അപ്രസക്തമാക്കി കൊണ്ടാണ് വൃക്ക രോഗവും, വൃക്ക സ്തംഭനവും ഉണ്ടാകുന്നവരുടെ എണ്ണത്തിലെ വര്‍ധന. ഗുരുതര വൃക്കരോഗം ബാധിച്ച രണ്ടര ലക്ഷം പേരാണ് നിലവില്‍ കേരളത്തിലുള്ളത്. എവിടെയും എല്ലാവര്‍ക്കും ആരോഗ്യകരമായ വൃക്കയെന്ന ആഹ്വാനത്തോടെ ഇന്ന് ലോകവൃക്കദിനം ആചരിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യത്തിന് അതീവഗുരുതര പരിഗണന ലഭിക്കേണ്ടതുണ്ട്.  

പോയവര്‍ഷം കേരളത്തിലെ വൃക്കരോഗികളുടെ എണ്ണത്തിലേക്ക് പുതുതായി എഴുതിച്ചേര്‍ക്കപ്പെട്ടത് ആറായിരം പേര്‍. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി ഡയാലിസിസിന് വിധേയരാകുന്നതാകട്ടെ ഒരുലക്ഷത്തിലധികം പേരും.

ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലായി ഡയാലിസിസിന് റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം മാത്രമെടുത്താല്‍ മതി വൃക്കസ്തംഭനമുള്ളവരുടെ പൊതുകണക്ക് വ്യക്തമാകാന്‍. 1450 പേര്‍ വൃക്ക മാറ്റിവയ്ക്കലിന് റജിസ്്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ജീവിതശൈലി രോഗങ്ങളിലെ വർധനയ്ക്ക് അനുപാതമായി തന്നെയാണ് വൃക്കതകരാറിലാകുന്നവരുടെ എണ്ണത്തിലെ പെരുപ്പവും. ഉയർന്ന രക്തസമ്മർദം,പ്രമേഹം, വൃക്കയിലെ കല്ലുകൾ, വൃക്കയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ എന്നിവയ്ക്കൊപ്പം വേദനസംഹാരികളുടെയും ചില ആന്‍റി ബയോട്ടിക്കുകളുടേയും അമിതഉപയോഗവും വൃക്കരോഗത്തിന് കാരണമാകുന്നു.

 85 ശതമാനം ആളുകളും ഗുരുതരാവസ്ഥയിലാണ് ചികിത്സതേടിയെത്തുന്നത്. കൃത്യമായ പരിശോധനകളിലൂടെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ സാധിക്കും. ബോധവത്കരണത്തിലെ അപര്യാപ്തകൂടിയാണ് പരിശോധനകളില്‍ നിന്ന് ആളുകളെ അകറ്റുന്നതും.

ഒരു പരിധി കഴിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗത്തെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രതിരോധിച്ച് നിര്‍ത്തിയേ മതിയാകൂവെന്നാണ് സംസ്ഥാനത്തെ വൃക്കരോഗവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

  

MORE IN KERALA
SHOW MORE