രക്ഷിതാക്കളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഒരു വിദ്യാലയം

parents
SHARE

രക്ഷിതാക്കളെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന പദ്ധതിയുമായി ഒരു വിദ്യാലയം. കുന്നംകുളം തിരുത്തിക്കാട് ഭാരത് മാത എല്‍.പി. സ്കൂളിലാണ് ഈ വേറിട്ട പദ്ധതി നടപ്പാക്കിയത്. വാരാന്ത്യത്തില്‍ രണ്ടു ദിവസം സ്കൂള്‍ വിട്ടുകൊടുക്കുന്നത് രക്ഷിതാക്കള്‍ക്കാണ്. ഈ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായിരിക്കും ഈ രണ്ടു ദിവസം ഇവിടുത്തെ വിദ്യാര്‍ഥികള്‍. ഇംഗ്ലിഷാണ് പാഠ്യവിഷയം. കൂടുതലും അമ്മമാരാണ് ഇംഗ്ലിഷ് പഠിക്കാന്‍ എത്തുന്നത്. കുന്നംകുളം തിരുത്തിക്കാട് ഭാരത്മാത എല്‍.പി. സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. എങ്ങനെ, കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന് പി.ടി.എയും മാനേജ്മെന്റും ചിന്തിച്ചു. 

പതിനാലിന പദ്ധതികള്‍ രൂപികരിച്ചു. അതിലൊന്നാണ് രക്ഷിതാക്കള്‍ക്കുള്ള ഇംഗ്ലിഷ് പഠനം. യോഗ, കരാട്ടെ, നൃത്തം തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കായി പഠിപ്പിക്കും. ഇതിനു പുറമെ പത്രം തയാറക്കല്‍, ജൈവ വൈവിധ്യ പാര്‍ക്ക്, പച്ചക്കറി കൃഷി തുടങ്ങി മറ്റു പദ്ധതികള്‍ വേറെ. പടവ് എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതി ഈ അധ്യയന വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ പുതുമയുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ.