ബ്രഹ്മപുരത്തെ സ്ഥിതിക്ക് കാരണം കൊച്ചി കോർപറേഷൻ; ആരോപണവുമായി വടവുക്കോട് പഞ്ചായത്ത്

kochi-waste
SHARE

മാലിന്യസംസ്കരണ പ്രതിസന്ധികള്‍ക്കിടെ കൊച്ചി കോര്‍പറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി വടവുകോട് പഞ്ചായത്ത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് പിന്നില്‍ കോര്‍പ്പറേഷനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധന്‍ പറഞ്ഞു. പ്ലാന്റുമായി ബന്ധപ്പെട്ട് കോടതിവിധി വരാനിരിക്കെ അധികൃതര്‍ മനഃപൂര്‍വം തീയിട്ടതാണെന്നാണ് ആരോപണം. 

ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാന്‍ സമ്മതിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വടവുകോട്  പഞ്ചായത്ത് . മാലിന്യവുമായി ഒരു വണ്ടിയും വരേണ്ടതില്ലെന്നാണ് മുന്നറിയിപ്പ്. സംസ്കരണ പ്ലാന്റായല്ല മാലിന്യം കൂട്ടിയിടാനുളള സ്ഥലം മാത്രമായാണ് കോര്‍പറേഷന്‍ ബ്രഹ്മപുരത്തെ കാണുന്നത്. അതിനാലാണ് വേണ്ടത്ര സുരക്ഷയൊരുക്കാത്തതെന്നും പഞ്ചായത്ത് ആരോപിക്കുന്നു

പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും കോര്‍പറേഷന്‍ പാലിച്ചിട്ടില്ല. ഒരു വര്‍ഷം മാത്രമാണ് പ്ലാന്റ് കൃത്യമായി പ്രവര്‍ത്തിച്ചത്. പ്ലാന്റിലെ മാലിന്യം തൊട്ടടുത്ത പുഴയിലേക്കടക്കം ഒഴുകിയെത്തുന്നുണ്ട്. കോടതിവിധിയടക്കം വരാനിരിക്കെ കോര്‍പറേഷന്‍ മനപൂര്‍വം പ്ലാന്റിന് തീയിട്ടതാണെന്നും പഞ്ചായത്ത് ആരോപിച്ചു. ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചതോടെ കൊച്ചി നഗരത്തിലെ റോഡുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വീടുകളിലും ഫ്ലാറ്റുകളിലും കുമിഞ്ഞുകൂടുന്ന മാലിന്യം എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് നഗരവാസികള്‍

MORE IN KERALA
SHOW MORE