യൂത്ത് കോണ്‍ഗ്രസിന് തീപ്പെട്ടി പുതിയ സമരായുധം; പൊലീസിനെ ‘ചൂടാക്കി’: വിഡിയോ

youth-match-box-strike
SHARE

പെരിയ ഇരട്ട കൊലപാതകത്തിന്‍റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ആലുവ റൂറല്‍ എസ്പി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു പൊലീസും പ്രവര്‍ത്തകരും തമ്മിലുളള അങ്കം. പരമാവധി സംയമനം എന്നതായിരുന്നു പൊലീസിന്‍റെ നയം. അതുകൊണ്ടു തന്നെ ജലപീരങ്കി പോലും കരുതിയിരുന്നുമില്ല. എങ്കിലും പൊലീസിന് കലിപ്പുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ചായിരുന്നു യൂത്ത്. 

ബാരിക്കേഡ് മറിച്ചിട്ട് പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. ബാരിക്കേഡിനു മുകളില്‍ കയറി നിന്നും ആഞ്ഞു ചവിട്ടിയുമെല്ലാം മറിച്ചിടാന്‍ ശ്രമിച്ചു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പക്ഷേ ബാരിക്കേഡ് കുലുങ്ങിയില്ല. ഇരുപത് മിനിറ്റിലേറെ പണിപ്പെട്ടതിനൊടുവില്‍ ഒരു ബാരിക്കേഡ് മാത്രം താഴെ വീണു. പ്രതിഷേധ സ്ഥലത്തിനു സമീപത്തെ പഴയ മതിലിന്‍റെ ഒരു ഭാഗവും ഇടിഞ്ഞു വീണു. പൊലീസാവട്ടെ ഒട്ടും പ്രകോപിതരാവാതെ ബാരിക്കേഡ് സംരക്ഷിച്ച് നിലയുറപ്പിച്ചു. ഇതോടെയാണ് ബാരിക്കേഡ് പൊളിക്കാന്‍ കൂട്ടത്തിലൊരു യൂത്തന്‍ പുതിയ വഴി കണ്ടെത്തിയത് . കയ്യിലുണ്ടായിരുന്ന തീപ്പെട്ടിയെടുത്ത് ബാരിക്കേഡ് കെട്ടിയ കയറങ്ങ് കത്തിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കയര്‍ മുറിഞ്ഞതോടെ സര്‍വശക്തിയുമെടുത്ത് ബാരിക്കേഡ് മറിച്ചിടാന്‍ വീണ്ടും ശ്രമമായി. അപ്പോഴേക്കും അപകടം മണത്ത പൊലീസ് ഒട്ടും വൈകാതെ തന്നെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. അല്‍പം ബലം പ്രയോഗിച്ച് തന്നെ.

സംഘര്‍ഷ വേദിയില്‍ നിന്ന് മനോരമ ന്യൂസ് കാമറാമാന്‍ ജയ്ജി മാത്യു പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.

 .

MORE IN KERALA
SHOW MORE