ഷോട്ട്സ് ഇട്ടാൽ 10 രൂപ പിഴ; ഒരു റൂമില്‍ 7 പേര്‍: ബ്രണ്ണനിലെ ‘പൊട്ടക്കിണറ്റിലെ തവളകള്‍’: കുറിപ്പ്

hostel-fb-post
SHARE

തിരുവനന്തപുരത്തിന് പിന്നാലെ കേരളത്തിലെ കലാലയങ്ങളിലെ ഹോസ്റ്റലുകളിലേക്ക് ഒരു ഹാഷ്ടാഗ് കത്തി പടരുകയാണ്. ‘വീ ടൂ’ ക്യാംപെയിനിലൂടെ ഹോസ്റ്റലിലെ യഥാർഥ പ്രശ്നങ്ങള്‍ തുറന്നുകാട്ടുകയാണ് വിദ്യാർഥിനികൾ. തിരുവനന്തപുരം ശ്രീകാര്യത്തെ സി ഇ ടി വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നടത്തിയ സമയം വലിയ ശ്രദ്ധ നേടിയിരുന്നു.  ഹോസ്റ്റലില്‍ തിരികെ കയറാനുള്ള സമയപരിധി 6.30 എന്നുള്ളത് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്ന ഒരുമയോടുള്ള സമരം. ഒടുവിൽ നിവൃത്തിയില്ലാതെ സമരം വിജയിച്ചു. ഹോസ്റ്റലില്‍ കയറാനുള്ള സമയം 9.30 വരെയാക്കി. ഇതിന് പിന്നാലെയാണ് ബ്രണ്ണൻ കോളേജിലെ വിദ്യാർഥിനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്.

ഹോസ്റ്റലിലെ ചില നിയമങ്ങളും പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും തുറന്നെഴുതുകയാണ് കുറിപ്പിൽ. ‘സഖാവ് പിണറായി വിജയന്റെ സ്വന്തം കോളേജ്... നിരവധി പ്രമുഖർ പഠിപ്പിച്ച, പഠിച്ച ദി ഗ്രേറ്റ് ബ്രണ്ണൻ കോളേജ്. ‌കോളേജ് ആദ്യ ദിനം തന്നെ, അമിതപ്രതീക്ഷയുടെ ഭാരം ഇറക്കിവെച്ചിട്ടേ ഇവിടേക്ക് വരാവൂ എന്നും പൊട്ട കിണറ്റിലെ തവളകളുടെ ലോകമാണിതുമെന്ന തിരിച്ചറിവും ഉണ്ടായി. രണ്ടു നിലകളിലായിട്ടുള്ള ഹോസ്റ്റലിൽ താഴത്തെ നിലയിലേക്ക് ഷോർട്ട്സ് ഇട്ട് വന്നാൽ 10 രൂപ ഫൈനാണ്. ഒരു മുറിയിൽ ആറും ഏഴും പേരാണ് കിടക്കുന്നത്. ഏറ്റവും സങ്കടം നമ്മൾ പെൺകുട്ടികളല്ലെ അഡ്ജസ്റ്റ് ചെയ്യണം, പാത്രം കഴുകിയാലെന്താ?, നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയല്ലേ നേരത്തെ കേറണം ന്ന് പറയുന്നേ?, കുറേ പേർ വഴി തെറ്റിപ്പോയാലോ?, നമുക്കിത്രയും സ്വാതന്ത്ര്യം തരുന്നില്ലേ?, തുടങ്ങി കൂടെയുള്ളവരുടെ തന്നെ ചോദ്യങ്ങളും ചിന്തകളുമാണ്.’ വിദ്യാർഥിനി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സഖാവ് പിണറായി വിജയന്റെ സ്വന്തം കോളേജ്... നിരവധി പ്രമുഖർ പഠിപ്പിച്ച, പഠിച്ച ദി ഗ്രേറ്റ് ബ്രണ്ണൻ കോളേജ്.... ! കോളേജ് ആദ്യ ദിനം തന്നെ, അമിതപ്രതീക്ഷയുടെ ഭാരം ഇറക്കിവെച്ചിട്ടേ 

ഇവിടേക്ക് വരാവൂ എന്നും പൊട്ട കിണറ്റിലെ തവളകളുടെ ലോകമാണിതുമെന്ന തിരിച്ചറിവും ഉണ്ടായി...! കോളേജിന്റെ വർത്തമാന രാഷ്ട്രീയ അവസ്ഥയെ പറ്റി ടീച്ചേർസ്ന്റെ ധാർഷ്ട്യത്തെപറ്റി (എല്ലാ അധ്യാപകരേയും ഉദ്ദേശിച്ചല്ല.) ശോചനീയാവസ്ഥയെപ്പറ്റിയെല്ലാം വഴിയേ എഴുതാം... നമുക്ക് കോളേജ് ഹോസ്റ്റലിലേ അവസ്ഥ എന്തെന്ന് നോക്കാം 

Anjana യെ കേൾക്കൂ.

#we tooo

ഞങ്ങളും ഹോസ്റ്റലില് ആണ്. ഞങ്ങൾക്കും പറയാനുണ്ട്.

ഇവിടെ ഞങ്ങൾ 150 ന് മുകളിൽ വിദ്യാർത്ഥികൾ ഉണ്ട്. 4 കുക്ക് മാരും 1 സ്വീപ്പറുമാണ് ഉള്ളത് .

1. ഒരു മുറിയിൽ 6 ഉം7 ഉം പേരാണ് കിടക്കുന്നത്.

2. ഭക്ഷണം ഉണ്ടാക്കുന്ന സാഹചര്യം വൃത്തിഹീനമാണ്. രുചിയും കണക്കാണ്. ചോദിക്കുമ്പോൾ പറയുന്നത് ഇവിടെ 80 സീറ്റേ ഉള്ളൂ അതിനനുസരിച്ചുള്ള കുക്ക്മാരാണ് ഇത് ,സ്റ്റാഫിനു വേണ്ടി പ്രശ്നമുണ്ടാക്കിയാൽ ആ 80 പേരൊഴികെ ബാക്കിയുള്ളവർ ഇവിടന്ന് ഇറങ്ങേണ്ടി വരുമെന്നാണ് പറഞ്ഞത്. രാത്രിയിലെ ഭക്ഷണം വെക്കുന്ന പാത്രങ്ങൾ ഞങ്ങൾ തന്നെ കഴുകി വെക്കണം. ഒരോ ദിവസം ഓരോ റൂമുകാർക്കാണ് ഡ്യൂട്ടി.

3.വൈകുന്നേരം 3:30 വരെ ആണ് ക്ലാസ് .ആദ്യമെല്ലാം 3:45 നു എല്ലാ ഫസ്റ്റ് ഇയേഴ്സും ഹോസ്റ്റലിൽ കയറണമായിരുന്നു സെമസ്റ്ററിൻ്റെ അവസാനമെത്തുമ്പോഴേക്കും അത് 4 ഉം 4:30 ഉം ആയി. സീനിയേഴ്സിന് 5:30 ആണ് സമയം. പുറത്ത് എവിടെ പോകുന്നുണ്ടെങ്കിലും തൊട്ടടുത്തുള്ള കടയിലേക്കായാലും കൂടെ ഒരു സീനിയർ വേണം.

4. രണ്ടു നിലകളിലായിട്ടുള്ള ഹോസ്റ്റലിൽ താഴത്തെ നിലയിലേക്ക് ഷോർട്ട്സ് ഇട്ട് വന്നാൽ 10 രൂപ ഫൈനാണ്.

5. പി ജി ബ്ലോക്കും യു ജി ബ്ലോക്കും വേറെ വേറെയാണ് ഓപ്പോസിറ്റ് ബിൽഡിങ്ങാണ്. യു ജി ബ്ലോക്ക് പൂട്ടി താക്കോലുമെടുത്ത് പി ജി ബ്ലോക്കിലാണ് ഗസ്റ്റായി താമസിക്കുന്ന ടീച്ചർ കിടക്കാറ് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ രാവിലത്തെ ട്രെയിനിന് പോകേണ്ടി വന്നാൽ ടീച്ചറെ വിളിച്ച് തുറന്നെങ്കിലേ പറ്റൂ .മെസ്സിലേക്ക് ഓപ്പൺ ആയിട്ടുള്ള വരാന്തയാണുള്ളത്. രാത്രി 10 മണി കഴിഞ്ഞാൽ അങ്ങോട്ട് പോവുക സാധ്യമല്ല. അതെല്ലാം പൂട്ടിയിട്ടാണ് ടീച്ചർ പോവുക, ടീച്ചറില്ലാത്ത എല്ലാ ശനിയും ഞായറും ഞങ്ങൾക്കവിടം പഠനമുറിയാണ്.

6. സ്പോർട്സിൻ്റെ പ്രാക്ടീസ് കഴിഞ്ഞ് ഞങ്ങൾ ചായ കുടിച്ച് 7 മണിക്ക് കേറണം.ഒരു ദിവസം അതിൽ കൂടുതൽ സമയം പുറത്തെ തട്ടുകടയിലിരുന്ന് ' അസമയത്ത് ' ചായ കുടിച്ചത് തെറ്റായിപ്പോയി.

7. വെള്ളം വല്ലപ്പോഴുമേ വരാറുള്ളൂ. താഴെ നിന്ന് വെള്ളമെടുത്ത് പടികൾ മുഴുവൻ കയറിയാണ് കുളിക്കാറും മറ്റാവശ്യങ്ങൾ നിറവേറ്റാറും, ആർത്തവ സമയത്ത് രാത്രി സമയങ്ങളിൽ വെള്ളം ആവശ്യമായി വന്നാൽ കുടിക്കാൻ എടുത്തു വച്ച വെള്ളമെടുക്കുകയേ പറ്റൂ. ഒന്ന് വയറിളകിയാൽ ഛർദ്ദിച്ചാൽ ഇത്തിരി വെള്ളം കൊണ്ട് അത് കൈകാര്യം ചെയ്തേ പറ്റൂ.

8.ഒരിക്കൽ എൻ സി സി ക്യാമ്പിൻ്റെ ആവശ്യത്തിനായി എൻ സി സി യിൽത്തന്നെയുള്ള ഒരു ആൺ സുഹൃത്തിൻ്റെ ബൈക്കിൽ കയറിപ്പോകുന്നത് കണ്ട ഞങ്ങളെല്ലാം ലൗഡ് എന്ന് വിളിക്കുന്ന സ്വീപ്പർ ചേച്ചി ഹോസ്റ്റൽ ഭാരവാഹികളോട് ഞാൻ ക്ലാസ് കട്ട് ചെയ്ത് കണ്ട ചെക്കന്മാരുടെ കൂടെ ബൈക്കിൽ കറങ്ങി നടക്കുകയാണെന്നു പറയുകയും അവരെന്നോട് സംസാരിക്കുകയും ചെയ്തു ,എന്താണ് കാര്യമെന്നവർക്ക് മനസ്സിലായിട്ടും ഇനി അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കരുതെന്ന് പറഞ്ഞ് എന്നെ വിലക്കുകയാണ് ചെയ്തത്

ഞാൻ പോട്ടെ ഹോസ്റ്റലിൽ കേറാൻ സമയായീന്ന് പറയുമ്പോൾ

" ഓ നിനക്ക് കൂട്ടിൽ കേറാനായീ ല്ലേ "ന്ന് കൂട്ടുകാരൻ തിരിച്ചു ചോദിക്കുമ്പോൾ ചിരിച്ചു തള്ളുമെങ്കിലും ശരിയാണ് ഞങ്ങളൊക്കെ ആരുടെയൊക്കെയോ ചിന്തകളുടെ വളർത്തുമൃഗങ്ങളാണ്, എപ്പോഴും ഒരു കുറ്റിയിൽ കെട്ടിയിടുകയോ കൂട്ടിലാക്കുകയോ വലയ്ക്കുള്ളിലാക്കുകയോ ആണ്.

മെൻസ് ഹോസ്റ്റലിൽ ഇങ്ങനെയൊന്നുമല്ല. അവരുടെ ഇഷ്ടങ്ങളുടെയിടമാണ് ഹോസ്റ്റൽ. ഏറ്റവും സങ്കടം നമ്മൾ പെൺകുട്ടികളല്ലെ അഡ്ജസ്റ്റ് ചെയ്യണം,

പാത്രം കഴുകിയാലെന്താ?,

നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയല്ലേ നേരത്തെ കേറണം ന്ന് പറയുന്നേ?

കുറേ പേർ വഴി തെറ്റിപ്പോയാലോ?

നമുക്കിത്രയും സ്വാതന്ത്ര്യം തരുന്നില്ലേ?

തുടങ്ങി കൂടെയുള്ളവരുടെ തന്നെ ചോദ്യങ്ങളും ചിന്തകളുമാണ്...

#( ഇതാണ് ഹോസ്റ്റലിലേ അവസ്ഥ... ചോദ്യം ചെയ്യുന്നവളെ വായ അടപ്പിക്കുന്ന പ്രതേക അവസ്ഥ കൂടിയുണ്ട്... അത് പിന്നീട് വിവരിക്കാം )

MORE IN KERALA
SHOW MORE