ബത്തേരി നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

wayanad-bathery
SHARE

ഇടത് പിന്തുണയോടെ കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധി അധ്യക്ഷനായ വയനാട് ബത്തേരി നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പരാജയപ്പെട്ടു. പ്രമേയത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗത്തെ ജില്ലാ നേതാക്കള്‍ രാവിലെ നഗരസഭയ്ക്ക് മുന്നില്‍ നിന്നും കാറില്‍കയറ്റി കൊണ്ടുപോയി. ബിജെപി കൗണ്‍സിലര്‍ യുഡിഎഫ്  പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സൂചനകളുണ്ടായിരുന്നു.

മുപ്പത്തിയഞ്ച് അംഗങ്ങളുള്ള നഗരസഭയില്‍ പതിനേഴ് കൗണ്‍സിലര്‍മാരാണ് ഭരണപക്ഷത്ത്. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കരുവള്ളിക്കുന്ന് വാര്‍ഡില്‍ വിജയിച്ചതോടെ  യുഡിഎഫിന്റെ അംഗസംഖ്യയും പതിനേഴായി ഉയര്‍ന്നു. ബിജെപിക്ക് ഒരംഗമാണുള്ളത്.

ബിജെപി അംഗം എം.ജെ സാബുവിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാന്‍ അണിയറനീക്കം സജീവമായിരുന്നു. 

എന്നാല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശം ബിജെപി ജില്ലാ നേതൃത്വം കൗണ്‍സിലര്‍ക്ക് നല്‍കിയിരുന്നു.

ഇന്നലെ അഞ്ജാത കേന്ദ്രത്തിലായിരുന്നു കൗണ്‍സിലര്‍ പക്ഷെ ഇന്ന് രാവിലെ പ്രമേയത്തില്‍ പങ്കെടുക്കാന്‍ എത്തി. ഇത് മുന്‍കൂട്ടി കണ്ട ബിജെപി ജില്ലാ നേതാക്കള്‍ നഗരസഭയ്ക്ക് മുന്നില്‍വെച്ച് അദ്ദേഹത്തെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

അവിശ്വാസ പ്രമേയം പാസാകാന്‍ പതിനെട്ട് പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പതിനേഴ് യുഡിഎഫ് അംഗങ്ങളും അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് വിട്ടുനിന്നു. പ്രമേയം പരാജയപ്പെട്ടതിനാല്‍ നിലവിലുള്ള ഭരണസമിതി തുടരും.

സ്വന്തം പാളയത്തില്‍ നിന്നും വോട്ടുകള്‍ ചോരുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ് വിട്ടുനിന്നതെന്നാണ് യുഡിഎഫ് ആക്ഷേപം.ബിജെപി ജില്ലാ നേതാക്കളും സിപിഎമ്മും ഒത്തുകളിച്ചു എന്ന ആരോപണവും ഉണ്ട്.

കേരള കോൺഗ്രസ് മാണി വിഭാഗം അംഗത്തിന്റെ പിന്തുണയോടെ ആദ്യ രണ്ടരവർഷം സിപിഎം പ്രതിനിധിയായിരുന്നു നഗരസഭ ചെയർമാൻ മുൻ ധാരണ പ്രകാരം സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് പ്രതിനിധി ടി എൽ സാബുവാണ് ഇപ്പോൾ അധ്യക്ഷൻ . 

എല്‍ഡിഎഫിനൊപ്പം ബത്തേരിയില്‍ അധികാരസഖ്യം തുടരനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

MORE IN KERALA
SHOW MORE