ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ട് മതി ബാക്കി നടപടികൾ: ആഹ്വാനവുമായി എംഎൽഎ

uduma-mla-periya
SHARE

പെരിയ ഇരട്ടക്കൊലപാതകം വ്യക്തികൾ തമ്മിലുള്ള പ്രാദേശിക പ്രശ്നം എന്ന് സിപിഎം ആവർത്തിക്കുന്നതിനിടെ, പാർട്ടി ജില്ലാ നേതാക്കൾക്കും എംഎൽഎയ്ക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ, മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവർക്കെതിരെയാണു വെളിപ്പെടുത്തലുകൾ. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുതിർന്ന നേതാക്കൾക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും ബന്ധുക്കൾ ആരോപിക്കുന്നത്

പ്രതിയെ പൊലീസ് വാഹനത്തിൽ നിന്ന് ബലംപ്രയോഗിച്ചു മോചിപ്പിച്ചു

മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ

പ്രതികൾ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സി.ജെ. സജിയെ (സജി ജോർജ്) പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സിപിഎം നേതാക്കൾ മോചിപ്പിച്ചതായി സാക്ഷി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, രാത്രി 8.30നു ശേഷം വെളുത്തോളി പാക്കം ചെറോട്ടിയിലെ ഊടുവഴിയിൽ സജിയുടെ വാഹനം കണ്ടു. വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ സജി സ്ഥലത്തെത്തി

തുടർന്നു സജിയെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ 2 പ്രാദേശിക നേതാക്കൾക്കൊപ്പം കെ.വി. കുഞ്ഞിരാമൻ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി: ‘‘എന്ത് വിവേകമില്ലായ്മയാണു കാണിക്കുന്നത്. നിങ്ങൾ ലോക്കൽ പൊലീസ് മേലുദ്യോഗസ്ഥർ പറഞ്ഞ പണി മാത്രം എടുത്താൽ മതി’’ എന്നായിരുന്നു വാക്കുകൾ. ബലം പ്രയോഗിച്ചു കാറിന്റെ ഡോർ തുറന്നു സജിയെ പുറത്തിറക്കി ഇവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പിറ്റേന്നു മറ്റു പ്രതികൾക്കൊപ്പം സജി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവുകയായിരുന്നു.

കെ.വി.കുഞ്ഞിരാമൻ പറയുന്നത്: ബലം പ്രയോഗിച്ചു മോചിപ്പിച്ചു എന്നു പറയുന്നത് അടിസ്ഥാനരഹിതം. അവിടെ പോയിട്ടേയില്ല. സംഭവം നടന്നു എന്നു പറയുന്ന സമയം ഒന്നര കിലോമീറ്റർ ദൂരെയുള്ള പാക്കം ലോക്കൽ കമ്മിറ്റി ഓഫിസിലായിരുന്നു.

കൈവെട്ടിക്കളയാൻ ആഹ്വാനം

ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ

പ്രദേശത്ത് നിരന്തരം സംഘർഷങ്ങളുണ്ടായപ്പോൾ പ്രശ്നത്തിൽ ഇടപെടാൻ കെ. കുഞ്ഞിരാമൻ എംഎൽഎയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിനു പകരം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നു കൊല്ലപ്പെട്ട ശരത്‍ലാലിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ വർഷം കല്യോട്ട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാസംഘം ഓഫിസ് തീവച്ചു നശിപ്പിച്ചതിനു പിന്നാലെ തൊട്ടടുത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് തകർത്തിരുന്നു. പിറ്റേന്ന് കെ.കുഞ്ഞിരാമൻ സിപിഎം ഓഫിസ് സന്ദർശിക്കാനെത്തിയപ്പോൾ ‘ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികൾ’ എന്നു കൂടിനിന്ന അണികളോടു പറഞ്ഞു

കെ.കുഞ്ഞിരാമൻ എംഎൽഎ പറയുന്നത്: തീവച്ചു നശിപ്പിക്കപ്പെട്ട ഓഫിസ് സന്ദർശിച്ചിരുന്നു. പക്ഷേ, അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല.

ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും’ ‌

ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി.മുസ്തഫ

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ജനുവരി 7നു കല്യോട്ട് നടത്തിയ യോഗത്തിലാണു വിവാദ പ്രസംഗം. 

‘സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ, ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽ നിന്നു റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ മുന്നിൽ പെട്ടാൽ പിന്നെ കല്യോട്ടെന്നല്ല, ഗോവിന്ദൻ നായരെന്നല്ല, ബാബുരാജെന്നല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തിൽ, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ, ചിതറിപ്പോകും. 

ഇതു കേൾക്കുന്ന കോൺഗ്രസുകാർക്കും കേൾക്കാത്ത കോൺഗ്രസുകാർക്കും ബേക്കൽ എസ്ഐ സമാധാന യോഗം വിളിച്ച് ഇങ്ങനെയാണു സിപിഎം പറഞ്ഞിട്ടുള്ളതെന്നു പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതിയെ പിടിച്ചാലും നിങ്ങൾക്കു സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോ?’

പ്രസംഗത്തിൽ പരാമർശിക്കുന്ന ഗോവിന്ദൻ നായർ യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായരും ബാബുരാജ് കൊല്ലപ്പെട്ട ശരത് ‍ലാലിന്റെ അടുത്ത ബന്ധുവും കോൺഗ്രസിന്റെ പുല്ലൂർ പെരിയ മണ്ഡലം മുൻ പ്രസിഡന്റുമായ എം.കെ. ബാബുരാജുമാണ്. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാൽ

മുസ്തഫ പറയുന്നത്: പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്തു വിവാദമുണ്ടാക്കാനാണു ശ്രമം. പ്രതിഷേധ യോഗം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല

MORE IN KERALA
SHOW MORE