ആ ഇരുപതു വെട്ടുകളും തുരുമ്പിച്ച വടിവാൾ കൊണ്ടോ ?

periya-sword
SHARE

പെരിയ ഇരട്ടക്കൊലക്കേസിൽ തെളിവെടുപ്പിനിടെ പീതാംബരൻ കാണിച്ചുകൊടുത്തതനുസരിച്ച് പൊലീസ് കണ്ടെടുത്തതു തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്. 

ശരത്‍ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‍ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയുമോ എന്നാണു സംശയം.

ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരത്‍ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ചെവി മുതൽ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.

ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചു

പീതാംബരൻ ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു; മറ്റുള്ളവർ വെട്ടി

പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയുന്നതിങ്ങനെ– ‘‘പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‍ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.’’

കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പൊലീസ് പ്രതികളുടെ എണ്ണം എത്രയാണെന്നു പറഞ്ഞിട്ടില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ദേഹത്തുള്ള പരുക്കുകൾ അതിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കസ്റ്റഡിയിൽ വിട്ട പീതാംബരനെ 27നു കോടതിയിൽ തിരികെ ഹാജരാക്കണം. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും.

പീതാംബരനു നേരെ ജനരോഷം

 ‘ഇനി നാട്ടിൽ സമാധാനം വേണ്ട. ഇത്രയും നാൾ കോൺഗ്രസുകാർ സമാധാനത്തിനു വേണ്ടി വാദിച്ചതു കൊണ്ടാണു നമുക്ക് രണ്ടു പൊന്നോമനകളെ നഷ്ടപ്പെട്ടത്. ഇനി അവനെ ഞങ്ങൾക്കു വിട്ടു താ സാറേ...’. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധു തമ്പായിയുടെ രോഷപ്രകടനം ഒടുവിൽ വിതുമ്പലായി. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞു കല്യോട്ട് നട്ടുച്ചനേരത്തും നൂറുകണക്കിനാളുകൾ കാത്തുനിന്നു

പീതാംബരനെ വാഹനത്തിൽ നിന്നു പുറത്തിറക്കുന്നതിനു മുൻപു പൊലീസ് സംഘം കിണറിനു ചുറ്റും സുരക്ഷാവലയം തീർത്തു. ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസുകാരൻ കയറേണിയുപയോഗിച്ചു കിണറ്റിലിറങ്ങുമ്പോൾ പീതാംബരൻ പൊലീസുകാർക്കിടയിൽ നിസ്സംഗതയോടെ തൊഴുകൈകളുമായി നിൽക്കുകയായിരുന്നു. ആയുധമെടുക്കാനായി താഴ്ത്തിയ കയറിൽ അവനെയും കെട്ടിത്താഴ്ത്തണമെന്ന് ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആയുധങ്ങൾ കണ്ടെടുത്തശേഷം കനത്ത പൊലീസ് വലയത്തിൽ വാഹനത്തിൽ തിരിച്ചു കയറ്റുന്നതിനിടെ കൂടിനിന്ന യുവാക്കളിൽ ചിലർ പീതാംബരനെ കയ്യേറ്റം ചെയ്യാനും മുതിർന്നു. ഏറെ ശ്രമകരമായാണു പൊലീസ് പ്രതിയെ വാഹനത്തിൽ കയറ്റി സ്ഥലംവിട്ടത്

MORE IN KERALA
SHOW MORE