വയനാട് എല്‍ഡിഎഫ് മുന്നേറുമെന്ന് കാനം; പൊതുസമ്മതരെ സ്ഥാനാര്‍ഥിയാക്കില്ല

kanam
SHARE

യുഡിഎഫിന്റെ ഉറച്ച സീറ്റായി കരുതുന്ന വയനാട് ലോകസഭാ മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട് ഉള്‍പ്പെടെ ഒരിടത്തും സിപിഐ പൊതുസമ്മതരെ സ്ഥാനാര്‍ഥിയാക്കില്ലെന്നും പാര്‍ട്ടിയുമായി ബന്ധമുള്ളവരാകും മല്‍സരിക്കുകയെന്നും കാനം മനോരമ ന്യൂസിനോട് പറഞ്ഞു. 

എല്‍ഡിഎഫില്‍ സിപിഐ മല്‍സരിക്കുന്ന നാല് സീറ്റുകളില്‍ ഒന്നാണ് വയനാട്. 2009 ല്‍ രൂപീകൃതമായ വയനാട് മണ്ഡലത്തില്‍ നിന്നും രണ്ടുവട്ടവും എം.ഐ ഷാനവാസാണ് ലോക്സഭയിലെത്തിയത്. 2014 തില്‍ ഭൂരിപക്ഷം ഇരുപതിനായിരത്തോളമായി കുറഞ്ഞു. വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫിലെത്തിയതും സികെ ജാനുവിന്റെ പിന്തുണയും അനുകൂല ഘടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

2014 ല്‍ മല്‍സരിച്ച സത്യന്‍ മൊകേരി, സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ പി.പി സുനീര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ സ്ഥാനാര്‍ഥി പട്ടികയില്‍. സികെ ജാനുവിനെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കുന്നതില്‍ മുന്‍കയ്യെടുത്തത് കാനം രാജേന്ദ്രനായിരുന്നു. ജാനുവിനെ സിപിഐ ടിക്കറ്റില്‍ മല്‍സരിപ്പിക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമുള്ളയാള്‍ മാത്രമേ സ്ഥാനാര്‍ഥിയാകുമെന്നും കാനം പറഞ്ഞു.

വയനാട്ടില്‍ കുറുവ ദ്വീപിലേക്കുള്ള പ്രവേശന വിഷയത്തിലുള്‍പ്പടെ സിപിഎം–സിപിഐ ഭിന്നത രൂക്ഷമായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന വിലയിരുത്തലുമുണ്ട്.

MORE IN KERALA
SHOW MORE