ഒരു ഫ്ലെക്സ് ബോർഡില്‍ തുടങ്ങിയ പ്രശ്നം; ആ കനൽ എടുത്തത് രണ്ടുജീവൻ: സംഭവിച്ചത്

periya-murder-18-02-19
SHARE

നിസാര പ്രശ്നത്തിൽ തുടങ്ങിയ ചെറിയ തർക്കം. ആ കനലാണ് അരുംകൊലയിലേക്ക് വഴിവെച്ചത്. ഒരു വർഷം മുൻപ് കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിനു മുൻപിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് ചിലർ എടുത്തുമാറ്റിയിരുന്നു. ഫ്ലെക്സ് നീക്കിയതു കോൺഗ്രസുകാരാണെന്ന് ആരോപിച്ചു സ്കൂളിനു സമീപത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫിസിനു സിപിഎം പ്രവർത്തകർ തീയിട്ടു. സമീപത്തെ ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് പിന്നാലെ കോൺഗ്രസുകാർ തകർത്തു.

ഇതോടെ പ്രശ്നങ്ങൾ കത്തിപ്പടർന്നു. ഇരുകൂട്ടർക്കുമെതിരെ ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ അനുരഞ്ജന ചർച്ചയിലൂടെ പരിഹരിച്ചു. കൊല്ലപ്പെട്ട കൃപേഷിനെ ഈ കേസിലും സിപിഎമ്മുകാരുടെ പരാതിപ്രകാരം  പ്രതിചേർത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മുന്നാട് പീപ്പിൾസ് കോളജിൽ‌ കല്യോട്ടെ കെഎസ്‍യു പ്രവർത്തകനു മർദനമേറ്റത് കോൺഗ്രസ് –സിപിഎം ബന്ധം വീണ്ടും വഷളാക്കി. 

മർദനത്തിനു പ്രേരിപ്പിച്ചതു സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണെന്നാരോപിച്ച‌ു കോൺഗ്രസ് പ്രവർത്തകർ പീതാംബരനെയും മറ്റൊരു സിപിഎം പ്രവർത്തകനെയും ആക്രമിച്ചു. അതിൽ കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. കൃപേഷിനെ സിപിഎം പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തിയെങ്കിലും പൊലീസ് അന്വേഷണത്തിൽ ഒഴിവാക്കപ്പെട്ടു. ശരത്‍ലാൽ കേസിൽ റിമാൻഡിലായി. പീതാംബരനെ ആക്രമിച്ചവരെ തിരിച്ചടിക്കുമെന്നു സിപിഎം നവമാധ്യമങ്ങൾ മുഖേന ഭീഷണിപ്പെടുത്തി.

വധഭീഷണിയെക്കുറിച്ചു കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ബേക്കൽ പൊലീസിനെ അറിയിച്ചു. നടപടിയുണ്ടാകും മുൻപേ തന്നെ രണ്ടു യുവാക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മകനെ കൊല്ലാൻ വേണ്ടിയാണ് കേസിൽ നിന്നും ഒഴിവാക്കിയതെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞിരുന്നു.

MORE IN KERALA
SHOW MORE