ഗൃഹപ്രവേശത്തിനു പന്തലൊരുങ്ങേണ്ട വീട്ടിൽ കണ്ണീർകാഴ്ചയായി ജൂണിയ; ഒന്നുമറിയാതെ സോണി

kottayam-accident
SHARE

അടുത്തയാഴ്ച ഇച്ചായൻ തിരിച്ചുപോകുന്നതിനു മുൻപേ ഞങ്ങൾക്ക് കേറിത്താമസിക്കാനുള്ളതാ. പണി വേഗം തീർക്കണേ’ എന്നു ഹിന്ദിയിൽ ബംഗാളിപ്പണിക്കാരോട് പറഞ്ഞൊപ്പിച്ച് ഭർത്താവ് സോണിയുമായി സ്കൂട്ടറിൽ മടങ്ങിയ ജൂണിയ പിന്നെ തിരികെ വന്നില്ല.  ഗൃഹപ്രവേശത്തിനു പന്തലൊരുങ്ങേണ്ട പുതുപ്പള്ളി പയ്യപ്പാടിയിലെ വെട്ടത്ത് വീട്ടിൽ കണ്ണീരുകൊണ്ടൊരു പന്തൽ ഒരുങ്ങി.

ഞായറാഴ്ച വൈകിട്ട് പയ്യപ്പാടി ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ മരിച്ച മന്ദിരം ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ജൂണിയ സൂസൻ ഐപ്പിന്റെ(32) മൃതദേഹം ചൊവ്വാഴ്ച പയ്യപ്പാടിയിലെ ഇവരുടെ പുതിയ വീട്ടിലെത്തിക്കും. ഈ മാസം ഗൃഹപ്രവേശം തീരുമാനിച്ച് വേഗത്തിൽ പണികൾ പൂർത്തിയാക്കിവന്ന വീട്ടിൽ നിന്നു വാടക വീട്ടിലേക്ക് ഭർത്താവുമൊത്ത് സ്കൂട്ടറിൽ മടങ്ങും വഴിയായിരുന്നു അപകടം. റോഡിൽ തലയടിച്ചുവീണ ജൂണിയയെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകൾ പുതിയ വീട്ടിൽ നടത്തും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വെള്ളിക്കുട്ട ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.

ഭർത്താവ് സോണിക്കും മക്കളായ നിയ ആൻ സോണിയും(ആറ്) ബോവസ് സോണി (രണ്ടര) എന്നിവർക്കുമൊപ്പം പുതിയ വീട്ടിലേക്കു മാറാനൊരുങ്ങുകയായിരുന്നു ജൂണിയ. കഴിഞ്ഞ ദിവസംവരെ തിടുക്കത്തിൽ പണികൾ ഓരോന്നായി തീർന്നിരുന്ന വീട്ടിൽ തിങ്കളാഴ്ച ബഹളങ്ങളൊഴിഞ്ഞ് പന്തലൊരുക്കുന്ന ചിലർ മാത്രമായി.ജൂണിയയുടെ മരണം അറിയാതെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണു സോണി. ചൊവ്വാഴ്ച ഉച്ചയോടെ സംസ്കാരത്തിൽ പങ്കെടുക്കുവാൻ സോണിയെ വീട്ടിലെത്തിക്കും. ഖത്തറിൽ ജോലി ചെയ്യുന്ന സോണി വീട്ടുപണി പൂർത്തിയാക്കാനായി കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ഡൽഹി അപ്പോളോ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ജൂണിയ മൂന്ന് മാസങ്ങൾക്കു മുൻപാണു മന്ദിരം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. പഴയവീട് പൊളിച്ചു മാറ്റങ്ങൾ വരുത്തി ഏതാനും മാസം മുൻപാണു വീടുപണി തുടങ്ങിയത്.

MORE IN KERALA
SHOW MORE