പൂട്ടിച്ച റജിസ്ട്രാർ ഒാഫിസ് തുറന്ന് കല്ല്യാണം; ഹർത്താലുകാർക്കും എംഎൽഎയ്ക്കും; കയ്യടി

harthal-register-marriage
SHARE

രാത്രി പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ നേരം പുലർന്നപ്പോഴേക്കും സംസ്ഥാന ഹർത്താലായത് അറിയാതെ റോഡിലിറങ്ങിയ ജനം ശരിക്കും വലഞ്ഞു. ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട കയ്യടി നേടുകയാണ് വി.അബ്ദുറഹിമാൻ എംഎൽഎ.

താനൂരിൽ ഹർത്താൽ ദിനത്തിൽ പൂട്ടിയ റജിസ്ട്രാർ ഓഫിസ് തുറന്ന് എംഎൽഎയുടെ നേതൃത്വത്തിൽ വിവാഹം നടത്തി. താനൂർ സ്വദേശി സബിലാഷും പത്തനംതിട്ട സ്വദേശി മെറിൻ മേരിയുടെയും റജിസ്റ്റർ വിവാഹമാണ് വി.അബ്ദുറഹിമാൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നു നടത്തിയത്.

തിങ്കളാഴ്ച രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്നു റജിസ്ട്രാർ ഓഫിസ് പൂട്ടിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുൻ നിശ്ചയപ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ സബിലാഷിനോടും മെറിനോടും റജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നു റജിസ്ട്രാർ അറിയിച്ചത്. ഇതിനെ തുടർന്നു സബിലാഷ് സ്ഥലം എംഎൽഎയായ വി.അബ്ദുറഹിമാന്റെ സഹായം തേടി. എംഎൽഎ കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിച്ചു.

തുടർന്നു കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തുകയും എംഎൽഎയുടെ സാന്നിധ്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഹർത്താലിൽ വിവാഹം തടസപെടുമോ എന്ന ആശങ്കയിലായിരുന്നു സബിലാഷും മെറിനും.

MORE IN KERALA
SHOW MORE