ഡീൻ നേരിട്ട് ഹാജരാകണം; നേരിടാൻ യൂത്ത് കോൺഗ്രസ്; കുരുക്കാകുമോ?

dean-hc-hartal
SHARE

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആഹ്വാനം നല്‍കിയവര്‍ നഷ്ടപരിഹാരം നല്‍കണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യനടപടി  ആരംഭിച്ചു. ഇവര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണം. നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും നല്‍കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.

എന്നാൽ കോടതിയലക്ഷ്യക്കേസ് നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാനും കോടതിക്ക് ബാധ്യതയുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ഒരാഴ്ചത്തെ മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തരുതെന്ന് ഹൈക്കോടതി വിധിച്ചശേഷം സംസ്ഥാനത്തുണ്ടായ ആദ്യഹര്‍ത്താലാണ് യൂത്ത് കോണ്‍ഗ്രസിന്റേത്. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ചേര്‍ന്നയുടന്‍ ചീഫ് ജസ്റ്റിസ് കേസ് പരിഗണിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി, അഹ്വാനം നല്‍കിയവരെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഡീന്‍ കുര്യാക്കോസിനും കാസര്‍കോട് യുഡിഎഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും നോട്ടിസ് അയച്ചു. ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. 

ഏതുകാരണത്തിന്റെ പേരിലായാലും മിന്നല്‍ ഹര്‍ത്താലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ പ്രഖ്യാപിച്ചത്.  ഇന്നുണ്ടായ അക്രമങ്ങളുടേയും നാശനഷ്ടങ്ങളുടേയും ദൃശ്യങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിയമവിരുദ്ധഹര്‍ത്താലാഹ്വാനങ്ങളുടെ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങളേയും കോടതി ഉപദേശിച്ചു.

ഏതുപാര്‍ട്ട ഹര്‍ത്താലിന് ആഹ്വാനം ചെയ്താലും സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടരുത്. ഇന്നത്തെ ഹര്‍ത്താലില്‍ വിദ്യാര്‍ഥികള‍ക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ല. കോടതിയുത്തരവുകള്‍ ലംഘിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ വകുപ്പുണ്ടോയെന്ന് കോടതി തിരഞ്ഞെടുപ്പുകമ്മിഷനോട് ആരാഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നായിരുന്നു കമ്മിഷന്റെ മറുപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

MORE IN KERALA
SHOW MORE