സകുടുംബം പിണറായി; തിളങ്ങി ഉമ്മൻ ചാണ്ടിയും മമ്മൂട്ടിയും; വിഡിയോ

rohith-chennithala-mariiage
SHARE

രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മറന്ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഒത്തു ചേര്‍ന്ന  ഒരു കല്യാണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍റെ കല്യാണത്തിനാണ്  നേതാക്കളെല്ലാം കൊച്ചിയില്‍ ഒന്നിച്ചത്. 

സകുടുംബമാണ് പ്രതിപക്ഷ നേതാവിന്‍റെ മകനെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയെത്തിയത് . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നടന്‍ മമ്മൂട്ടിയുടെയും സാന്നിധ്യവും കല്യാണ വേദിയിലെ താരത്തിളക്കം കൂട്ടി.

മഹാജനയാത്രയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്ത്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും അങ്കമാലിയിലെ കണ്‍വന്‍ഷന്‍ സെന്‍ററില്‍ കല്യാണം കൂടി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും,കോണ്‍ഗ്രസ് ദേശീയ വക്താവ്, മനീഷ് തിവാരിയും,കര്‍ണാടക കോണ്‍ഗ്രസിലെ കരുത്തന്‍ ഡി.കെ.ശിവകുമാറും സഹപ്രവര്‍ത്തകന്‍റെ മകന്‍റെ കല്യാണത്തിനുണ്ടായിരുന്നു. സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉദ്യോഗസ്ഥ പ്രമുഖരും നിറഞ്ഞതോടെ വിവാഹവേദി കോണ്‍ഗ്രസ് സമ്മേളന വേദി കണക്കെ തിക്കിത്തിരക്കി.

സ്ഥാനമെമ്പാടും നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞ കല്യാണ വേദിയില്‍ തമ്മില്‍ കണ്ടവരെല്ലാം സംസാരിച്ചതും സ്ഥാനാര്‍ഥി നിര്‍ണയത്തെ പറ്റിയായിരുന്നുവെന്നത് മറ്റൊരു കൗതുകം. രമേശ് ചെന്നിത്തലയുടെ മൂത്ത മകനായ രോഹിത് കൊച്ചി വൈറ്റില സ്വദേശിനിയായ ഡോ.ശ്രീജയെയാണ് വിവാഹം കഴിച്ചത്. വിവാഹ സൽക്കാര ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തും, ഹരിപ്പാട്ടും നടക്കും.

MORE IN KERALA
SHOW MORE