സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്

biplav-dev
SHARE

സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് തൃശൂര്‍ ചാവക്കാട്ട്. കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടുള്ള ലോക രാജ്യങ്ങളിലും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും സ്ത്രീകളോട് മോശമായുള്ള പെരുമാറ്റമാണ് അവരുടെ പാരമ്പര്യമെന്ന് അദ്ദേഹം ആരോപിച്ചു. ഭാരതീയ മല്‍സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു ത്രിപുര മുഖ്യമന്ത്രി തൃശൂരില്‍ എത്തിയത്. 

ത്രിപുരയില്‍ സി.പി.എമ്മിനെ തറപ്പറ്റിച്ച ബി.ജെ.പിയുടെ നേതാവാണ് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ എത്തിയപ്പോഴും സി.പി.എമ്മിനെതന്നെ ആക്രമിച്ചായിരുന്നു പ്രസംഗിച്ചത്. സി.പി.എം പറയുന്ന വനിതാ ക്ഷേമവും നവോത്ഥാനത്തേയും അദ്ദേഹം പരിഹസിച്ചു. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. സ്ത്രീകളുടെ ഉന്നമനത്തിനായി നിലക്കൊള്ളുന്നുവെന്ന് സി.പി.എമ്മുകാര്‍ പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആരാണ് നയിക്കുകയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. ഒരിക്കല്‍ക്കൂടി ഇന്ത്യ  ഭരിക്കുമെന്ന് പറഞ്ഞാണ് ത്രിപുര മുഖ്യമന്ത്രി ചാവക്കാട്ട് നിന്ന് മടങ്ങിയത്. 

MORE IN KERALA
SHOW MORE