'കെവിൻ മരിക്കുന്നതുവരെ അവർ കാത്തുനിന്നു; തീർന്നു എന്ന് സാനുവിന്റെ സന്ദേശം'

kevin-murder-case-14
SHARE

കെവിൻ വധക്കേസിനെ ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് നാലാം കോടതിയിൽ പ്രാഥമിക വാദം തുടങ്ങി. കെവിനെ കൊലപ്പെടുത്തണം എന്നുതന്നെയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ‌ കോടതിയിൽ വാദിച്ചു. 

നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടു പോയതെന്നും ആറ്റിൽ വീഴ്ത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതിയെ അറിയിച്ചു.

കെവിൻ മുങ്ങി മരിച്ചതാവില്ല, മുക്കിക്കൊന്നതാവുമെന്ന്  സാഹചര്യത്തെളിവുകൾ തെളിയിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നീന്തൽ അറിയാവുന്ന കെവിൻ ചാലിയക്കരയിലെ പുഴയിൽ അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യതയില്ല. കാറിൽ നിന്നിറങ്ങി ഓടിയ കെവിനെ പിന്തുടർന്ന പ്രതികൾ കെവിൻ മരിക്കുന്നതു വരെ കാത്തുനിന്നുവെന്നതിനു തെളിവുണ്ട്. കൊലപാതക തുല്യമായ മുങ്ങിമരണം എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

നീനുവിന്റെ സഹോദരൻ സാനു അയൽവാസി ലിജോയ്ക്ക് അയച്ച സന്ദേശത്തിൽ ‘അവനെ (കെവിനെ) കൊല്ലാം. ഞാൻ ചെയ്തോളം’ എന്നുണ്ട്. ‘കെവിൻ തീർന്നു’ എന്നു സാനു പിന്നീട് ലിജോയ്ക്ക് സന്ദേശം അയച്ചു. നീനുവിനെ വിട്ടു തന്നില്ലെങ്കിൽ കെവിനെ കൊല്ലുമെന്ന് കെവിന്റെ സുഹൃത്ത് അനീഷിനോടും പറഞ്ഞു – ഇത്രയും കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

MORE IN KERALA
SHOW MORE