പണമാണ് ലക്ഷ്യമെങ്കിൽ ഡോക്ടറായി ഇരുന്നേനെ; അന്ന് രേണു പറഞ്ഞത്; ഇന്ന് കയ്യടി

ranu-raj
SHARE

ടിവി അനുപമ, ചൈത്ര തെരെസ ജോൺ... ഇവരിലേക്ക് കണ്ണിചേരുകയാണ് രേണുരാജ് എന്ന യുവ ഐഎഎസുകാരിയും. ഒരേ കാരണത്തിന്‍റെ പേരിലാണ് ഇവർ ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. 

അഞ്ചുവർഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാർഥികളും. പതിവുചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാൽ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.  രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ മറുപടിയെത്തി. 

പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതൽ ലാഭകരം. സിസ്റ്റത്തിനൊപ്പം നിൽക്കുകയും വ്യക്തിപരമായ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നിൽ വരേണ്ടി വരില്ല.

അഞ്ചു വർഷത്തിനു ശേഷം ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രസക്തി നേടുകയാണ് രേണുവിന്‍റെ അന്നത്തെ വാക്കുകൾ. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകൾ എന്ന് ഇന്നു വ്യക്തമാകുന്നു. തെറ്റിനെ എതിർക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ ശരിയ്ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദർശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവർ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

മുൻപു ജോലിചെയ്ത എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു ഇടുക്കി രേണുവിന്. സബ് കലക്ടർമാരെ നിലം തൊടാൻ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടർമാർ. ഏറ്റവുമൊടുവിൽ വി.ആർ. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായി കഴിഞ്ഞവർഷം നവംബറിൽ എത്തിയത്. ഭൂമി കയ്യേറ്റങ്ങളും അവയ്ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്. ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാർക്കെതിരെ നിലപാടെടുത്താൽ, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താൽ രാഷ്ട്രീയക്കാർ അവർക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം. അഞ്ചു ദിവസം മാത്രം സബ് കലക്ടറായി ഇരുന്നവർ പോലുമുണ്ടായിട്ടുണ്ട് ഇടുക്കിയില്‍.

അങ്ങനെയൊരു സ്ഥലത്ത് എത്തിയിട്ടും മുൻഗാമികളിൽ നിന്നു പാഠം പഠിച്ച്, സ്വന്തം കസേര സുരക്ഷിതമാക്കുകയല്ല രേണു ചെയ്തത്, ആദർശത്തിലൂന്നിയ ധൈര്യത്തിന്‍റെ മൂന്നാറിലെ അനധികൃത നിർമാണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുമായി അവർ മുന്നോട്ടുപോകുന്നത്.

MORE IN KERALA
SHOW MORE