ലോക്സഭാ പോരിനിറങ്ങിയ മുന്‍ മുഖ്യമന്ത്രിമാര്‍; തോല്‍വിയറിഞ്ഞത് രണ്ടുപേര്‍: ആ കഥ

cm-kerala.
SHARE

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോക്സഭയിലേക്ക് മല്‍സരിക്കുമോ എന്ന ചോദ്യം സജീവ ചര്‍ച്ചയാകുമ്പോള്‍,ലോക്സഭയിലേക്ക് മല്‍സരിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ചരിത്രം പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. 12 മുന്‍ മുഖ്യമന്ത്രിമാരില്‍ ലോക്സഭാ പോരാട്ടത്തിന് ഇറങ്ങിയത് അഞ്ചുപേര്‍ മാത്രം. അവരില്‍ ഒരിക്കലെങ്കിലും തോല്‍വിയറിഞ്ഞത് രണ്ടുപേര്‍.

കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് അടക്കം ഏഴ് മുന്‍മുഖ്യമന്ത്രിമാരും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഗോദയില്‍ ഇറങ്ങാത്തവരാണ്. ഇ.എം.എസ്, ആര്‍.ശങ്കര്‍, സി. അച്യുതമേനോന്‍, എ.കെ.ആന്‍റണി, ഉമ്മന്‍ ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ ലോക്സഭയിലേക്ക് മല്‍സരിച്ചിട്ടില്ല.  ഇവരില്‍ സി.അച്യുതമേനോന്‍ , എ.കെ.ആന്‍റണിയും  രാജ്യസഭയിലെത്തിയിട്ടുണ്ട്.  

P K Vasudevan Nair P K Vasudevan Nair

മുഖ്യമന്ത്രിയാകുന്നതിന് മുന്‍പും  ശേഷവും ലോക്സഭയിലേക്ക് മല്‍സരിച്ചത് പി.കെ.വാസുദേവന്‍ നായരാണ്. മല്‍സരിച്ച നാലുതവണയും പികെവി ജയിച്ചു. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആദ്യ മല്‍സരത്തിലായിരുന്നുവെങ്കില്‍ അവസാന മല്‍സരത്തിലാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടിയത്. 1957 ല്‍ തിരുവല്ലയില്‍ കോണ്‍ഗ്രസിലെ പി.എസ്. ജോര്‍ജിനെ 3607 വോട്ടിന് തോല്‍പിച്ചു. 1962 ല്‍ അമ്പലപ്പുഴയില്‍ പി.എസ്.പിയിലെ ബേബി ജോണിനെ 11,233 വോട്ടുകള്‍ക്ക് തോല്‍പിച്ചു.  1967 ല്‍ പീരുമേട് മണ്ഡ‍ലത്തില്‍ സ്വതന്ത്ര പാര്‍ട്ടി സ്ഥാനാര്‍ഥിയായ പി.ഡി.തൊമ്മനെ 42, 466 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. 1978 ഒക്ടോബര്‍ 29 മുതല്‍ 1979 ഒക്ടോബര്‍ 7 വരെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. പിന്നീട് 2004ല്‍ ആണ് അദ്ദേഹം ലോക്സഭയിലേക്ക് വീണ്ടും മല്‍സരിക്കുന്നത്. കോണ്‍ഗ്രസിലെ വി.എസ്.ശിവകുമാറും ബിജെപിയിലെ ഒ.രാജഗോപാലും ഉള്‍പ്പെട്ട ത്രികോണമല്‍സരത്തില്‍ പി.കെ.വി. 54, 603 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ശിവകുമാറാണ് രണ്ടാമതെത്തിയത്.  

നാലു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ 1996 ലാണ് ആദ്യമായി ലോക്സഭയിലേക്ക് മല്‍സരിക്കുന്നത്.ആദ്യവട്ടം തന്നെ കാലിടറി. തൃശൂരില്‍ സി.പി.ഐയിലെ വി.വി രാഘവനോട് 1480 വോട്ടിന് തോറ്റു. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍,  തന്നെ മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തി എന്ന കരുണാകരന്‍റെ ശ്രദ്ധേയമായ പ്രസ്താവന ഈ തോല്‍വിയെത്തുടര്‍ന്നായിരുന്നു. 1998ല്‍ തിരുവനന്തപുരത്തുനിന്നും 1999ല്‍ മുകുന്ദപുരത്തുനിന്നും കരുണാകരന്‍ ജയിച്ചുകയറി. 

തിരുവനന്തപുരത്ത് സി.പി.ഐയിലെ കെ.വി.സുരേന്ദ്രനാഥിനെ 15, 398 വോട്ടുകള്‍ക്കും മുകുന്ദപുരത്ത് ഇ.എം.എസിന്‍റെ മകന്‍ ഇ.എം.ശ്രീധരനെ 52, 463 വോട്ടുകള്‍ക്കുമാണ് തോല്‍പിച്ചത്. 

kkarunakaran

മുന്‍ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയ 1962ല്‍ കോഴിക്കോട്ടുനിന്നാണ് ലോക്സഭയിലേക്ക് മല്‍സരിച്ചത്. സി.പി.ഐയിലെ മഞ്ജുനാഥ റാവുവിനോട് കഷ്ടിച്ചാണ് അദ്ദേഹം ജയിച്ചത്,  വെറും 763 വോട്ടുകളുടെ ഭൂരിപക്ഷം. 1967 ല്‍   ഇ.കെ.നായനാര്‍  പാലക്കാട്ടുനിന്ന് ലോക്സഭയിലേക്ക് മല്‍സരിച്ചു. കോണ്‍ഗ്രസിലെ സി.എസ്.ദേവനെ തോല്‍പിച്ചത് 67, 358 വോട്ടുകള്‍ക്ക്.  

1957ല്‍ ഒന്നാം കേരള നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയമാണ് തിരഞ്ഞെടുപ്പ് നടന്നത്.  മുന്‍ മുഖ്യമന്ത്രി പട്ടംതാണുപ്പിള്ള നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയം മല്‍സരിച്ചു. തിരുവനന്തപുരം– 2 നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐയിലെ അനിരുദ്ധനെ അദ്ദേഹം തോല്‍പിച്ചെങ്കിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഈശ്വര അയ്യരോട് തോറ്റു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.