ഓമനയുടെ കുട പ്രതിയുടെ വീട്ടിൽ; കട്ടിലിനടിയിൽ മൃതദേഹം; മാത്തൂരിനെ നടുക്കിയ കൊല

omana-murder-case
SHARE

പാലക്കുകാടി കുഴൽമന്ദത്തിനു സമീപം ചുങ്കമന്ദത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽപെ‍ാതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. അയൽവാസി ഷൈജുവിന്റെ വീട്ടിൽ നിന്നു നാട്ടുകാരും പെ‍ാലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരെ കുഴൽമന്ദം പെ‍ാലീസ് കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ കവർച്ചചെയ്യാനാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

സ്ഥിരം കാണുന്നവർ കൊലയാളികളായോ എന്ന ആഘാതത്തിലാണു നാട്. അതേസമയം എല്ലാം ആസൂത്രിതമെന്നു പൊലീസ് പറയുന്നു. നാട്ടിൽ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന സഹദേവന്റെ ഭാര്യ ഓമനയെ കാണാതായ വിവരം ക്ഷണനേരം കൊണ്ടു പരന്നതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. കൂട്ടത്തിൽ അറസ്റ്റിലായ മുഖ്യപ്രതികളും ഉണ്ടായിരുന്നു. വിവരം ലഭിച്ചതോടെ കുഴൽമന്ദം പൊലീസും തിരച്ചിൽ ഊർജിതമാക്കി

ഇന്നലെ പുലർച്ചെ മുതൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ ഓമന ഉപയോഗിക്കുന്ന കുട അറസ്റ്റിലായ പ്രതി ഷൈജുവിന്റെ വീടിനു മുന്നിൽനിന്നു കണ്ടെത്തിയതോടെ സംശയ മുന ഇവരിലേക്കു നീണ്ടു. ആദ്യം വീടു പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദ പരിശോധന നടത്തിയപ്പോൾ കട്ടിലിനടിയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കാലിൽ തടഞ്ഞു. ഇതോടെ മുഖ്യപ്രതികളായ ഷൈജുവിനെയും വിജീഷിനെയും കസ്റ്റഡിയിലെടുത്തു.

ആലത്തൂർ ഡിവൈഎസ്പി പി.എ. കൃഷ്ണദാസ്, കുഴൽമന്ദം ഇൻസ്പെക്ടർ എ.എം. സിദിഖ്, എസ്ഐ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തി‍ൽ മുൻവൈരാഗ്യം ഉണ്ടോയെന്നും പരിശോധിക്കുന്നു. പി.കെ. ബിജു എംപി, ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തി. വൻജനാവലിയും സ്ഥലത്തെത്തിയതോടെ മൃതദേഹം ഒളിപ്പിച്ച വീടും പരിസരവും പൊലീസ് വടംകെട്ടി തിരിച്ചു. ശാസ്ത്രീയ പരിശോധനയും നടത്തി.

മൃതദേഹം കണ്ടെത്തിയ വീടിനു പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയിട്ടുണ്ട്. ഇതു മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളാനാണെന്നു സംശയിക്കുന്നു. പ്രതികളുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെൽപാടം. രാവിലെയും വൈകിട്ടും ഇവർ പാടത്തെത്തും. പ്രതികൾക്കു കൃത്യമായി ഇതറിയാം.

മരുമകൾ ഗൃഹപ്രവേശത്തിനു പോയ വിവരവും പ്രതികൾക്കു ലഭിച്ചതായി സംശയിക്കുന്നു. ഓമന ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി ആരോഗ്യ പരിശോധന നടത്തിയ ശേഷമാണു പാടത്തേക്കിറങ്ങിയത്. പ്രതികളുടെ വീടിനപ്പുറം മറ്റു വീടുകളില്ല. ഇവിടെ വച്ചാകാം കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തോട്ടിൽ തള്ളാനും പ്രതികൾ ആലോചിച്ചിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE