ചെറിയ ശബ്ദം കേട്ടാൽ പോലും വിരണ്ടേക്കും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക്

ramachandran-life-elephant
SHARE

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉൽസവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ടുദിവസം മുൻപ് വിരണ്ടോടിയ ആനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡോക്ടർമാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാൻ പാടുള്ളൂ എന്നാണ് വനം വകുപ്പിന്‍റെ നിര്‍ദേശം. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനം.

ആനക്കമ്പക്കാരുടെ ആറാംതമ്പുരാനും നരസിംഹവും അങ്ങനെ എല്ലാമെല്ലാമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ആനയ്ക്ക് പുറകില്‍ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാന്‍ കാരണം. സമീപത്തു നില്‍ക്കുകയായിരുന്നു ബാബുവിനെ ആന ചവിട്ടുകയായിരുന്നു. ഇതിന് മുൻപും ഇത്തരത്തിൽ ജീവനെടുക്കുന്ന സംഭവത്തിൽ രാമചന്ദ്രൻ കുപ്രസിദ്ധനാണ്.

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്നലെ മരിച്ച രണ്ടുപേരുൾപ്പെടെ 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞോടിയതിനിടെ ഇതുവരെ മരണപ്പെട്ടത്. 2013ൽ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചിരുന്നു. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. പിന്നീട് അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെയാണ് രാമചന്ദ്രൻ കൊലപ്പെടുത്തിയത്.

തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമൻ എത്തുമ്പോഴാണ് എന്ന് ആനപ്രേമികൾ‌ അടക്കം പറയാറുണ്ട്. എന്നാൽ ഇൗ പ്രായത്തിനും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്.വലിയ തുകയ്ക്കാണ് രാമചന്ദ്രൻ ഉൽസവത്തിനെത്തുന്നത്. ആന വന്നിറങ്ങുന്നത് മുതൽ ആരാധകരും നാട്ടുകാരും ഇവനൊപ്പം കൂടുന്നതും പതിവാണ്. ഇത്തരത്തിലുള്ള ഒട്ടേറെ വിഡിയോകൾ സോഷ്യൽ ലോകത്ത്  വൈറലാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.