പരിശോധനയില്ലാതെ നിയമങ്ങള്‍ പാലിക്കുന്ന സമൂഹമാണ് ലക്ഷ്യമെന്ന് മന്ത്രി

ak-1
SHARE

പരിശോധനയില്ലാതെ തന്നെ ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന തരത്തിലേക്ക് സമൂഹത്തെ എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. നല്ല റോഡുകളിലൂടെ അമിത വേഗതയില്‍ പായുന്നതാണ് അപകടത്തിനിടയാക്കുന്നത്. ബോധവല്‍ക്കരണത്തിനൊപ്പം പരിശോധനയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗതാഗതമന്ത്രി.

നിയമലംഘനങ്ങള്‍ കാരണം വന്‍തുക പിഴയിനത്തില്‍ സര്‍ക്കാരിന് കിട്ടുന്നുണ്ട്. അങ്ങനയെങ്കില്‍ അമിതവേഗവും അപകടങ്ങളും തുടരട്ടെ എന്ന് കരുതുന്നില്ല. കൃത്യമായ ബോധവല്‍ക്കരണവും ശരിയായ പരിശോധനയും ഉറപ്പാക്കി ഇത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നത്. റോഡുകള്‍ മോശമാകുമ്പോള്‍ അപകടം കൂടുന്നു എന്നതാണ് പരാതി. എന്നാല്‍ മികച്ച റോഡുകളില്‍ യുവാക്കളുള്‍പ്പെടെ അമിത വേഗതയെടുക്കുന്നതാണ് പലപ്പോഴും ജീവനുകള്‍ പൊലിയാന്‍ ഇടയാക്കുന്നത്. 

മോട്ടോര്‍ വാഹനവകുപ്പിന്റെ അന്‍പത്തി മൂന്ന് പുതിയ സ്ക്വാഡുകള്‍ കൂടി അടുത്തമാസത്തോടെ നിരത്തിലുണ്ടാകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സഞ്ജയ്കുമാര്‍ ഗുരുദിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

MORE IN KERALA
SHOW MORE