ഇടുക്കിയില്‍ കര്‍ഷക മരണം കൂടുന്നു; രണ്ടുമാസത്തിനിടെ മൂന്ന് ആത്മഹത്യ

farmers-sucide
SHARE

കടബാധ്യതയെത്തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ കൂടുന്നു. ജപ്തിഭീഷണി കാരണം രണ്ടുമാസത്തിനിടെ മൂന്ന് കര്‍ഷകരാണ് ജില്ലയില്‍ ആത്മഹത്യചെയ്തത്. വായ്പാതിരിച്ചടവിന് ധനകാര്യസ്ഥാപനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാണ്.  

കടക്കെണിയെ തുടര്‍ന്ന് തോപ്രാംകുടി മേരിഗിരി സ്വദേശി സന്തോഷും, മകന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ചെമ്പകപ്പാറ സ്വദേശി സഹദേവനും ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് അടിമാലി ആനവിരട്ടിയില്‍ സാമ്പത്തിക ബാധ്യത ഭയന്ന് 62 കാരനായ രാജുവും ജീവന്‍ ഒടുക്കിയത്.

അടിമാലിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും രാജു ഏതാനും നാളുകള്‍ക്ക് മുമ്പ് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.   വായ്പ തിരിച്ചടവിനുള്ള സമ്മര്‍ദ്ദം ഏറിയതിനിടയിലാണ് അപ്രതീക്ഷിതമായി രാജു ജീവന്‍ അവസാനിപ്പിച്ചത്. 

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നതായുള്ള ആത്മഹത്യകുറിപ്പ് രാജുവിന്റെ വസ്ത്രത്തില്‍ നിന്നും പോലീസ് കണ്ടെടുത്തതായാണ് സൂചന. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ജീവന്‍ അവസാനിപ്പിക്കുന്നവരുടെ എണ്ണം ഏറിയ സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാകുകയാണ്.

പ്രളയ ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊററ്റോറിയം അവസാനിക്കാന്‍ ആറ് മാസം ബാക്കി നില്‍ക്കെ വായ്പ തിരിച്ചടവിന് ധനകാര്യസ്ഥാപനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച് നെടുംകണ്ടതു വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

MORE IN KERALA
SHOW MORE