ആന്‍റണിക്കെതിരായ കെഎസ‍്‍യു പ്രമേയം; നേതാക്കൾക്ക് അതൃപ്തി; ചര്‍ച്ചച്ചൂട്

AK-Antony-1
SHARE

എ.കെ.ആന്‍റണിക്കെതിരായ കെഎസ‍്‍യു പ്രമേയത്തിൽ അസ്വസ്ഥരായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. പരസ്യമായ വിഴുപ്പലക്കലിനെ ഗൗരവമായി കാണുമെന്ന്  എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ആന്‍റണിയെ ആക്ഷേപിക്കാൻ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നവരെ കാലം തിരിച്ചറിയുമെന്നായിരുന്നു മുൻ മന്ത്രി കെ.ബാബുവിന്റെ പ്രതികരണം.

കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം തലവനായി എ.കെ.ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെത്തിയതിനെ പരോക്ഷമായി വിമർശിച്ച് കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയമാണ്  ആന്റണിയോട് അടുത്തു നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. മുൻ   കെ എസ് യു പ്രസിഡൻറും  എ ഐ സി സി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലാണ് എ.കെ.ആൻറണിയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത്.

മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതിൽ ആൻറണിക്ക് പങ്കില്ലെന്ന വിശദീകരണമാണ്  കെ.ബാബു ഫെയ്സ് ബുക്കിൽ കുറിച്ചത്. ഐ ടി വിദഗ്ധനായ അനിലിനെ കെ പി സി സി പ്രസിഡൻറ് നേരിട്ടാണ് ഡിജിറ്റൽ മീഡിയ തലവനാക്കിയതെന്നും  ബാബു വിശദീകരിക്കുന്നു. അതേ സമയം, പ്രമേയം അവതരിപ്പിച്ച കെ എസ് യു നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പല മുതിർന്ന കോൺഗ്രസ് നേതാക്കളും എറണാകുളം ഡി സി സി നേതൃത്വത്തിനു മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു നേതാവിന്റെ   പോലും പേരെടുത്ത് വിമർശിക്കാത്ത പ്രമേയത്തിന്റെ പേരിൽ  അച്ചടക്ക നടപടി സാധ്യമല്ലെന്ന നിലപാടിലാണ് ഡി സി സി നേതൃത്വം.

MORE IN KERALA
SHOW MORE