മാലപറിച്ച് കടന്ന ആ കള്ളനെ കുടുക്കിയത് എങ്ങനെ?: ആ 'സാധു' പൊലീസുകാരന്‍ പറയുന്നു

tvm-police-chain-robery
SHARE

തിരുവനന്തപുരം പൂജപ്പുരയില്‍ സ്കൂട്ടറിലെത്തി വൃദ്ധയുടെ മാലപറിച്ച് കടന്ന് കളഞ്ഞ കള്ളനെ കുടുക്കിയത് എങ്ങനെ...? കള്ളനെ കുടുക്കിയ പൊലീസുകാരെ ആദരിക്കാനായി പൊലീസും റസിഡന്‍സ് അസോസിയേഷനുകളും യോഗം വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഇതായിരുന്നു. അങ്ങിനെ ചോദിക്കാനും ചില കാരണങ്ങളുണ്ട്. പൂജപ്പുര സ്വദേശി സജീവാണ് മാലക്കള്ളന്‍. നല്ല ഒത്തപൊക്കവും വണ്ണവുമുള്ളയാളാണ് സജീവ്. പിടിച്ചത് തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍, കഷ്ടിച്ച് അഞ്ചരയടി പൊക്കവുമായി മെലിഞ്ഞ് ഒരു സാധു മനുഷ്യന്‍. ഈ വ്യത്യാസമായിരുന്നു വലിയ കള്ളനെ ചെറിയ പൊലീസ് എങ്ങിനെ കീഴടക്കിയെന്ന കൗതുകത്തിന്റെ അടിസ്ഥാനം.

സിറ്റി പൊലീസ് നല്‍കിയ ആദരമെല്ലാം ഏറ്റുവാങ്ങിയ ശേഷം ബിജുകുമാര്‍ ആ കഥ പറഞ്ഞു. അത് ഇങ്ങിനെ: പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലമോഷ്ടിച്ച് സജീവ് സ്കൂട്ടറില്‍ നേരെയെത്തിയത് തിരുവനന്തപുരം നഗരത്തിലെ കനകക്കുന്നിലേക്ക്. അവിടെ പാര്‍ക്കിങ് ഏരിയായില്‍ സ്കൂട്ടര്‍ വച്ചു. ഇതിനിടെ തന്നെ മോഷണത്തിന്റെ സി.സി.ടി. വി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും സ്കൂട്ടറിന്റെ നമ്പര്‍ സഹിതം വയര്‍ലെസ് വഴി എല്ലായിടത്തേക്കും കൈമാറുകയും ചെയ്തിരുന്നു. മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്ന ബിജുകുമാറിനും സ്കൂട്ടറിന്റെ നമ്പര്‍ കിട്ടി. വെറുതേ ഒരു കൗതുകത്തിന് കനകക്കുന്ന് പാര്‍ക്കിങ് ഏരിയായില്‍ തിരഞ്ഞു. അതേ നമ്പറിലെ സ്കൂട്ടര്‍ കണ്ടു. അവിടെ കാത്ത് നിന്നു. 

കുറച്ച് കഴിഞ്ഞപ്പോള്‍ സജീവെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താന്‍ ഒറ്റക്ക്, ബലം പ്രയോഗിച്ച് പിടികൂടുന്നത്  ബുദ്ധിമോശമാവും. അതുകൊണ്ട് എങ്ങിനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ശ്രമം. സ്കൂട്ടര്‍ നോ പാര്‍ക്കിങ് ഏരിയായിലാണെന്നും അതിനാല്‍ സ്റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു. ആ തന്ത്രത്തില്‍ സജീവ് വീണു. സ്റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാന്‍ പോലും സാധിച്ചില്ല. അങ്ങിനെ ഒന്നല്ല, നാല് കേസുകളില്‍ സജീവ് അകത്തായി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.