ഇനി പ്രായം 48 ആണെങ്കിൽ നിങ്ങൾക്കെന്താ? അപഹസിക്കുന്നവരോട് അവർക്ക് പറയാനുളളത്

juby-anoop-sebastain
SHARE

ഞങ്ങൾ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. അവളേക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട് എനിക്ക്. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട്– രോഷത്തോടെ അനൂപ് പറയുന്നു. 

‘ഞങ്ങൾക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങൾക്കെന്താ സദാചാരക്കാരേ? ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് 18 വയസ്സ് തികഞ്ഞാൽ മതി, പുരുഷൻമാർക്ക് 21. അതിൽ കൂടുതൽ ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും ’– സമൂഹമാധ്യമങ്ങളിൽ വേട്ടയാടിവരെ വെറുതെ വിടാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് അനൂപും ജൂബിയും. 

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.'' ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിന്റെയും  ഫോട്ടോ വെച്ച്  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികൾ തന്നെ സ്ഥിരീകരിച്ചു. 

കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജൂബിയേക്കാൾ രണ്ട് വയസ്സിന് മുതിർന്നയാളാണ് അനൂപ്‌. ജൂബിക്ക് 45 വയസ്സും അനൂപിന് 25 വയസ്സും ആണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയർപോർട്ട് മാനേജ്മെൻറ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തിൽ ജീവനക്കാരിയാണ്.

ഞങ്ങൾ ഇണയെത്തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല’. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻതൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാൻ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരിൽ വിവാഹപരസ്യം നൽകിയത്. എന്നാൽ, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണു ചിലർ ദുഷ്പ്രചാരണം നടത്തിയത്. 

നാലു വർഷം മുൻപാണ്  ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട്  29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. ‘ചെറുപ്പം മുതലേ അൽപം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോൾ അൽപം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചത്.

പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെൺകുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓർക്കാതെ പ്രചരിപ്പിച്ചവർ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളർന്നിരിക്കാൻ ‍ഞങ്ങളില്ല.  ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ കാത്തിരിക്കുകയായിരുന്നു. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ തന്നെയാണു തീരുമാനം’. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇത്തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് സ്റ്റേഷനിലോ കോടതിയിൽ നേരിട്ടോ പരാതി നൽകാം. കുറ്റക്കാർക്ക് രണ്ടു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

MORE IN KERALA
SHOW MORE