‘ഒറ്റതിരിഞ്ഞ്’ വേട്ടയാടുന്നതാര്..?; എ.പത്മകുമാര്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം

padmakumar-fulltext
SHARE

ശബരിമല കേസില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ മലക്കംമറിഞ്ഞതിനു പിന്നാലെ ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാറിനെ മാറ്റാന്‍ നീക്കം. പത്മകുമാറിനെ അറിയിക്കാതെയാണ് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയത്. യുവതീപ്രവേശത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് തീരുമാനത്തെച്ചൊല്ലി പ്രസിഡന്റും കമ്മിഷണറും തമ്മില്‍ തര്‍ക്കവും ഉടലെടുത്തു. ഈ സാഹചര്യത്തില്‍ എ.പത്മകുമാര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പൂര്‍ണരൂപം വായിക്കാം:   

പ്രസിഡന്റിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയും നിലവില്ല. ദേവസ്വംബോര്‍ഡ് സാവകാശഹര്‍ജി കൊടുക്കാനാണ് നിശ്ചയിച്ചിരുന്നത്. സാവകാശഹര്‍ജി കൊടുക്കുമ്പോള്‍ എന്താണ് പ്രശ്നം... നമ്മള്‍ പറഞ്ഞു, ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യേകസാഹചര്യങ്ങളുണ്ട്. ആ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അങ്ങനെ ആവശ്യപ്പെടാനാണ് പറഞ്ഞിട്ടുള്ളത്. 

ഞങ്ങള്‍ അന്ന് കൊടുത്ത അഫിഡവിറ്റ് അതുപോലെ നിലനില്‍ക്കുകയാണ്. ഇന്നലെ പത്രമാധ്യമങ്ങളില്‍ വന്ന പലതും ശരിയല്ല എന്നാണ് മനസിലാക്കുന്നത്. കാരണം ആകപ്പാടെ വക്കീലിന് മൂന്നുമിനിറ്റാണ് കിട്ടിയത്. ആ സമയത്ത് കോടതി ചോദിച്ചത് സെപ്തബര്‍ 28 ലെ വിധി അംഗീകരിക്കുന്നുണ്ടോ എന്നാണ്. അംഗീകരിക്കുന്നുണ്ട് എന്ന് സ്വാഭാവികമായി പറഞ്ഞു എന്നാണ് മനസിലാക്കുന്നത്.

എന്തായാലും ദേവസ്വം കമ്മിഷണര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കോണ്‍സലും ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. അവിടെയുണ്ടായ സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേപ്പറ്റി റിപ്പോര്‍ട്ട് എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്.

കമ്മിഷണര്‍ തിരുവനന്തപുരത്തെത്തും. അദ്ദേഹം തിരുവനന്തപുരത്ത് പറയട്ടെ എന്നാണ് പറഞ്ഞിട്ടുള്ളത്. നേരിട്ട് കണ്ടയാളെന്ന നിലയില്‍ അദ്ദേഹത്തിന് പറയാന്‍ കഴിയും. വാര്‍ത്തകള്‍ പലതും ശരിയല്ലെന്നാണ് കമ്മിഷണര്‍ പറഞ്ഞിട്ടുള്ളത്. നമ്മളെ സംബന്ധിച്ചിടത്തോളം ആശങ്കയുടേയോ പ്രതിസന്ധിയുടേയോ പ്രശ്നമില്ല. പ്രതിസന്ധി ഉണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. 

ദേവസ്വംബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ കാണാന്‍ കഴിയണം. അതോടൊപ്പം തന്നെ ഭരണഘടനയെ മുന്‍നിര്‍ത്തി കാണാനും കഴിയണം. ഇത് രണ്ടും മുന്‍കൂട്ടി കണ്ടുമാത്രമേ ദേവസ്വംബോര്‍ഡിന് മുന്നോട്ടുപോകാന്‍ കഴിയൂ. 

ഈ പ്രശ്നങ്ങള്‍ മനസിലാക്കിയിട്ടുവേണം ഈ കേസില്‍ ഇടപെടാന്‍ എന്നാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. കൂടുതലായി നമ്മുടെ വാദങ്ങള്‍ എഴുതിക്കൊടുക്കാന്‍ ഏഴുദിവസം അനുവദിച്ചിട്ടുണ്ട്. ദേവസ്വംബോര്‍ഡ് കമ്മിഷണറും സ്റ്റാന്‍ഡിങ് കോണ്‍സലും നാളെ കാണുന്നുണ്ട്. അതിനുശേഷമേ കാര്യങ്ങള്‍ ഫൈനലൈസ് ചെയ്ത് പറയാന്‍ കഴിയൂ. 

ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ല. ആദ്യഘട്ടത്തില്‍ കൊടുത്തിരുന്ന പഴയ ബോര്‍ഡിന്റെ സത്യവാങ്മൂലമാണ് ഉണ്ടായിരുന്നത്. അതില്‍ കൃത്യമായി പറയാനുള്ളതെല്ലാം പറഞ്ഞിരുന്നു. അപ്പോള്‍ സുപ്രീംകോടതി പറഞ്ഞു യുവതികള്‍ക്ക് പ്രവേശിക്കാമെന്ന്. അവിടുന്നാണ് ഇപ്പോള്‍ തുടങ്ങുന്നത്. 

സെപ്തംബര്‍ 28ലെ വിധി ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ദേവസ്വംബോര്‍ഡ് അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. സ്വാഭാവികമായും വിധി അംഗീകരിക്കുന്നു എന്ന് പറഞ്ഞു. അതിനുശേഷമുള്ള കാര്യങ്ങളാണ് നടപ്പാക്കാനുള്ള സാവകാശം ഉള്‍പ്പെടെയുള്ളവ. അല്ലാതെ വേറെ ക്രൈസിസിന്റെ പ്രശ്നമില്ല. എന്താണ് കോടതിയില്‍ സംഭവിച്ചതെന്ന് ഞങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. ഇതേപ്പറ്റി റിപ്പോര്‍ട്ട് കിട്ടേണ്ടതായുണ്ട്. ദേവസ്വംബോര്‍ഡ് കമ്മിഷണറോട് മാധ്യമങ്ങളെ കാണാന്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഞാന്‍ പ്രതികരിക്കാം. 

ചോദ്യം : പ്രസിഡന്റുമായി ഇക്കാര്യത്തില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായോ ?

ഇല്ല. കമ്മിഷണര്‍ പറ​ഞ്ഞശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. അഭിഭാഷകരോടും സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരോടും പറഞ്ഞത് പൊതുതാല്‍പര്യം സാവകാശഹര്‍ജിയാണ് എന്നാണ്. അതിന്റെ ഭാഗത്തുനിന്നുള്ള വാദങ്ങളാണല്ലോ വേണ്ടത്. അതിനാണ് കമ്മിഷണറേയും സ്റ്റാന്‍ഡിങ് കോണ്‍സലിനേയും ചുമതലപ്പെടുത്തിവിട്ടത്. എന്താണ് സംഭവിച്ചതെന്നുള്ളത് വരട്ടെ. പിന്നീട് പ്രതികരിക്കാം.

ചോദ്യം : കമ്മിഷണര്‍ കാലാവധി കഴിഞ്ഞും തുടരുന്നതിനെക്കുറിച്ച്

ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ കാലാവധി രണ്ടുവര്‍ഷമാണ്. നവംബര്‍ പതിനാലിന് ഞാന്‍ മാറണം. ദേവസ്വംബോര്‍ഡിന്റെ കാര്യത്തില്‍ രണ്ടുവര്‍ഷം കാലാവധി തന്നെ കൂടുതലാണ് എന്നാണ് എന്റെ അഭിപ്രായം. 

കമ്മിഷണര്‍ കഴിഞ്ഞമാസം മുപ്പത്തൊന്നിന് മാറേണ്ടതായിരുന്നു. പുതിയ നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കാറായ വിവരം സര്‍ക്കാരിനെ അറിയിക്കണം. അതനുസരിച്ച് ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നിയമബിരുദം ഉള്ള ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ ഉണ്ടെങ്കില്‍ കമ്മിഷണര്‍ പദവിയെ പ്രൊമോഷന്‍ വേക്കന്‍സിയായി കാണണമെന്നാണ് ബോര്‍ഡ് നിലപാട്. ഇക്കാര്യം സര്‍ക്ക‍ാരും നിയമസഭയും അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ ബോര്‍ഡില്‍ യോഗ്യതയുള്ളവരുണ്ടെങ്കില്‍ അവരെയോ ഇല്ലെങ്കില്‍ സര്‍ക്കാരില്‍ അഡഷണല്‍ സെക്രട്ടറി റാങ്കിലുള്ളവരേയോ പ്രൊമോട്ട് ചെയ്യണം. ഇത്തവണ ആളുണ്ടായിരുന്നില്ല. ഇക്കാര്യം സര്‍ക്കാരിന് എഴുതി. 

ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ ബോര്‍ഡിന് കടുത്ത വിയോജിപ്പുണ്ട്. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മൂന്നുപേരുള്‍പ്പെട്ട പാനല്‍ സമര്‍പ്പിക്കാനും ബോര്‍ഡ് പതിനഞ്ചുദിവസത്തിനകം മുന്‍ഗണനാക്രമം നിശ്ചയിക്കാനും നിര്‍ദേശിച്ചു. 

ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ ആജീവനാന്ത പദവിയല്ല. ബോര്‍ഡ് അംഗങ്ങളുടേതും ആജീവനാന്തപദവിയല്ല. ആരും അങ്ങനെ ഇരിക്കാന്‍ ആരും നോക്കുകയും വേണ്ട. ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുണ്ട്. ദേവസ്വംബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി കുറച്ചത് നല്ലതാണെന്നുതന്നെയാണ് അഭിപ്രായം. 

ചോദ്യം : എതിര്‍പ്പുകളും വിമര്‍ശനങ്ങളും

ഇത് സ്ഥിരമായി കാണുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് സാരമുള്ളതല്ല. അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ പറയുക. ഇതില്‍ രണ്ട് ഭാഗമുണ്ട്. 

ഒന്ന്, ഒരുകാരണവശാലും കാണിക്കയിടരുതെന്ന് പറഞ്ഞ ഒരു ഭാഗം ഒരിടത്ത്. 

ശബരിമലയ്ക്കും മറ്റ് ക്ഷേത്രങ്ങള്‍ക്കുമായി 839 കോടിരൂപ തന്ന സര്‍ക്കാര്‍ മറുഭാഗത്ത്. ദേവസ്വംബോര്‍ഡ് ആര്‍ക്കൊപ്പം നില്‍‍ക്കണം?

ദേവസ്വംബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്. ചര്‍ച്ചകളും സ്വതന്ത്രമായാണ് നടക്കുന്നത്. കോടതിയില്‍ സംഭവിച്ചത് നമ്മള്‍ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റേയും പ്രശ്നമില്ല. എന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ നന്നായി നടക്കും. കാര്യങ്ങളൊക്കെ കാലം തെളിയിക്കും. 

ആരാണ് ഈ വിശ്വാസി ? ഹൈന്ദവതത്വത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്തിന്റെ പേര് ലോകം മുഴുവന്‍ എത്തിച്ചത് ലോകാസമസ്താസുഖിനോഭവന്തു എന്ന മന്ത്രമാണ്. അതിനുവേണ്ടി ആരെങ്കിലും നില്‍ക്കുന്നുണ്ടോ ?ക്ഷേത്രസങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടോ ? ഒന്നുമില്ലല്ലോ. അപ്പോള്‍ വിശ്വാസം ഏതാണ്.

എനിക്ക് വിശ്വാസം എന്താണെന്ന് വ്യക്തമായ ധാരണയുണ്ട്. പാര്‍ലമെന്റില്‍ സീറ്റ് കിട്ടാന്‍ വേണ്ടിയുള്ളതല്ല വിശ്വാസം എന്ന് വ്യക്തമായ ധാരണ എനിക്കുണ്ട്. 

പത്രങ്ങളില്‍ വാര്‍ത്ത കണ്ടില്ലേ, ശശികുമാര വര്‍മയെ ബിജെപി പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നു എന്ന്. അപ്പോള്‍ പാര്‍ലമെന്റ് മണ്ഡലത്തിനുവേണ്ടിയാണോ അയ്യപ്പനെ ഇട്ട് കറക്കുന്നത് ? ആണെങ്കില്‍ പറയണം. ഇതൊക്കെ നമുക്ക് ചര്‍ച്ചചെയ്യാം. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് ?

ഞങ്ങള്‍ അങ്ങനെയൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ യഥാര്‍ഥവിശ്വാസികളുടെ താല്‍പര്യം മുന്നില്‍ക്കണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടുപോകും. 

ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ് എടുക്കാത്തവര്‍ വിശ്വാസികളല്ലെന്ന ധാരണയും എനിക്കില്ല.

MORE IN KERALA
SHOW MORE