തേക്കടി തടാകം മാലിന്യമുക്തമാകും; മാലിന്യംതള്ളുന്നവര്‍ക്കെതിരെ കർശന നടപടി

theakkady-waste-prblm
SHARE

തേക്കടി തടാകത്തെ മാലിന്യമുക്തമാക്കാന്‍ നടപടി തുടങ്ങി. മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ തടാകത്തിലെ മാലിന്യം ജനങ്ങളെയും വന്യമൃഗങ്ങളെയും സാരമായി ബാധിച്ചുതുടങ്ങിയതോടെയാണ് വനംവകുപ്പിന്റെ ഇടപെടല്‍. പൊതുസ്ഥലങ്ങളില്‍ മാലിന്യംതള്ളുന്നവര്‍ക്കെതിരെ പിഴചുമത്താനും തീരുമാനമായി. 

തേക്കടി തടാകത്തില്‍ ബോട്ടിങിനും, തടാകക്കരയില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളെയും കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. മേഖലയുടെ ദാഹം അകറ്റുന്നത് തടാകവും, തേക്കടി കുടിവെള്ള പദ്ധതിയുമാണ്. എന്നാല്‍ ജനവാസകേന്ദ്രങ്ങളിലെ ഓടകളില്‍ നിന്ന് വലിയതോതിലാണ് മലിനജലം തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇത് കുടിവെള്ള പദ്ധതിയെയും, വന്യമൃഗങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇതിനാലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിന്റെയും, കുമളി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചത്. കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. നിറവിലെ പതിനഞ്ച് അംഗങ്ങള്‍ സമീപത്തുള്ള റോസാപ്പൂക്കണ്ടം കോളനിയില്‍ ബോധവത്കരണം സംഘടിപ്പിച്ചു. ഗ്രീന്‍ കുമളി-ക്ലീന്‍ കുമളി സൊസൈറ്റി അംഗങ്ങള്‍ മാലിന്യം നീക്കം ചെയ്തു. 

റോസാപ്പൂക്കണ്ടത്തെ ഓരോവീടുകളില്‍ നിന്നും മാലിന്യം തരംതിരിച്ച് ശേഖരിക്കാനും തീരുമാനമായി. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും ചുമത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഓടകളുടെ ആഴം വര്‍ധിപ്പിക്കും.

MORE IN KERALA
SHOW MORE