പ്രളയസെസ് ഏപ്രിലില്‍ നിലവില്‍ വരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

thomas-issac-flood
SHARE

ഒരുശതമാനം പ്രളയസെസ് ഏപ്രിലില്‍ നിലവില്‍ വരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുട്ടനാട്, വയനാട് പാക്കേജ് മാതൃകയില്‍ ഇടുക്കിക്കായി 5000 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചു.  ആശ വര്‍ക്കര്‍മാരുടെയും അംഗന്‍വാടി ടീച്ചര്‍മാരുടെയും അടക്കം പ്രതിഫലം വര്‍ധിപ്പിക്കുന്നതായും ധനമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഒരുശതമാനം പ്രളയസെസ് നടപ്പാവില്ലെന്ന് ഉറപ്പായി. വിജ്ഞാപനതീയതിമുതല്‍ മാത്രമേ സെസ് പ്രാബല്യത്തില്‍ വരൂ എന്ന് ധനമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേ വ്യക്തമാക്കി. 

ഇടുക്കിക്ക് 5000 കോടിരൂപയുടെ പ്രത്യേകപാക്കേജ് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കും. പ്രളയബാധിതമായ കുട്ടനാടിനും വയനാട്ടിനും പ്രഖ്യാപിച്ച പാക്കേജ് ഇടുക്കിക്ക് നല്‍കാത്തതില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം.മണി നല്‍കിയ കുറിപ്പുപ്രകാരമാണ് പാക്കേജെന്ന് ധനമന്ത്രി. പാക്കേജിനായി അടുത്ത സാമ്പത്തികവര്‍ഷം നീക്കിവച്ചത് 1500 കോടി. ആഭ്യന്തരവിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധനനികുതി 28.75ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഇതുവഴി 100 കോടിയുടെ വരുമാനനഷ്ടമുണ്ടാകും. പ്രാദേശിക പത്രപ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി. 

സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താന്‍ 50 കോടി അധികം അനുവദിച്ചു. എസ്.സി, എസ്.ടി ലംപ്സം ഗ്രാന്‍ഡില്‍ 25 ശതമാനം വര്‍ധന വരുത്തി. അംഗന്‍വാടി ടീച്ചര്‍മാരുടെ ശമ്പളം 12000 രൂപയും ഹെല്‍പര്‍മാരുടെത് 8000 രൂപയുമാക്കി. 

ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 4500 രൂപയാക്കി. എസ്.സി പ്രൊമോട്ടര്‍മാരുടെ ശമ്പളം 10000രൂപയും എസ്.ടി പ്രൊമോട്ടര്‍മാരുടേത് 12500രൂപയുമാക്കി. സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം ആനൂകൂല്യങ്ങൾ ഇരട്ടിയാക്കി.

MORE IN KERALA
SHOW MORE