ഇൗ വീടായിരുന്നില്ലേ സ്വർഗം? ഐസിൽ ചേരാൻ പോയ കുടുംബത്തിലെ ഉപ്പ ചോദിക്കുന്നു

PTI1_23_2016_000281A
SHARE

‘‘ഉപ്പാപ്പാ, ഞങ്ങൾ യാത്ര പോയി തിരിച്ചു വരാം എന്നു പറഞ്ഞിട്ടുപോയ കൊച്ചുമക്കളുടെ സന്തോഷം നിറഞ്ഞ മുഖമാണ് ഞാൻ അവസാനം കണ്ടത്. തീവ്രവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) അധീന പ്രദേശത്താണ് അവരിപ്പോൾ ഉള്ളതെന്നു പൊലീസ് പറയുന്നു. ഞങ്ങളെ കണ്ടില്ലെങ്കിൽ ഭക്ഷണം പോലും കഴിക്കാത്ത അവരെ ഇനി എവിടെപ്പോയി ഞാൻ കൂട്ടിക്കൊണ്ടു വരും? ഇ‍സ്‌ലാം മതത്തെ ശരിയായി മനസ്സിലാക്കാത്ത ചിലരാൽ ചതിക്കപ്പെട്ട, നിസ്സഹായനായ ഉപ്പയും ഉപ്പാപ്പയുമാണു ഞാൻ’’.

രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കൻമാരും ആറു കൊച്ചുമക്കളും അടക്കം കണ്ണൂർ സിറ്റിയിലെ ഒരു കുടുംബത്തിൽ നിന്നു 10 പേർ ഐഎസിൽ ചേരാൻ നാടുവിട്ട നബീസാസ് എന്ന വീട്ടിൽ മുഹമ്മദ് കുഞ്ഞി ഇന്നു ജീവിക്കുന്നതു പലതരത്തിലുള്ള ഭയാശങ്കകൾക്കു നടുവിലാണ്. അന്വേഷണ ഏജൻസികളോടും പൊലീസിനോടും നിരന്തരം മറുപടി പറഞ്ഞ് ഈ വയോധികൻ തളർന്നു പോയിരിക്കുന്നു.

ഐഎസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശികളായ പാപ്പിനിശ്ശേരി ടി.വി.ഷമീറിന്റെ ഭാര്യ ഫൗസിയ, പൂതപ്പാറ സ്വദേശി എ.അൻവറിന്റെ ഭാര്യ നഫ്സിയ എന്നിവരുടെ പിതാവാണു മുഹമ്മദ് കുഞ്ഞി. ഫൗസിയയുടെ മക്കളായ സൽമാൻ (21), സഫ്‍വാൻ (18), നജിയ (13), നഫ്സിയയുടെ മക്കളായ ഷിസ ഫാത്തിമ (7), റഫ ഫാത്തിമ (4), ലൈല അൻവർ (2) എന്നിവരെയും കൂട്ടിയാണു മാതാപിതാക്കൾ രാജ്യം വിട്ടത്.

‘‘ മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ വീടായിരുന്നില്ലേ സ്വർഗം, പിന്നെ അവർ വേറൊരു സ്വർഗം തേടി പോയതെന്തിനാണ്? ചിരിയും സന്തോഷവും പടിയിറങ്ങിപ്പോയ ഈ വീട്ടി‍ൽ പേടിയും സങ്കടങ്ങളും മാത്രമേ ഇപ്പോൾ കൂട്ടുള്ളൂ. അഞ്ചു പെൺമക്കളിൽ രണ്ടാമത്തെയാൾ ഫൗസിയയെ പാപ്പിനിശ്ശേരി സ്വദേശി ടി.വി.ഷമീറാണു വിവാഹം ചെയ്തത്.

ഏറ്റവും ഇളയമകൾ നഫ്സിലയ്ക്കു വിവാഹപ്രായമെത്തിയപ്പോൾ ഷമീർ തന്നെയാണു ചങ്ങാതിയെന്നു പറഞ്ഞ് അൻവറിന്റെ വിവാഹാലോചന കൊണ്ടുവന്നത്. അടുത്ത സുഹൃത്താണെന്നും നല്ല ചെറുക്കനാണെന്നും വിശ്വസിപ്പിച്ചു. അന്വേഷിച്ചപ്പോളും തെറ്റൊന്നും കണ്ടില്ല. അവരുടെയൊന്നും മനസ്സ് ചുരണ്ടിനോക്കാൻ സാധാരണക്കാരനായ എനിക്കു കഴിവില്ലാതെ പോയി’’–മുഹമ്മദ് കുഞ്ഞി വിലപിക്കുന്നു.

മരണത്തിലേക്കൊരു വിനോദയാത്ര

നാട്ടിൽ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്ന ഷമീർ ഗൾഫിൽ ജോലിക്കു പോയ സമയത്ത് അവിടെ ചില പഠനക്ലാസുകളിൽ പങ്കെടുത്തതായി പറയുന്നു. പിന്നീടു നാട്ടിലെത്തിയ ശേഷം ഭാര്യ ഫൗസിയയെയും മക്കളായ സൽമാൻ (21), സഫ്‍വാൻ (18), നജിയ (13) എന്നിവരെയും കൂട്ടി സിറിയയിലേക്കു പോയി.

അവർ കുടുംബസമേതം പാപ്പിനിശ്ശേരിയിലായിരുന്നു താമസം. ഐഎസിൽ ചേരാനാണു പോയതെന്നൊക്കെ പോയിക്കഴിഞ്ഞ ശേഷമാണ് അറിഞ്ഞത്. 2017ൽ ഷമീറും പിന്നീടു മക്കൾ സൽമാനും സഫ്‍വാനും മരിച്ചതായി അറിഞ്ഞു. ഫൗസിയയെയും മകൾ നജിയയെയും കുറിച്ചു പിന്നീട് ഒരു വിവരവുമില്ല.

അഴീക്കോട് പൂതപ്പാറ സ്വദേശി എ. അൻവറും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു. ദുബായിൽ ഡ്രൈവറായിരുന്ന അൻവർ അവിടെ ശമ്പളം ലഭിക്കുന്നില്ലെന്നു പറഞ്ഞാണു വീസ റദ്ദാക്കി നാട്ടിലെത്തിയത്. സ്കൂളിൽ പോയിരുന്ന ഏഴുവയസ്സുള്ള മൂത്തമകളുടെ പഠനം അവസാനിപ്പിച്ചു. മതപഠനത്തിനു മാത്രമായി ചേർത്തു. അൻവർ പിന്നീടു പള്ളി കേന്ദ്രീകരിച്ചു മാത്രമുള്ള തരത്തിലായി ജീവിതം. മകളുടെ കുടുംബകാര്യങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ ഇടപെടാൻ പരിമിതിയുള്ളതിനാൽ ഒന്നും എതിർക്കാനായില്ല–മുഹമ്മദ് കുഞ്ഞി പറയുന്നു.

7 മാസം ഗർഭിണിയായ നഫ്സിലയെയും മൂന്നു പെൺകുട്ടികളെയും കൊണ്ട് 2018 നവംബർ 19നാണ് അൻവർ വീട്ടിൽ നിന്നു പോയത്. മൈസുരുവിലേക്കു വിനോദയാത്ര പോകുന്നു എന്നാണ് മുഹമ്മദ് കുഞ്ഞിയോടും ഭാര്യയോടും പറഞ്ഞത്. സന്തോഷത്തോടെ വീട്ടിൽ നിന്നു പോയ മക്കളെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണാതായപ്പോൾ മൊബൈലിൽ വിളിച്ചു.

ബെംഗളൂരുവിലുണ്ടെന്നും ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും തിരിച്ചുവരാൻ വൈകുമെന്നുമാണ് അൻവർ പറഞ്ഞത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതായപ്പോൾ അൻവറിന്റെ അഴീക്കോട്ടെ വീട്ടിൽ സഹോദരിയെ വിളിച്ച് അന്വേഷിച്ചു.

ഇനി അവരെ അന്വേഷിക്കേണ്ട എന്ന തരത്തിലാണ് അൻവർ മറുപടി പറഞ്ഞതെന്നറിഞ്ഞു. അതോടെ സംശയമായി. മുറിയിൽ കയറി പരിശോധിച്ചപ്പോൾ പാസ്പോർട്ടുകളും മറ്റു രേഖകളും സ്വർണ്ണവും വസ്ത്രവും എല്ലാം കൊണ്ടുപോയതായി മനസ്സിലായി. അതോടെയാണ് ഡിസംബർ 5നു ജില്ലാ പൊലീസ് മേധാവിക്കു മുഹമ്മദ് കുഞ്ഞി പരാതി നൽകിയത്.

മൂത്തമകളെയും കുടുംബത്തെയും നഷ്ടപ്പെട്ട കാര്യം കൂടി ആ പരാതിയിൽ തന്നെ സൂചിപ്പിച്ചിരുന്നു. 

ഇറാൻ വഴി സിറിയയിലേക്ക്?

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ, വീട്ടിൽ നിന്നു പോയി തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട് വിമാനത്താവളം വഴി അവർ ഇറാനിലേക്കു പോയതായി അറിയാൻ കഴിഞ്ഞു. അവിടെ നിന്ന് അഫ്ഗാനിലേക്കോ സിറിയയിലേക്കോ പോയിട്ടുണ്ടാകുമെന്നാണു പറയുന്നത്.

എവിടെയാണ് എന്നതിനെക്കുറിച്ച് ഇനി ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു കണ്ടെത്തണമെന്നാണു പറയുന്നത്. അൻവർ മരിച്ചതായി സൂചനയുണ്ടെന്നാണു പൊലീസ് പറയുന്നത്. നഫ്സില ഇടയ്ക്ക് അൻവറിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നാണ് അറിഞ്ഞത്. ഗർഭിണിയാണു നഫ്സില. നേരത്തേ ഭർത്താവിനൊപ്പം ഗൾഫിൽ പോയിരുന്നു. അങ്ങനെ പോകുന്നു എന്നേ ഇപ്പോഴും കരുതിയിട്ടുണ്ടാവൂ.

ഗർഭിണിയായിരിക്കെ യാത്ര പോകുന്നതിനെ എതിർത്ത ഉമ്മയോട്, ഭർത്താവിനൊപ്പം പോകുമ്പോൾ എന്തിനാ പേടിക്കുന്നതെന്നാണു നഫ്സില ചോദിച്ചത്. ഐഎസ് വിവരം പുറത്തറിഞ്ഞതോടെ പൊലീസിന്റെയും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സ്ഥിരം ചോദ്യങ്ങൾ കേട്ടു തളർന്നു മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഇപ്പോൾ മറ്റൊരു മകളുടെ വീട്ടിലേക്കു താമസം മാറി.

‘‘ എന്തു സാഹചര്യത്തിലാണ് എന്റെ കുട്ടികളുള്ളത് എന്നറിയില്ല, അവർക്കു വീടുണ്ടോ, ഭക്ഷണമുണ്ടോ, ജീവനോടെയുണ്ടോ എന്നു പോലും അറിയാതെ നീറിക്കഴിയുകയാണ് ഞങ്ങൾ. അവിടുത്തെ കഥകൾ കേൾക്കുമ്പോൾ പേടിയാവുകയാണ്.

മുതിർന്നവരോ പോയി, എന്റെ കൊച്ചുമക്കളെയെങ്കിലും എനിക്കു തിരിച്ചു കിട്ടാൻ വഴിയുണ്ടോ? എന്റെ നെഞ്ചിൽ കിടന്നു ഞങ്ങളുടെ ചൂടുപറ്റി വളർന്ന കുട്ടികളാണ്, എനിക്കവരെ കൊഞ്ചിച്ചു മതിയായില്ല.!’’–പറഞ്ഞു നിർത്തുമ്പോഴും കണ്ണീരടക്കാൻ മുഹമ്മദ് കുഞ്ഞിക്കു കഴിയുന്നില്ല.

ഇതു മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലെ മാത്രം അവസ്ഥയല്ല. ഐഎസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശികളിൽ മിക്കവരും ഭാര്യയെയും മക്കളെയും കൂട്ടി കുടുംബസമേതമാണു പോയിട്ടുള്ളത്. പൊലീസിന്റെ കണക്കനുസരിച്ച് കണ്ണൂരിൽ നിന്നു മാത്രം 7 പേർ ഭാര്യയെയും കുട്ടികളെയും കൂട്ടി ഐഎസിൽ ചേരാൻ പോയിട്ടുണ്ട്.

10 വയസ്സിൽ താഴെയുള്ള കുട്ടികളെയും കൂട്ടിയാണ് അവർ രാജ്യം വിട്ടത്. കാസർകോട് ജില്ലയിൽ നിന്ന് 6 പേരും മറ്റു ജില്ലകളിൽ നിന്നായി 5 പേരും കുടുംബങ്ങളെ കൂട്ടി ഐഎസിൽ ചേരാനായി രാജ്യംവിട്ടതായാണു കണക്കാക്കുന്നത്.

കടപ്പാട് മലയാളമനോരമ

MORE IN KERALA
SHOW MORE