ലാറ്ററൽ എൻട്രി വേണ്ട; ഷാനവാസിന്റെ മകളുടെ സ്ഥാനാർത്ഥിത്വത്തില്‍ കെഎസ്‌യുവില്‍ പ്രതിഷേധം

amina-ksu
SHARE

നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനർഥി നിർണയതിരക്കിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ. കേരളത്തിൽ സീറ്റ് വിഭജനവും സ്ഥാനർത്ഥി നിർണയവും രാഷ്ട്രീയ പാർട്ടികൾക്ക് കീറാമുട്ടിയാകുമെന്ന് ഉറപ്പാണ്. ജയസാധ്യതയും ജനസ്വീകാരതയുമാണ് സ്ഥാനാർഥി നിർണയിക്കുന്ന ഘടകങ്ങളെന്ന്  നേതാക്കന്മാർ ആവർത്തിച്ച് പറയുന്നു.

യുഡിഎഫിലെ സിറ്റിങ് എംപിമാരെല്ലാം വീണ്ടും മല്‍സരിക്കാനാണ് സാധ്യത തെളിയുന്നത്. സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഏറ്റവും ആത്മവിശ്വാസമുള്ള മണ്ഡലമാണു വയനാട്. എന്നാല്‍ മൂന്നാമൂഴത്തിനു നില്‍ക്കാതെ എം.ഐ.ഷാനവാസ് എംപി വിട പറഞ്ഞു. ഇതോടെയാണ് വയനാടിനെ ചൊല്ലി ചർച്ച തുടങ്ങിയത്. 

ഷാനവാസിന്‍റെ പിന്‍ഗാമിയായി മകള്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിനോട് മകൾ അമീനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു ‘പലരും വിളിച്ച് ഉമ്മിച്ചിയോട് ചോദിക്കുന്നുണ്ട്. മകളെ ഇറക്കികൂടേ എന്ന്. അതെല്ലാം പാര്‍ട്ടിയല്ലേ തീരുമാനിക്കുക'

എന്നാൽ മകളെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ  കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘനയായ കെഎസ്‌യുവില്‍ പ്രതിഷേധസ്വരം. എംഐ ഷാനവാസിന്റ മകൾ രാഷ്ട്രീയത്തിൽ വരണമെന്നാണ് ആഗ്രഹം, എന്നാൽ അത് വയനാട് പാർലമെന്റിലെ സ്ഥാനാർത്ഥിയെന്ന ലാറ്ററൽ എൻട്രിയിലൂടെയാകരുത് എന്ന് എൻഎസ്‌യു ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ അവശ്യപ്പെട്ടു.

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ: എം.ഐ.ഷാനവാസ് എന്ന നേതാവിനോട് ഏറെ ബഹുമാനമാണുള്ളത്. പാർട്ടിക്ക് വേണ്ടി ഒരു പുരുഷായുസ്സ് നീക്കി വെച്ച മനുഷ്യൻ. തന്റെ നാക്കും വാക്കും പാർട്ടിക്ക് വേണ്ടി പ്രതിരോധത്തിന്റെ ആഗ്നേയാസ്ത്രങ്ങൾ തീർത്ത വ്യക്തി. അദ്ദേഹത്തിന്റെ മകൾ രാഷ്ട്രീയത്തിൽ വരുന്നതിനോട് ഒരു എതിർപ്പുമില്ലായെന്നു മാത്രമല്ല, അവർ രാഷ്ട്രീയത്തിൽ വരണമെന്നാണ് ആഗ്രഹം.  കോൺഗ്രസ്സ് നേതാക്കളുടെ മക്കൾ കോൺഗ്രസ്സാകുന്നതിൽ എന്ത് തെറ്റാണ്? എംഐയുടെ മകളും വരട്ടെ, അതു പക്ഷേ വയനാട് പാർലമെന്റിലെ സ്ഥാനാർത്ഥിയെന്ന ലാറ്ററൽ എൻട്രിയിലൂടെയാകരുത്... അതു എംഐയോടുളള അനാദരവാകും... ഇനിയെത്ര എംഐമാർ ഈ പാർട്ടിയിൽ അവസരങ്ങൾ ലഭിക്കാതെ ഒരു ജീവിതകാലത്തിന്റെ മുഴുവൻ ത്യാഗവും പേറി നില്‍ക്കുന്നു, അവർ മത്സരിക്കട്ടെ, അമീന ഷാനവാസ് പ്രവർത്തിക്കട്ടെ... ഞങ്ങടെ നേതാവിന്റെ ജീവൻ നിലനിർത്താൻ നിങ്ങൾ നിങ്ങടെ കരൾ പകുത്ത് കൊടുത്തപ്പോൾ മുതൽ ആരാധന നിറഞ്ഞ ബഹുമാനമാണ് എനിക്ക്... പക്ഷേ അതേ താങ്കൾ, ഈ പാർട്ടിക്ക് വേണ്ടി കരൾ മാത്രമല്ല ജീവിതം തന്നെ പകുക്കാതെ പൂർണ്ണമായി നല്‍കിയ അനേകരുടെ കരൾ കൊത്തി വലിക്കരുതേയെന്ന് അഭ്യർത്ഥിക്കുന്നു.

MORE IN KERALA
SHOW MORE