ഇനി രാഹുലിന്റെ തൊട്ടരികെ‍; വിജയിച്ച ദൗത്യങ്ങളുടെ ഉടമ‍; തെറ്റാത്ത ആ രാഷ്ട്രീയ ‘കണക്ക്’

kc-venu-rising
SHARE

എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയയാത്ര അതിവേഗമായിരുന്നു. കണ്ണൂര്‍ രാഷ്്ട്രീയത്തില്‍നിന്ന് ആലപ്പുഴയിലേക്ക് പറിച്ചുനടപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പടര്‍ന്നുപന്തലിക്കുകയും ചെയ്ത കെ.സി.വേണുഗോപാല്‍ എം.പിയുടെ രാഷ്ട്രീയ–സംഘടനാ ജീവിതത്തിന്റെ വഴികളിതാ...

രാഹുല്‍യുഗം തുടങ്ങുന്നതിനും മുന്‍പേ മറ്റൊരു മഹാദൗത്യം സംഘടനാപരമായി കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ത്തിയാക്കിയിരുന്നു. അത് രാഹുലിനൊപ്പം പാര്‍ട്ടിയെ നയിക്കേണ്ട പുതുതലമുറയുടെ പട്ടിക ഒരുക്കലായിരുന്നു. ജനാധിപത്യധ്വംസനങ്ങള്‍ക്കും മതനിരപേക്ഷ ശോഷണങ്ങള്‍ക്കും എതിരെ ഉയരേണ്ട നാവുകള്‍ക്ക് കോണ്‍ഗ്രസ് രാജ്യമൊട്ടുക്കും നേതാക്കളെ തിരഞ്ഞു. സംഘപരിവാറിന്റെ സംഘശക്തിയോടും രാജ്യത്തെ വിവിധ പ്രാദേശിക പാര്‍ട്ടികളോടും, ഏറ്റുമുട്ടിയും സമരസപ്പെട്ടും അവര്‍ മുന്നേറി. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ പലരും ഭംഗിയായി പൂര്‍ത്തീകരിച്ചു. അതില്‍ ഒന്നാമത്തെ പേര് കണ്ണൂര്‍ പയ്യന്നൂരിലെ കണ്ടോന്താറില്‍ ജീവിച്ചുമരിച്ച കുഞ്ഞികൃഷ്ണന്റെ മകന്റെതായിരുന്നു.– കൊഴുമ്മേല്‍ ചാറ്റടി വേണുഗോപാലെന്ന കെ.സി.വേണുഗോപാലിന്റേത്.

'ബെഹ്തര്‍ ഭാരത്' എന്ന് രാഹുല്‍ മനസിലോര്‍ക്കുമ്പോള്‍ മികച്ച ഭാരതത്തിനായി രാഷ്ട്രീയ സാഹചര്യങ്ങളെ ഒരുക്കുന്നയാളായി അദ്ദേഹം രാഹുലിന്റെ പിന്നില്‍നിന്നു. മഹത്തായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മാത്രമായൊരു ടെലിവിഷന്‍ ഫ്രെയിമില്‍ കാണാതായിത്തുടങ്ങിയിടത്താണ് കെ.സി.വേണുഗോപാലിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. രാഹുലിന്റെ അരികില്‍, ഇപ്പോള്‍ തൊട്ടരികിലും. 

rahul-priyanka-kc

ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതല കെ.സി.വേണുഗോപാലിനായിരുന്നു. ഭരണം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ സംഘടനാ തലപ്പത്തെ കെ.സി.വേണുഗോപാലിന്റെ സാധ്യതകള്‍ കുറിക്കപ്പെട്ടിരുന്നു. രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ പൊളിക്കാനും കെ.സി. മുന്നിലുണ്ടായിരുന്നു. 

തിരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനിലും തെലുങ്കാനയിലുമുണ്ടായ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ പൂവിറുക്കുന്ന ലാഘവത്തോടെയും അതേസമയം സൂക്ഷ്മതയോടെയും കെ.സി. കൈകാര്യംചെയ്തു. ഇപ്പോള്‍ ഹരിയാനയിലെ സംഘടനാദൗത്യങ്ങള്‍ക്കും ഇതേ നേതാവിനെ തന്നെ നിയോഗിക്കാന്‍ പാര്‍ട്ടിക്ക് മുന്നില്‍ കാരണങ്ങള്‍ മറ്റൊന്നായിരുന്നില്ല. ചുമതലകളില്‍ അഭിരമിക്കുകയല്ല, ഉത്തരവാദിത്തങ്ങളില്‍ നീതിപുലര്‍ത്തുകയാണ് കെ.സി ചെയ്തുപോന്നതെന്ന് കോണ്‍ഗ്രസ് േദശീയ നേതൃത്വം മനസിലാക്കി. ചുരുക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ ട്രബിള്‍ ഷൂട്ടറായി കെ.സി.വേണുഗോപാല്‍ മാറിക്കഴിഞ്ഞു. നിലപാടുകളിലെ തീക്ഷ്ണതയും ഇടപെടലിലെ സത്യസന്ധതയും കാഴ്ചപ്പാടുകളിലെ സ്വീകാര്യതയും കെ.സിക്ക് അലങ്കാരമാണ്. അതിന് പയ്യന്നൂരിലെ ഹൈസ്കൂളില്‍ നിന്ന് പുറപ്പെട്ട ഒരു പൊതുപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയയാത്രയുടെ തഴക്കവും പഴക്കവുമുണ്ട്

kc

കോണ്‍ഗ്രസിന്റെ സംഘടനാരംഗത്തും നാടിന്റെ ഭരണരംഗത്തും കെ.സി.വേണുഗോപാലെന്ന അന്‍പത്തിയഞ്ചുകാരന്‍ നിറഞ്ഞുകഴിഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയം തൊട്ടുള്ള തിരഞ്ഞെടുപ്പ് വിജയങ്ങളാണ് കെ.സി.വേണുഗോപാലിന്റെ ഊര്‍ജം. ആ ഊര്‍ജം കെ.സിയെ രാജ്യത്തിന്റെ ഊര്‍ജമന്ത്രി വരെയാക്കി. 1996, 2001, 2006 വര്‍ഷങ്ങളില്‍ ആലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009-ല്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംപി യെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്‍റെകൂടി അടിസ്ഥാനത്തില്‍ 2011 ജനുവരിയില്‍  മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ സഹമന്ത്രിയായി. 2012 ഒക്ടോബറില്‍ മുതല്‍ വ്യോമയാന വകുപ്പിന്‍റെ സഹമന്ത്രിയായി സ്ഥാനമേറ്റു.

കാലുവാരലുകളുടെയും കളംമാറ്റങ്ങളുടയെും സംഘടനാകാലത്ത് സംസ്ഥാന കോണ്‍ഗ്രസില്‍ മുന്നേറാനും കെ.സിക്ക് സാധിച്ചു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെഎസ്‌‌യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റായി. അ‍ഞ്ചുവര്‍ഷം ഇതേസ്ഥാനത്ത് തുടര്‍ന്നു. പിന്നീട് 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി. ഇവിടെ നിന്നൊരു ഉഗ്രന്‍ സ്മാഷിലൂടെ എ.ഐ.സി.സിയിലേക്കെത്താന്‍ കോളജിലെ പഴയ വോളിബോള്‍ ടീം ക്യാപ്റ്റന് വലിയ പ്രയാസമുണ്ടായില്ല.  

sachin-pilot-kc-gehlot-1

ആസന്നമായൊരു പൊതുതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കെ.സി വേണുഗോപാല്‍ പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രതിപക്ഷ നേതൃനിരയിലെ ഈ ശക്തസാന്നിധ്യത്തിന്റെ പുതിയ ദൗത്യങ്ങള്‍ എന്താവും? രണ്ടുദിവസം മുന്‍പൊരു കെ.എസ്.യു പരിപാടിയില്‍ കെ.സി വേണുഗോപാല്‍ പറയുഞ്ഞുകേട്ടത് ഇങ്ങനെ: ‘കെ.എസ്.യു എന്ന വിദ്യര്‍ഥി സംഘടനയുടെ ഒരു മെമ്പര്‍ഷിപ്പാണ് എന്നെ ഇന്ന് ഒമ്പത് അംഗങ്ങള്‍ മാത്രമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോര്‍കമ്മിറ്റിയില്‍ എത്തിച്ചത്..’. കണക്കുകൂട്ടുന്നതൊന്നും രാഷ്ട്രീയത്തില്‍ നടക്കണമെന്നില്ല. രാഷ്ട്രീയ കണക്കാണെങ്കില്‍ സാധാരണ കണക്കില്‍നിന്ന് ഭിന്നവുമാണ്. എന്നാല്‍ കൂട്ടിയതും ഗുണിച്ചതൊന്നും തെറ്റിയിട്ടില്ല കെ.സി.വേണുഗോപാലെന്ന രാഷ്ട്രീയക്കാരന്. അല്ലെങ്കിലും പയ്യന്നൂര്‍ കോളജിലെ പഴയ എം.എസ്.സി മാത്തമാറ്റിക്സുകാരനെ അത്രയെളുപ്പം എങ്ങിനെ തോല്‍പ്പിക്കാനാണ്. ചിലരൊക്കെ ജയിക്കാന്‍ മാത്രം ജനിച്ചവരാണ്..!

MORE IN KERALA
SHOW MORE