ട്രെയിനിലെ വിള്ളലിലൂടെ വീണു ഫോൺ നഷ്ടപ്പെട്ടു; റെയില്‍വേ 27,999 രൂപ നല്‍കണം

railway-lost
പ്രതീകാത്മക ചിത്രം
SHARE

ട്രെയിനിലെ വിള്ളലിലൂടെ വീണു ഫോൺ നഷ്ടപ്പെട്ട വിദ്യാർഥിക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ താമസിക്കുന്ന എംടെക് വിദ്യാർഥി എ.അയ്യപ്പനാണ് 27,999 രൂപ റെയിൽവേ നൽകേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്.

ഷൊർണൂർ സ്റ്റേഷൻ സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷനൽ മാനേജരുമാണു പിഴ ശിക്ഷ അടയ്ക്കേണ്ടത്. ഫോണിന്റെ വിലയായ 12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും ചേർത്താണ് ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഫോറത്തിന്റെ ഉത്തരവ്.

2017 ജൂൺ 5നു കായംകുളത്തു നിന്നു ഷൊർണൂരിലേക്കുള്ള യാത്രയിൽ അയ്യപ്പന്റെ ഫോൺ പരശുറാം എക്സ്പ്രസിന്റെ കോച്ചിലെ വിള്ളലിനിടയിലൂടെ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ഫോൺ നഷ്ടപ്പെട്ട ഉടനെ കോട്ടയം ആർപിഎഫിലും ഷൊർണൂരിൽ എത്തിയ ശേഷം റയിൽവേ പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ പരാതിയുമായി എത്തിയത്.

കോച്ചിൽ പ്രശ്നങ്ങൾ ഇല്ലെന്നു റെയിൽവേ വാദിച്ചു. പക്ഷെ കോട്ടയം ആർപിഎഫും റെയിൽവേ പൊലീസും കോച്ചിനുള്ളിലെ വിള്ളൽ സ്ഥിരീകരിച്ചിരുന്നു. ഇതു പരിഗണിച്ചാണു ഫോറം വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴ നൽകിയില്ലെങ്കിൽ 9 ശതമാനം പലിശയും പിന്നീടു താമസിച്ചാൽ 12 ശതമാനം പലിശയും നൽകണമെന്നും വിധിയിലുണ്ട്.

MORE IN KERALA
SHOW MORE