കളംനിറഞ്ഞ കൂട്ടുകാരനെ ലഹരി വീഴ്ത്തി‍; വികാരഭാരത്തോടെ കോഴിക്കോട്ടെ കലക്ടര്‍

samba-sivan-collector
SHARE

ലഹരിയെക്കുറിച്ച് ആദ്യമായി അറിയുന്നത് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിയായെത്തിയപ്പോള്‍. ഉപയോഗിക്കുന്നവരില്‍ നിന്ന് കിട്ടിയ അനുഭവപാഠം കാരണം ഇതുവരെ ലഹരി തൊട്ടിട്ടില്ല. എന്നാല്‍ ലഹരിനുരഞ്ഞതിലൂടെ സകലതും നഷ്ടപ്പെട്ട ഉറ്റസുഹൃത്തിന്റെ അവസ്ഥ ഇപ്പോഴും വേദനയായി ഉള്ളിലുണ്ട്. സകലതും നഷ്ടപ്പെടുത്താന്‍ ശേഷിയുള്ളതാണ് ലഹരിയെന്ന് തിരിച്ചറിഞ്ഞ സമയം. കോഴിക്കോട് കലക്ടര്‍ ശീറാം സാംബശിവ റാവുവാണ് കൂട്ടുകാരന്റെ അനുഭവം വികാരാധീതനായി പങ്കുവച്ചത്. കോഴിക്കോട് വെസ്റ്റ് ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു കലക്ടര്‍ മനസുതുറന്നത്. 

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത സുഹൃത്തിന്റെ അനുഭവം ഇങ്ങനെ. വോളിബോളില്‍ മികച്ച സ്മാഷുമായി കളംനിറഞ്ഞവന്‍. തനിക്ക് വോളിയുടെ മുഴുവന്‍ പാഠങ്ങളും പകര്‍ന്നുനല്‍കിയ പ്രിയ കൂട്ടുകാരന്‍. അവന്റെ ജീവിതം ലഹരി തളര്‍ത്തിയതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്. ഒഴിവുസമയത്തെ നേരംപോക്കിന് തുടങ്ങിയ ലഹരി പിന്നീട് അവനെ പൂര്‍ണമായും കീഴ്പ്പെടുത്തി. ഉറങ്ങാനും ഉണരാനും ലഹരി വേണമെന്നായി. കളിയില്‍ ശ്രദ്ധയില്ലാതെയായി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തിരിച്ചറിവിനുള്ള സമയം പോലുമില്ലാതെ അവന്‍ ഒന്നിനും കൊള്ളാത്തവനായി മാറി. 

കൂട്ടുകാരന്റെ അനുഭവം മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ കഴിയുന്നത്ര ആളുകളെ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമാന മനസുള്ള കൂട്ടുകാരെല്ലാം ചേര്‍ന്ന് ലഹരിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘടനയുണ്ടാക്കി. ബോധവല്‍ക്കരണമുള്‍പ്പെെട വളരെ സജീവമായി വിഷയങ്ങളില്‍ ഇടപെടുന്നു. കൗതുകത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങുന്നവരെ കണ്ടെത്തിയാല്‍ അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികളും തയാറാക്കിയിട്ടുണ്ട്. തിരക്കിനിടയിലും അതിന് മാറ്റം വരുത്താതെ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. 

ഇത് ഹീറോയിസമല്ല നെഗറ്റീവിസമാണ് 

ലഹരി ഒരിക്കലും നിങ്ങള്‍ക്ക് ഗുണമാകില്ല. അത് നെഗറ്റിവിറ്റിയിലേക്ക് കൊണ്ടുപോകും. ജീവിതക്രമവും ആഹാരശീലങ്ങളുമെല്ലാം മാറും. നിങ്ങള്‍ സ്വയം ഇല്ലാതാകും. അതിന് ശ്രമിക്കരുത്. നിങ്ങള്‍ ലഹരിയോട് നോ പറയണം. നന്നായി പഠിക്കണം. അതാണ് ഹീറോയിസം. ചേദ്യം ഉത്തരം എന്ന നിലയില്‍ തുടര്‍ന്ന സംഭാഷണം കുട്ടികള്‍ ഏറെ ശ്രദ്ധയോടെ കേട്ടിരുന്നു. മനസു നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ മാനവഹൃത്തിന്‍ ചില്ലയിലെന്നും നാമ്പുകള്‍ വിടരട്ടെ. പ്രാര്‍ഥനാഗീതമായി ചൊല്ലിയ ഈ വരികള്‍ക്ക് വല്ലാത്ത ആഴമുണ്ടെന്ന് പറഞ്ഞാണ് കലക്ടര്‍ കുട്ടികളോട് യാത്ര പറഞ്ഞത്. വിഡിയോ കാണുക. 

MORE IN KERALA
SHOW MORE