പ്ലാന്റേഷൻ കോർപ്പറേഷൻ അഴിമതിയാരോപണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

plantation-strike
SHARE

അഴിമതിക്കേസിൽ സസ്‌പെൻഷനിലായ ജനറൽ മാനേജരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് യോഗം. പലവിധ ക്രമക്കടുകളുടെ പേരിൽ നടപടിക്ക് വിധേയനായ ജനറൽ മാനേജർ ജസ്റ്റസ് കരുണ രാജനെ തിരിച്ചെടുക്കാ‍നുള്ള നീക്കത്തിനെതിരെ സിഐടിയു വിഭാഗം രംഗത്ത് എത്തിയിരുന്നു. സിപിഐ നേതാവ് കൂടിയായ കോർപ്പറേഷൻ ചെയര്‍മാന്റെ പേരെടുത്തുപറഞ്ഞ് സിഐടിയു നേതൃത്വം മനോരമ ന്യൂസിലൂടെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

സിപിഐ ഭരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷനിൽ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സിഐടിയുവും എഐടിയുസിയും കൊമ്പുകോർത്തത്. കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റ് ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പേടുത്തിയത് മുതൽ റബ്ബർ വിറ്റഴിച്ചതിലെ തട്ടിപ്പ് വരെ 13 ഇടപാടുകളിലെ ക്രമക്കേടുകളുടെ പേരില്‍ സസ്പെന്‍ഷനിലായ ജനറല്‍ മാനേജര്‍ ജസ്റ്റസ് കരുണാ രാജന്, നേരത്തെ വഹിച്ച അതേ തസ്തിക തിരികെ നല്‍കാനായിരുന്നു നീക്കം.

എഐടിയുസി സംസ്ഥാന പ്രസിഡന്റ് കൂടിയായ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജെ ഉദയഭാനു ആണിതിന് കരുനീക്കുന്നതെന്ന് ആരോപിച്ച് പ്ലാന്റേഷനിലെ സിഐടിയു പക്ഷം രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിന്ന് ചെയര്‍മാന്‍ വിട്ടു. തീരുമാനം എടുക്കാതെ യോഗം പിരിയുകയും ചെയ്തു. 

യഥാര്‍ത്ഥത്തില്‍ എസ്റ്റേറ്റ് മാനേജര്‍ മാത്രമായ ജസ്റ്റസ് കരുണാ രാജന്‍ ജനറല്‍ മാനേജരുടെ ചുമതല വഹിക്കുമ്പോഴാണ് ക്രമക്കേടുകള്‍ നടത്തിയത്. തുടര്‍ന്ന് സസ്പെന്‍ഷന്‍. അന്ന് പ്രഖ്യാപിച്ച അന്വേഷണം അഞ്ചുമാസങ്ങള്‍ക്കിപ്പുറവും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ തിരിച്ച് നല്‍കാന്‍ ഒരുങ്ങുന്നത് ക്രമക്കേടുകള്‍ക്ക് ഉപയോഗപ്പെടുത്തിയ അതേ ഉയര്‍ന്ന തസ്തിക തന്നെ. ഫലത്തില്‍ അഴിമതിക്ക് പ്രതിഫലം സ്ഥാനക്കയറ്റമെന്ന് വരുന്ന സ്ഥിതി. ഈ അസാധാരണ നീക്കമാണ് കോര്‍പറേഷനില്‍ മുന്‍പെങ്ങും ഉണ്ടാകാത്ത മട്ടിലുള്ള സിഐടിയു എഐടിയുസി വടംവലിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.  

MORE IN KERALA
SHOW MORE