കീടനാശിനി തളിച്ച് മരണം; ആരെ പ്രതിയാക്കുമെന്നതിൽ ആശയക്കുഴപ്പം

pesticide
SHARE

തിരുവല്ല പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസ് നടപടി പ്രതിസന്ധിയിൽ. കേസിൽ ആരെ പ്രതിയാക്കുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്.

തിരുവല്ലയ്ക്ക് സമീപം പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽഇരുകര പാടത്ത് കീടനാശിനി പ്രയോഗിക്കുന്നതിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന്ന് പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർഷകർ കീടനാശിനി വാങ്ങിയതായി സംശയിക്കുന്ന ഇലഞ്ഞിമൂട്ടിലെ കടയിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിക്കുകയും തൽക്കാലത്തേക്ക് കട പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. കീടനാശിനി വിൽപന നടത്താനുള്ള ലൈസൻസ് കടയുടമയ്ക്കുണ്ടായിരുന്നു. വിൽപ്പനയ്ക്ക് അനുമതിയുള്ള കീടനാശിനികളാണ് കടയിൽനിന്ന് നൽകിയിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 

കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെയാണ് കടയുടമ കീടനാശിനി നൽകിയിരിക്കുന്നത്. എന്നാൽ കീടനാശിനികൾ അനുവദനീയമായതിന്റെ ഇരട്ടിയിലധികം അളവിലാണ് ഉപയോഗിച്ചതെന്ന് തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. വിവിധ കീടനാശികൾ ഇടകലർന്നതായും സൂചനയുണ്ട്. സുരക്ഷാ മുൻകരുതലെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസിൽ ആരെയൊക്കെ പ്രതി ചേർക്കണമെന്ന കാര്യത്തിൽ കൂടിയാലോചനകൾക്കു ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം മരിച്ച സനൽ കുമാറിന്റെയും മത്തായിയുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല.

MORE IN KERALA
SHOW MORE