ഭരണഘടനയില്‍ മാറ്റം വേണം; ബോംബുകളും ആയുധങ്ങളും നമ്മെ ഇല്ലാതാക്കും: സെന്‍കുമാര്‍

senkumar-sabarimala
SHARE

ഇന്ത്യൻ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തിൽ മുൻ ഡിജിപി ടി.പി സെൻകുമാർ. ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ വന്നാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ തീരുമെന്നും ന്യൂനപക്ഷ ജനസംഖ്യ ഒൻപത് ശതമാനത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്താനില്‍ ഹൈന്ദവര്‍ 28 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി വര്‍ധിച്ചു. ബംഗ്ലാദേശില്‍ 33 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി വര്‍ധിച്ചു. ഇതാണ് സംഭവിച്ചത്. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ളവരെ വേദിയിലിരുത്തിയായിരുന്നു സെൻകുമാറിന്റെ വര്‍ഗീയത അടക്കം കടന്നുവന്ന പരാമർശങ്ങള്‍.

വിശ്വാസിയായ ആചാരം അനുഷ്ഠിച്ച ഒരു യുവതി പോലും ശബരിമലയില്‍ വന്നില്ലെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ കുതതന്ത്രങ്ങള്‍ തകര്‍ന്നുവീണിരിക്കുകയാണ്. ഇവിടെ അറിവിന്റെ അവതാരം പിറവിയെടുത്തിരിക്കുകയാണ്. ഈ അറിവ് സനാതന ധര്‍മ്മ സംരക്ഷണത്തിന്. നമ്മളില്‍ ഈ ബോധം ഉയര്‍ത്തിയത് സുപ്രീം കോടതി വിധി മാത്രമല്ല. ഹിരണ്യകശിപുമാരും താരകാസുരന്‍മാരും നടത്തിയ പ്രവര്‍ത്തനങ്ങളാണ്. തുടച്ചുനീക്കപ്പെടും ഈ ധര്‍മ്മം എന്ന അറിവില്‍ നിന്നും ധര്‍മ്മപുനസ്ഥാപനാര്‍ത്ഥം നമ്മുടെ പ്രവൃത്തികള്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഇവിടെ സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസംഗരായി കാത്തിരുന്നാല്‍ നമ്മുടെ സനാതനസംസ്‌കാരത്തെ നുണ ബോംബുകളും ശരിക്കുള്ള ബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നവരുടെ മുന്‍പില്‍ നാം എത്തിപ്പെടും. അതുകൊണ്ട് അധര്‍മ്മത്തെ ഇല്ലാതാക്കാനുള്ള അവതാരമായി ഈ ബോധത്തെ കാണണം- െസൻകുമാർ പറഞ്ഞു.

കേരളത്തില്‍ ഒറ്റ സവര്‍ണനേയുള്ളൂ. അത് കേരള ബ്രാഹ്മണന്‍ എന്നറിയപ്പെടുന്ന നമ്പൂതിരിയാണ്. കേരളാ ജനസംഖ്യയുടെ അരശതമാനം പോലും ഇല്ല. ഉയര്‍ന്ന തലത്തില്‍ ഇരുന്ന ബ്രാഹ്മണനെ ദലിതരേക്കാള്‍ താഴ്ന്ന സാമ്പത്തിക നിലയില്‍ എത്തിക്കുന്ന സോഷ്യലിസമാണ് കേരളത്തില്‍ നടപ്പാക്കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്മുടെ സോഷ്യലിസം ഒരുത്തനെയും ഉയർത്തുന്നതല്ല, താഴ്ത്തുന്നതാണ്. നമ്മുടെ ധർമത്തെ ചവിട്ടി അരച്ചവർക്കല്ല അതിനെ സംരക്ഷിക്കാനെത്തിയവർക്ക് വോട്ടുകൾ നൽകി മറുപടി നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. 

ശബരിമല ആചാര സംരക്ഷണത്തിനായി  ശബരിമല കർമസമിതി നടത്തുന്ന അയ്യപ്പഭക്ത സംഗമം തിരുവനന്തപുരം പുത്തിരകണ്ടം മൈതാനത്ത് നടന്നു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി  അധ്യക്ഷനാകുന്ന അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ അധ്യാത്മിക ആചാര്യൻമാർ, സാമൂഹ്യനേതാക്കൾ,തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.  അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE