സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്നുളള മടക്കയാത്ര മരണത്തിലേയ്ക്ക്; നടുക്കം

accident-death-nedumbassery
SHARE

സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്നുള്ള സുഹൃത്തുക്കളുടെ മടക്കയാത്ര മരണത്തിലേക്കുള്ള വഴിയായി. ഇന്നലെ രാവിലെ ചെങ്ങമനാട് പുത്തൻതോട് വളവിൽ അപകടത്തിൽ മരിച്ച വിമൽ, അജിത് എന്നിവരടക്കം കിടങ്ങൂർ സെന്റ് ജോർജ് ഐടിസി വിദ്യാർഥികളായ ഇരുപതോളം സുഹൃത്തുക്കളാണ് വെള്ളിയാഴ്ച രാത്രി ശ്രീജിത്തിന്റെ വസതിയിൽ ഒത്തുകൂടിയത്. ഇതിൽ എട്ടു പേർ ചെങ്ങമനാട്ട് ലോഡ്ജിൽ മുറിയെടുത്തു തങ്ങി. ബാക്കിയുള്ളവർ രാത്രി തന്നെ മടങ്ങി. ലോഡ്ജിൽ തങ്ങിയവരിൽ നാലു പേർ രാവിലെ ഐടിസിയിലേക്കു മടങ്ങി.

എട്ടു മണിയോടെയ‌ാണ് വിമലും അജിതും ഐടിസിയിലേക്കു പുറപ്പെട്ടത്. വിമലാണ് ബൈക്കോടിച്ചിരുന്നത്. കുപ്പിക്കഴുത്താകൃതിയിലുള്ള പുത്തൻതോട് വളവിലെത്തിയപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞത്. റോഡരികിലെ മതിലും ഗേറ്റും തകർത്ത് അകത്തേക്കു പാഞ്ഞ ബൈക്ക് തൊട്ടടുത്തെ വീട്ടുമുറ്റത്തു കറങ്ങിത്തെറിച്ച് മറിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ദുരന്തം കണ്ടു നടുങ്ങിത്തരിച്ചു.

ഇരുവരുടെയും തല തകർന്ന അവസ്ഥയിലായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി.  എസ്ഐ എ.കെ.സുധീറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇരുവരുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ഉച്ചയ്ക്കു മുൻപെ ബന്ധുക്കൾക്കു വിട്ടുനൽകി.

വിദ്യാർഥികൾ അപകടത്തിൽ മരിച്ച  നെടുമ്പാശേരി–പറവൂർ റോഡിലെ പുത്തൻതോട് ഭാഗം സ്ഥിരം അപകടകേന്ദ്രം.  കഴിഞ്ഞ 2 വർഷത്തിനിടെ പത്തോളം പേർ ഇവിടെ മാത്രം അപകടത്തിൽ മരിച്ചു. അത്താണി മുതൽ ചെങ്ങമനാട് വരെ നിരന്തരം അപകടം അരങ്ങേറുന്നുണ്ട്.  വിമാനത്താവളത്തിലേക്കുള്ള നൂറുകണക്കിനു വാഹനങ്ങൾക്കു പുറമെ നിരന്തരം പായുന്ന ഭാരവാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്.

സമാനമായ മറ്റൊരു അപകടത്തിൽ രണ്ട് വിദ്യാർഥികൾ അതിദാരുണമായി കൊല്ലപ്പെട്ടു.  നിയന്ത്രണം വിട്ട ബൈക്ക് വഴിയരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. അങ്കമാലി അയ്യമ്പുഴ തൊമ്പിക്കോട് ഷിബുവിന്റെ മകൻ വിമൽ (21), പട്ടിമറ്റം ചെങ്ങര നടയൻതുരുത്തി അരുൺരാജിന്റെ മകൻ അജിത് (22) എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി–പറവൂർ റോഡിൽ ചെങ്ങമനാട് പുത്തൻതോട് ഭാഗത്ത് ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം ഇരുവരും അങ്കമാലി കിടങ്ങൂർ സെന്റ് ജോർജ് ഐടിസി വിദ്യാർഥികളാണ്.

ഇന്നലെ രാവിലെ പൊയ്ക്കാട്ടുശേരി മാങ്ങാമ്പിള്ളി ക്ഷേത്രത്തിൽ നടന്ന ഇവരുടെ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ വെള്ളിയാഴ്ച രാത്രി ചെങ്ങമനാട്ടെത്തിയ ശേഷം ഇന്നലെ രാവിലെ ഐടിസിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ലോറിയിലിടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതാണ് ബൈക്കിന്റെ നിയന്ത്രണം വിടാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

നിയന്ത്രണം വിട്ട ബൈക്ക് റോഡിനോടു ചേർന്നുള്ള തേയ്ക്കാനത്ത് ഏജൻസീസിന്റെ മതിലും ഗേറ്റും തകർത്ത് മുറ്റത്തുകൂടെ പാഞ്ഞ് തൊട്ടടുത്തുള്ള തേക്കാനത്ത് ബെന്നിയുടെ വീട്ടുമുറ്റത്ത് കറങ്ങിത്തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തു മരിച്ചു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന സഹപാഠികളാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇരുവരുടെയും സംസ്കാരം നടത്തി. അജിത്തിന്റെ മാതാവ് ജയ. സഹോദരങ്ങൾ: അനിൽ, അഭിജിത്. വിമലിന്റെ മാതാവ് കറുകപ്പിള്ളി മുതിരപ്പറമ്പിൽ ഉഷ. സഹോദരൻ അമൽ.

MORE IN KERALA
SHOW MORE