ജോർജ് എന്ന രാഷ്ട്രീയ വിസർജനം; മുന്നണിയിൽ വേണ്ട; രോഷമുയർത്തി എൻഎസ്‌യു

pc-george-new-16
SHARE

യുഡിഎഫ് പ്രവേശനചർച്ചകൾ സജീവമായിരിക്കെ പി സി ജോർജ് എംഎൽഎക്കെതിരെ എൻഎസ്‌യു സെക്രട്ടറി രാഹുൽ മംങ്കൂട്ടത്തിൽ. പിസി ജോർജ് കേരള രാഷ്ട്രീയത്തിലെ മലീമസമായ ഒരു രാഷ്ട്രീയ വിസർജനമാണെന്ന് ഫെയ്സ്ബുക്കിൽ കുറിക്കുന്നു. എന്നോ പറമ്പിലെറിഞ്ഞ മാലിന്യം തിരികെവരാൻ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് കുറിപ്പെന്നും രാഹുൽ പറയുന്നു. ‌‌

ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കർത്താവും സാത്താനും കേട്ടാൽ അറയ്ക്കുന്ന അപരാധം പറഞ്ഞും ജോർജ് അപമാനിച്ചു. രാത്രി 9 മണി കഴിഞ്ഞാൽ പുറത്തിറങ്ങുന്ന സ്ത്രീകൾ കുടുംബത്തിൽ പിറന്ന മാന്യതയുള്ളവരല്ലെന്ന് പറഞ്ഞ് തന്റെ അമ്മയും ഭാര്യയും അടങ്ങുന്ന സ്ത്രീ സമൂഹത്തോടുള്ള നിലപാടും ജോർജ് വ്യക്തമാക്കി.  20 ലോക്സഭ സീറ്റും 140 നിയമസഭാ സീറ്റും UDF നു കിട്ടുമെന്ന് പറഞ്ഞാലും ജോർജിനെ മുന്നണിയിൽ എടുക്കരുത് എന്ന ആവശ്യവും കുറിപ്പിൽ മുന്നോട്ടുവെക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

പി.സി ജോർജ്ജ് എന്നത് കേരള രാഷ്ട്രിയത്തിലെ തന്നെ മലീമസമായ ഒരു രാഷ്ട്രീയ വിസർജ്ജനമാണ്... മുൻപൊരിക്കൽ അതു നമ്മുടെ പറമ്പിൽ കിടന്ന് ചീഞ്ഞ് നാറി നമ്മളെക്കൊണ്ട് നാറ്റം സഹിക്ക വയ്യാതെ മൂക്ക് പൊത്തിച്ചതാണ്. മികച്ച രീതിയിൽ ജനാഭിപ്രായത്തോടെ മുന്നേറിയ ഉമ്മൻ ചാണ്ടി സാറിന്റെ ഗവൺമെന്റിനു ആദ്യ പ്രതിസന്ധി തീർത്തത് പൂഞ്ഞാറിൽ നിന്നും വന്ന ഉണ്ടയില്ലാ വെടികൾ തന്നെയായിരുന്നു. നാം വളരെ പാട് പെട്ടാണ് ആ മാലിന്യം അപ്പുറത്തെ പറമ്പിലേക്ക് എറിഞ്ഞത്. എന്നാൽ അപകടം തിരിച്ചറിഞ്ഞ ആ പറമ്പുകാർ ആ മാലിന്യം അനാഥമായി തെരുവിൽ വലിച്ചെറിഞ്ഞു.

ആ തെരുവിൽ കിടന്നും ആ വിഴുപ്പ് ദുർഗന്ധം വമിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കർത്താവും സാത്താനും കേട്ടാൽ അറയ്ക്കുന്ന അപരാധം പറഞ്ഞു ആ പൂഞ്ഞാർ അപാരത തുടർന്നു. രാത്രിയിൽ 9 മണി കഴിഞ്ഞാൽ പുറത്തിറങ്ങുന്ന സ്ത്രീകൾ കുടുംബത്തിൽ പിറന്ന മാന്യതയുള്ളവരല്ലെന്ന " ജാമ്പവാനും മുന്നിലുള്ള " കാലത്തെ സംഘല്പം പറഞ്ഞ്, തന്റെ അമ്മയും ഭാര്യയും അടങ്ങുന്ന സ്ത്രീ സമൂഹത്തോടുള്ള നിലപാടു ജോർജ്ജേട്ടൻ വ്യക്തമാക്കി. തമ്പ്രാന്റെ കാശിനു കള്ള് കുടിച്ച് തമ്പ്രാന്റെ എതിരാളികളെ തെറിപറയുന്ന കോമാളി കഥാപാത്രത്തെ അനുസ്മരിക്കുന്ന രാഷ്ട്രീയ സഭ്യതയാണ് അയാൾക്കുള്ളത്.

പി സി ജോർജ്ജിനെ കുറിച്ച് എഴുതി എന്റെ വാൾ വൃത്തികേടാക്കിയതെന്തിനാണെന്ന് ചോദിച്ചാൽ ആ മാൻഡ്രേക്ക് വീണ്ടും നമ്മുടെ പറമ്പിൽ വരാൻ അപേക്ഷ തന്നതായി കേട്ടു . അയാൾ വന്നാൽ ഇനി 20 ലോക്സഭ സീറ്റും 140 നിയമസഭാ സീറ്റും UDF നു കിട്ടുമെന്ന് പറഞ്ഞാലും നമ്മൾ അയാളെ മുന്നണിയിൽ എടുക്കരുത്. രാഷ്ട്രീയ ധാർമ്മികതയും മുല്യവുമുള്ള UDF ന്റെയും കോൺഗ്രസ്സിന്റെയും നേതൃത്വം ആ അപേക്ഷ പരിഗണിക്കില്ലായെന്നും ആ അപേക്ഷാ കടലാസ് ടോയ്ലറ്റ് പേപ്പറായി പോലും ഉപയോഗിക്കില്ലായെന്നുമുള്ള ആത്മവിശ്വാസമുണ്ട്. നമ്മൾ ഇനി അതിന്റെ പേരിൽ സംപൂജ്യരായാലോ കോൺഗ്രസ്സ് പാർട്ടി തകർന്ന് അറബിക്കടലിൽ ഒലിച്ചുപോയാലോ സാരമാക്കണ്ടാ, അതാണ് അഭിമാനം. മറിച്ചുള്ള ഏതൊരു തീരുമാനവും, പട്ടിണിക്കും പ്രാരാബ്ദത്തിനുമിടയിൽ ഉള്ള കാശെടുത്ത് മക്കൾക്ക് അരി വാങ്ങുന്നതിനൊപ്പം പാർട്ടി പോസ്റ്ററൊട്ടിക്കാൻ മൈദമാവ് വാങ്ങുന്ന സാധാരണ പാർട്ടിക്കാരന്റെ അഭിമാന ബോധത്തിനെ വില്ക്കുന്നതിനു തുല്യമാണ്.

ചീഫ് വിപ്പിന്റെ സ്റ്റേറ്റു കാറും പോലീസ് അകമ്പടിയുമായി നടന്ന കാലത്ത് ചീമുട്ടയെറിഞ്ഞ തൊടുപുഴയിലെയും കോട്ടയത്തെയും KSU ക്കാരും യൂത്ത് കോൺഗ്രസ്സുകാരും മരിച്ച് മണ്ണടിഞ്ഞിട്ടില്ലായെന്നും " മുട്ട " കേരളത്തിലെ എല്ലാ അങ്ങാടിയിലും ഇന്നും സുലഭമാണെന്നും മുന്നണി പ്രവേശം കാത്തിരിക്കുന്ന ജോർജ്ജ് "സാർ" മറക്കണ്ട.

P C ജോർജ്ജിനെ മുന്നണിയിലെടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഔദ്യോഗികമായി അപേക്ഷ UDF കൺവീനറും ബഹുമാന്യനായ നേതാവുമായ ശ്രീ ബെന്നി ബഹന്നാൻ അവർകൾക്കും, ബഹു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിനും, ബഹു പ്രതിപക്ഷ നേതാവും UDF ചെയർമാനുമായ ശ്രീ രമേശ് ചെന്നിത്തല അവർകൾക്കും ബഹു KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവർകൾക്കും നല്കിയിട്ടുണ്ട്. പുരക്ക് മേലെ വളരുന്നത് സ്വർണ്ണം കായിക്കുന്ന മരമായാലും വെട്ടണമെന്നാണ് പഴമക്കാർ പറയുന്നത് , അപ്പോൾ പിന്നെ ഈ വിസർജനം കായിക്കുന്ന മരത്തിന്റെ കാര്യം പറയണ്ടാല്ലോ... 

MORE IN KERALA
SHOW MORE