അവസാനിക്കുന്നു... 4 പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; ഈ സ്വപ്നപാത നേരിട്ട വെല്ലുവിളികൾ

kollam-bypass-history
SHARE

കൊല്ലം ബൈപാസിന്റെ 4.5 കിലോമീറ്റർ നിർമാണത്തിനു ഒന്നും രണ്ടും ഘട്ടമായി വേണ്ടി വന്നതു പതിറ്റാണ്ടുകൾ; ജില്ലയിലെ ഏറ്റവും വലിയ 2 പാലങ്ങൾ ഉൾപ്പെടെ ബാക്കി 8.5 കിലോമീറ്റർ പൂർത്തിയാക്കിയതു 44 മാസം കൊണ്ട്. ഈ കാലയളവിനിടെ സമാനതകളില്ലാത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടിട്ടും അവ ഇച്ഛാശക്തിയോടെ മറികടന്നാണു ഉദ്ഘാടനം സാധ്യമാകുന്ന വിധം കൊല്ലം നിവാസികളുടെ ഈ സ്വപ്നപാത കരാറുകാർ പൂർത്തിയാക്കിയത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മൂന്നാംഘട്ടം നിർമാണം ഉദ്ഘാടനം ചെയ്ത ഏപ്രിൽ മുതൽ 2017 സെപ്റ്റംബർ വരെ 30 മാസമായിരുന്നു അനുവദിച്ചിരുന്ന നിർമാണ കാലയളവ്. പിന്നീട് 9 മാസം കൂടി നീട്ടിക്കിട്ടി. എന്നിട്ടും 5 മാസം കൂടി വേണ്ടി വന്ന നിർമാണം ആരംഭിച്ചതു മുതൽ കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻസ് നേരിട്ട പ്രതിസന്ധികൾ ഇവയാണ്.

∙ റോഡ് നിർമാണത്തിനായി സാധനങ്ങൾ ഇറക്കുന്നതിനിടെ പലതവണ തൊഴിലാളി സംഘടനകളുടെ ഇടപെടലുകൾ നേരിടേണ്ടി വന്നു. നോക്കുകൂലി ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായി. നാലു പതിറ്റാണ്ടിലേറെയായി ഒരു നാട് സ്വപ്നം കാണുന്ന റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണെന്ന ഒരു പരിഗണനയും അവരിൽ നിന്നുണ്ടായില്ല. എന്നാൽ നാട്ടുകാർ ഇതിനെതിരെ പ്രതികരിക്കുകയും ഭരണകൂടം ക്രിയാത്മകമായി ഇടപെടുകയും ചെയ്തതോടെ പ്രശ്നം അവസാനിച്ചു

∙ പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതും ഈ കാലയളവിലായിരുന്നു. ഇതോടെ ആദ്യ രണ്ടു ഘട്ടങ്ങളിലെ പോലെ മണ്ണെടുക്കുന്നത് അത്ര എളുപ്പമല്ലാതെയായി. ജിയോളജി വകുപ്പിന്റെ പെർമിറ്റ്, റവന്യു വകുപ്പിന്റെ അനുമതി തുടങ്ങിയ കടമ്പകൾ കർശനമായി. ഇതിനിടെ ഒട്ടേറെ തവണ മണ്ണു കിട്ടാത്തിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കേണ്ടി വന്നു. 

∙ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലുകളും ജില്ലാ ഭരണകൂടത്തിന്റെ നടപടികളും ഈ ഘട്ടത്തിൽ തുണയായി

∙ അസംസ്ക‍ൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം 2016ൽ പാത നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടുന്ന അവസ്ഥ ഉണ്ടായി. പാറയ്ക്കും കമ്പിക്കും സിമന്റിനും മണ്ണിനും ഉൾപ്പെടെ വില ഉയർന്നതും ഇവ കിട്ടാതിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കൂട്ടായതും ക്രിയാത്മകവുമായ ഇടപെടലുകളോടെ ഈ പ്രതിസന്ധിയും മറികടന്നു

∙ നൂറ്റാണ്ടിനിടെ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയവും കനത്ത മഴയും ഈ കാലയളവിലായിരുന്നു. ടാറിങ്ങിനായി കൊണ്ടിട്ട പ്ലാന്റുകളെ നോക്കുകുത്തിയാക്കി മഴ ആഴ്ചകളോളം നീണ്ടു. പ്രതികൂല കാലാവസ്ഥ തുടർന്നാൽ അവയുടെ വാടക പോലും ബാധ്യതയായി മാറുമെന്ന അവസ്ഥ വന്നു. ചുരുങ്ങിയതു 90 ദിവസമെങ്കിലും ടാറിങ്ങിനു വേണമെന്നിരിക്കെ നിർത്താതെ പെയ്ത മഴ എല്ലാം അനിശ്ചിതത്വത്തിലാക്കി. എന്നാൽ സാഹചര്യം സംസ്ഥാന സർക്കാരിനും ദേശീയ ഉപരിതല ഗതാഗത വകുപ്പിനും ബോധ്യപ്പെട്ടതോടെ കാലയളവു ഡിസംബർ വരെ നീട്ടിക്കിട്ടി.

∙ തിരുനെൽവേലിയിലെ കടയം വില്ലേജിൽ നിന്നാണു മെറ്റലും മറ്റും എത്തിച്ചിരുന്നത്. എന്നാൽ പ്രളയവും തുടർന്നുണ്ടായ മണ്ണിടിച്ചിലും കാരണം തെന്മല വഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇതിനു തടസ്സം നേരിട്ടു. പത്തനംതിട്ട ജില്ലയിൽ വീണ്ടും മഴക്കെടുതി ജാഗ്രത പ്രഖ്യാപിച്ചതിനാൽ ക്വാറികൾ പ്രവർത്തിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.

∙ നീരാവിൽ പാലത്തിനു സമീപം അധിക ബലത്തിനായി ഭിത്തി നിർമിച്ച സ്ഥാനത്ത് മണ്ണു താഴ്ന്നതു വ്യാപക പ്രചാരം നേടിയതു പ്രതിസന്ധിക്ക് ഇടയാക്കി. ബൈപാസ് നിർമാണം തന്നെ അവതാളത്തിലായെന്ന മട്ടിലായിരുന്നു പ്രചാരണങ്ങൾ. എന്നാൽ കേന്ദ്രസംഘം ഇവിടം സന്ദർശിക്കുകയും പ്രതിസന്ധി മറികടക്കാൻ സഹായകമാകുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.

MORE IN KERALA
SHOW MORE