വെള്ളപ്പൊക്കത്തിൽ ഉപയോഗശൂന്യമായ കൃഷിയിടങ്ങൾ തിരിച്ചു പിടിച്ച് മാതൃക

ekm-farm
SHARE

എറണാകുളം നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം തിരിച്ചുവരവിന്റെ പാതയിൽ. വെള്ളപ്പൊക്കത്തിൽ ഉപയോഗശൂന്യമായ കൃഷിയിടങ്ങൾ തിരിച്ചു പിടിച്ചും തരിശുകിടന്ന ഭാഗങ്ങൾ കൃഷിയോഗ്യമാക്കിയുമാണ് ജില്ലാ കൃഷിത്തോട്ടം മാതൃകയാകുന്നത്. കൃഷിമന്ത്രി വിഎസ് സുനിൽകുമാറിൻറെ ഇടപെടലും കൃഷിത്തോട്ടത്തിൻറെ തിരിച്ചു വരവിന് വഴിയൊരുക്കി. 

ഒന്നര കൊല്ലം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം വീണ്ടും പച്ച പിടിക്കുന്നത്. മാറിമാറി വന്ന സർക്കാരുകളുടെ അവഗണനയാണ് കൃഷിത്തോട്ടത്തെ നാശത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ വെള്ളം കയറുക കൂടി ചെയ്തതോടെ തകർച്ച പൂർണമായി. ഈ അവസ്ഥയിൽ നിന്നാണ് കൃഷിത്തോട്ടം ഇപ്പോൾ വീണ്ടും പൂർണമായി ഉപയോഗ്യമായ തരത്തിലേക്ക് എത്തിയിരിക്കുന്നത്. കാടുമൂലം അകത്തേക്ക് കയറാൻ പോലും കഴിയാതിരുന്ന കൃഷിത്തോട്ടത്തിൽ ഇപ്പോൾ പലതരത്തിലുള്ള കാർഷികോൽപ്പന്നങ്ങൾ വിളയുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, തൊഴിലാളികളും രാപ്പകൽ അധ്വാനിച്ചാണ് ഫാം പുനർനിർമിച്ചത്. കാടുപിടിച്ച് തരിശായി കിടന്ന സ്ഥലങ്ങൾ വെട്ടിയൊരുക്കി കൃഷിയിടമാക്കി മാറ്റുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ജൈവ പച്ചക്കറിത്തോട്ടം, ഇക്കോ ഷോപ്പ്, വിത്തുൽപ്പാദന കേന്ദ്രം, മത്സ്യ വളർത്തൽ കേന്ദ്രം , ഡയറി ഫാം എന്നിവയെല്ലാം ഇവിടെയുണ്ട്. കാരറ്റ്, മൊട്ടക്രൂസ്, കശുമാവ് തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കൃഷിത്തോട്ടത്തിൻറെ പുനരുദ്ധാരണത്തിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കഴിഞ്ഞ ദിവസം കൃഷിമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു.

പ്രളയകാലത്ത് തോട്ടത്തിൽ വന്നടിഞ്ഞ എക്കൽ മണ്ണ് ഗ്രോ ബാഗുകളിൽ നിറച്ച് ആവശ്യക്കാർക്ക് നൽകാനും പദ്ധതിയുണ്ട്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളം കൂടിയായി ഇനി നേര്യമംഗലത്തെ കൃഷിത്തോട്ടം മാറുമെന്നാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE