കടൽ കാർന്നു തിന്നുന്ന ഒരു നാട്; ആലപ്പാട്ടേക്ക് വിരൽചൂണ്ടി ചൂണ്ടുവിരൽ

alappad-heli-view
SHARE

കടലിലേക്കിറങ്ങിനില്ക്കുന്ന പുലിമുട്ടിന്റെ മുനമ്പില് ഒരു മണ്ണുമാന്തി യന്ത്രം. കൊല്ലം ജില്ലയിലെ ആലപ്പാടും പരിസരപ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു ശില്പാവിഷ്കാരമാണിതെന്ന് വേണമെങ്കില് പറയാം. ഇന്സ്റ്റലേഷന്. ഒരു കരയെ അസാധാരണമായി തീരമെടുക്കുന്നതിന് ഇതിനപ്പുറം വലിയ ദൃശ്യമൊന്നും നല്കാനോ, വിശദീകരിക്കാനോ, വിവരിക്കാനോ ഞങ്ങള്ക്ക് കഴിയില്ല. ഇതിലുണ്ട് എല്ലാം.

ധാതുസമ്പുഷ്ടമായ ഈ തീരവും പദ്ധതി പ്രദേശങ്ങളും നിലനിര്ത്താന് നിര്മിച്ച പുലിമുട്ടും മറ്റ് സംവിധാനങ്ങളുമാണ് സമീപഗ്രാമങ്ങളെ കടലില് മുക്കിക്കൊണ്ടിരിക്കുന്നതെന്നാരോപിച്ചാണ് ആലപ്പാട് ഖനനവിരുദ്ധ സമരം നടക്കുന്നത്. കര കടലിലേക്ക് മുങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന വേഗത പരിഗണിക്കുമ്പോള് അവരുടെ ആശങ്ക പരിശോധിക്കണമെന്ന ബോധ്യത്തില് തന്നെയാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്. കടലിനെയും കായലിനെയും വേര്തിരിക്കുന്ന വലിയ മണല് ബണ്ട് പോലുളള ആലപ്പാട് പ്രദേശം നേര്ത്ത് നേര്ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും കാണുക.

കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളില് വലിയ ധാതുസമ്പത്തുളള മണലുണ്ടെന്ന് എല്ലാവരെയും പോലെ ഞങ്ങളും പഠിച്ചിട്ടുണ്ട്. ലാഭം കുഴിച്ചെടുക്കാവുന്ന തീരമെന്ന് പഠിച്ചിട്ടുമുണ്ട്, കേട്ടിട്ടുമുണ്ട്. തൊണ്ണൂറുകളില് ആറാട്ടുപുഴ കേന്ദ്രീകരിച്ച് ഖനനം നടത്താന് സ്വകാര്യമേഖലക്ക് അനുമതി കൊടുക്കാന് അധികാരകേന്ദ്രങ്ങള് നടത്തിയ ശ്രമങ്ങളെക്കുറിച്ച് നല്ല ധാരണയുമുണ്ട്. അക്കാലത്ത് ഞാനൊരു സ്കൂള്വിദ്യാര്ഥിയായിരുന്നു. സ്വകാര്യമേഖലയില് ഖനനത്തിന് അനുമതി നല്കാന് നടത്തിയ ശ്രമങ്ങളെ ഐതിഹാസികമായ സമരപ്പോരാട്ടങ്ങളിലൂടെ ഇവിടുത്തെ ജനങ്ങളും പരിസ്ഥിതി പ്രവര്ത്തകരും ചേര്ന്ന് എതിര്ത്ത് തോല്പിച്ചത് കേരളത്തിന് അഭിമാനകരമായ ഓര്മയാണ്. പിന്നീടിപ്പോഴാണ് ഖനനത്തിനെതിരെ ജനങ്ങള് സമരരംഗത്തിറങ്ങിയെന്ന തരത്തിലുളള വാര്ത്തകള് വ്യാപകമാകുന്നത്. സമരത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പലതരത്തിലുളള ആരോപണങ്ങളും ഉയര്ന്നുവരുന്നുണ്ട്. അങ്ങനെയാണ് എന്താണ് യഥാര്ഥത്തില് ആലപ്പാട് സംഭവിക്കുന്നതെന്നറിയാന് ഇങ്ങോട്ട് തിരിച്ചത്.

ആദ്യം ഈ ഭൂപ്രദേശത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാം. ഒരുവശത്ത് വിശാലമായ കായല്. ഉള്നാടന് ജലപാത എന്നതിനപ്പുറം ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര് വരുന്ന കേരളത്തിന്റെ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ ജീവനാഡിയാണ് ചെറുതും വലുതുമായ കായലുകളും ജലാശയങ്ങളും. 

ആലപ്പാടടക്കുമുളള ഇവിടുത്തെ തീരഗ്രാമങ്ങളുടെ മറുവശത്ത് അറബിക്കടല്. അറബിക്കടലിനെക്കുറിച്ച് ഞങ്ങള് പ്രത്യേകം പറഞ്ഞുതരേണ്ടതില്ലല്ലോ. ഇനി ഇപ്പോഴത്തെ സമരത്തിന്റെ കാരണങ്ങളെന്തെന്ന് നോക്കാം. നാട്ടുകാരുടെ പ്രതികരണങ്ങളിലേക്ക് അതിന് ശേഷം വരാം. ആലപ്പാട് പഞ്ചായത്ത് ചുരുങ്ങിപ്പോകുന്നു. ഞങ്ങടെ നാട് കടലെടുക്കുന്നു, ചുരുങ്ങിപ്പോകുന്നു എന്നെല്ലാം വെറുതെയങ്ങ് പറയുകയാണോ? അല്ലേയല്ല. കൃത്യമായ കണക്കും തെളിവുമുണ്ട്. എന്താണത്. 

പ്രദേശത്തിന്റെ 1955 ലെ ലിത്തോ മാപ്പ് പ്രകാരം 79.5 ചതുരശ്ര മീറ്ററായിരുന്നു ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി. 2019 എത്തുമ്പോള് അത് വെറും 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. മാത്രമല്ല, തീരത്തിന്റെ സ്വഭാവമാറ്റത്തെക്കുറിച്ച് പഠിക്കാന് കമ്പനികള് തന്നെ നിയോഗിച്ച ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര് ഡിസിപ്ലിനറി സയന്സ് ആന്ഡ് ടെക്നോളജി ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മറ്റ് തീരപ്രദേശങ്ങളിലൊന്നും സംഭവിക്കാത്ത തരത്തില് ഈ മേഖലയില് തീരശോഷണം നടക്കുന്നതിനുളള കാരണം ഇവിടെ നടക്കുന്ന കരിമണല് ഖനനമാണെന്ന് നാട്ടുകാര് വിശ്വസിക്കുന്നു. ഖനനം നടത്തുന്നത് സംസ്ഥാന സര്ക്കാരിന്റെ കീഴിലുളള പൊതുമേഖലാസ്ഥാപനമായ കെ എം എം എല് എന്ന കേരള മിനറല്സ് ആന്ഡ് മെറ്റല്സ് കേന്ദ്രസര്ക്കാരിന്റെ നിയന്ത്രണത്തിലുളള ഐ ആര് ഇ എന്ന ഇന്ത്യന് റെയർ എർത്തും.

രാജ്യത്തെ ജനങ്ങളെ പിറന്ന മണ്ണില് നിന്നും നിഷ്കാസിതരാക്കാന് പൊതുമേഖല സ്ഥാപനങ്ങള് കൂട്ടുനില്ക്കുമോയെന്ന് ചിലര്ക്കെങ്കിലും സംശയമുണ്ടാവും. ഈ മനുഷ്യരുടെ അനുഭവസാക്ഷ്യത്തിനപ്പുറം മറ്റെന്ത് തെളിവുകളാണ് വേണ്ടത്. കണ്ണുകൊണ്ട് കണ്ട് ബോധിക്കുന്നതിനപ്പുറം മറ്റെന്ത് തെളിവാണ് സാമാന്യബുദ്ധിക്ക് വേണ്ടത്.

ധാതുസമ്പുഷ്ടമായ കേരളത്തിന്റെ ഈ തീരപ്രദേശം സ്വകാര്യമേഖലക്ക് തീറ് കൊടുക്കാന് പലവട്ടം ശ്രമിച്ചത് ഇടതും വലതുമുളള മുഖ്യധാരാരാഷ്ട്രീയ കക്ഷികളാണെന്ന് എല്ലാവര്ക്കുമറിയാം. അതുകൊണ്ടാണ് ഭരണപ്രതിപക്ഷ രാഷ്ട്രീയപിന്തുണയുടെ അഭാവത്തിലും സമരം തുടരാന് ഈ മനുഷ്യര് തീരുമാനിച്ചത്. മാപ്പുകളുടെയോ, ഏതെങ്കിലും സര്വേയുടെയോ, കണക്കുകളുടെയോ ആവശ്യമില്ല ഇവര്ക്ക് കടല് കയറുന്നത് അവരുടെ ജീവിതങ്ങളിലേക്കാണെന്ന് തിരിച്ചറിയാന് അവര്ക്ക് തിരിച്ചറിയാന്. ദശകങ്ങളായി അവരത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

ഈ മേഖലയില് മുമ്പുണ്ടായിരുന്ന റോഡുകള് പലതും കടലിനുളളിലായി. വീടുകള്, ക്ഷേത്രങ്ങള്, പാലങ്ങള്, തീയേറ്ററുകള്, കടകള് ഒക്കെയൊക്കെ കടലിലായിട്ടുണ്ട്. വീട് മാറ്റിപ്പണിത് പണിത് മടുക്കുമ്പോള് ഗതിയില്ലാതെ മനുഷ്യര് ഉളളതെല്ലാം തപ്പിപ്പെറുക്കി പലായനം ചെയ്യും. അതായിരിക്കാം ഖനനലോബികളുടെ ലക്ഷ്യവും. അങ്ങനെ പലയാനം ചെയ്ത ആയിരക്കണക്കിനാളുകളുണ്ട് ആലപ്പാടും സമീപപ്രദേശമായ പൊന്മനയും. 

മത്സ്യത്തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന സ്ഥലമാണ് തീരമെന്ന് ഞങ്ങള് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അവരുടെ ഉപജീവനത്തിന്റെ വല മുറിച്ചുകളഞ്ഞു ഖനനമെന്ന് അവരാവര്ത്തിച്ചു പറയുന്നു. ഖനനം കൊണ്ടാണോ അത് സംഭവിച്ചതെന്ന് ഞങ്ങളുറപ്പിച്ച് പറയുന്നില്ല. അവര്ക്കിപ്പോള് കമ്പവല വലിക്കാനോ, ചെറുവളളങ്ങള് കടലിലിറക്കാനോ തീരം തീരമില്ല.  

പലരുടെയും കയ്യില് നഷ്ടപ്പെട്ട ഭൂമിയുടെ ആധാരമടക്കമുളള രേഖകളെല്ലാമുണ്ട്. പക്ഷെ എന്ത് ചെയ്യാന്. സ്വന്തം ഭൂമിയുണ്ടായിരുന്നിടത്ത്, വീടുണ്ടായിരുന്നിടത്ത് ഇന്ന് കടലാണ്. നടുക്കടലിലായിക്കൊണ്ടിരിക്കുന്ന സ്വന്തം മണ്ണ് നോക്കി നെടുവീര്പ്പിടാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത നിസഹായരായ മനുഷ്യരാണ്. അതിജീവനത്തിന്റെ നിലവിളികളെയാണ് ചിലര് സോഷ്യല് മീഡിയയിലെ പി ആര് ഓപ്പറേഷന് എന്ന് എഴുതിത്തളളുന്നത്. ഈ മനുഷ്യരുടെ പ്രതികരണം തേടിപ്പോകാന് ഞങ്ങളെ പ്രേരിപ്പിച്ചത് ഫെയ്സ്ബുക്കിലും വാട്ട്്സപ്പിലും കണ്ട പോസ്റ്റുകളാണ്. അതിട്ടവര്ക്ക് അഭിവാദ്യങ്ങള്. 

പണ്ട്, കരിമണല് ഖനനത്തിനെതിരെ സമരം കടുത്തപ്പോള് അന്ന് വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇപ്പോലുമോര്മയുണ്ട്. വെറും മണലല്ലിത്, പൊന്മണലാണ്. ഖനനത്തോട് സഹകരിച്ചാല് കേരളം മറ്റൊരു ഗള്ഫാകും. കാലാകാലങ്ങളായി അധികാരത്തിലിരിക്കുന്നവരും ഈ മണ്ണില് കണ്ണുളള വ്യവസായ പ്രമുഖരും പലവട്ടം പലഭാഷയില് അതാവര്ത്തിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില് ഒന്ന് ചോദിക്കട്ടെ സര്. 1965 മുതല് ഇവിടെ പൊതുമേഖലയിലെ ഖനനം നടക്കുന്നുണ്ടല്ലോ. കോടിക്കണക്കിന് ടണ് കരിമണല് സംസ്കരിച്ച് വിറ്റുകഴിഞ്ഞല്ലോ. ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാം ലംഘിച്ച് ഇപ്പോഴു ഖനനം തുടരുന്നുമുണ്ടല്ലോ. എവിടെ സര് ഈ ഗള്ഫ്. കുറഞ്ഞപക്ഷം, ഈ ആലപ്പാടിനും സമീപദേശങ്ങള്ക്കുമെങ്കിലും അതിന്റെ പ്രയോജനം ലഭിക്കേണ്ടിയിരുന്നില്ലേ. എന്തുകൊണ്ട് ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ സമരത്തെ പരിഹസിക്കുന്നവര് ഈ ചോദ്യത്തിനുത്തരവും നല്കേണ്ടതല്ലേ? പോട്ടെ മറ്റാരെക്കാളും ഈ മത്സ്യത്തൊഴിലാളികള്ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ഈ തീരം. അവരുടെ ഉപജീവനത്തിന്റെ വളളമുറപ്പിച്ചിരുന്ന തീരം കുഴിച്ചെടുത്ത കെ എം ആര് എല്ലും, ഐ ആര് ഇ യും കുഴിച്ചെടുത്ത പൊന്നിന്റെ എന്ത് പങ്കാണ് ഇക്കാലത്തിനിടയില് അവര്ക്ക് തിരികെ നല്കിയത്. 

ഒരിടവേളയില് ഞങ്ങള് ആലപ്പാടിന് സമീപത്തുളള പൊന്മനയിലേക്ക് പോയി. വര്ഷങ്ങളായി ഖനനം നടക്കുന്ന പ്രദേശം. സെന്റിന് പതിനായിരം മുതല് പതിനേഴായിരം രൂപ വരെ നല്കി കമ്പനികള് സ്വന്തമാക്കിയതാണ് ഭൂമി. യുദ്ധഭൂമി പോലെ തോന്നി പൊന്മന. നിര്ബന്ധിതമായ കൂട്ടപ്പലായനത്തിന്റെ നീക്കിയിരിപ്പാണ് ചുറ്റും. ഉപേക്ഷിക്കപ്പെട്ട വീടുകള്. കൃഷിയില്ലാതെ വിജനമായ പറമ്പുകള്. ആയിരത്തിലധികം കുടുംബങ്ങളുണ്ടായിരുന്നു പൊന്മന വാര്ഡില്. ഇപ്പോഴെത്ര പേരുണ്ടെന്നോ. മൂന്നേ മൂന്ന് കുടുംബം. അവരെയും കുടിയൊഴിപ്പിക്കാന് ആവുന്നതെല്ലാം ചെയ്യുന്നുണ്ട് ഖനനകമ്പനികള്. 

നിയമലംഘനങ്ങള്ക്ക് പുറമെ വാഗ്ദാനലംഘനങ്ങളുടെ ആഴമേറിയ മുറിവുകള് കൂടിയുണ്ട് ഈ മനുഷ്യരുടെ മനസില്. ഏറ്റെടുക്കുന്ന ഭൂമിയില് താമസിച്ചിരുന്ന കുടുംബത്തിലൊരാള്ക്ക് ജോലി. കുറേപ്പേര്ക്കൊക്കെ കിട്ടി. കരാര് തൊഴില്. മാസം പത്തോ പതിനഞ്ചോ ദിവസം. കുഴി നികത്തി ഭൂമി മടക്കിനല്കാം എന്നൊരു വാഗ്ദാനമുണ്ടായിരുന്നു എന്ന് പറയുന്നു. ഏതായാലും ചുരുക്കം ചിലയിടങ്ങളിലല്ലാതെ അതും നടന്നിട്ടില്ല. പലായനം ചെയ്തവര് പലയിടങ്ങളിലായി ദുരിതമനുഭവിച്ച് ജിവിച്ച് മരിക്കുന്നു.

പൊന്നാണ് കുഴിച്ചെടുക്കുന്നതെങ്കില് ഈ സഹിച്ച ത്യാഗത്തിന്റെ പ്രതിഫലം, നേട്ടം ഈ മണ്ണില് ജീവിച്ചവര്ക്കും ജീവിക്കുന്നവര്ക്കും ലഭിക്കേണ്ടതില്ലേ എന്ന ലളിതമായ ചോദ്യമാണ് ഞങ്ങളുയര്ത്തുന്നത്. വേര്തിരിച്ചെടുക്കുന്ന ധാതുക്കളുപയോഗിക്കാന് കഴിയുന്ന ഒരു വ്യവസായവും ഈ മേഖലയില് തുടങ്ങാതെ മറിച്ചുവില്പന മാത്രം ശീലമാക്കിയതെന്തേ എന്ന ചോദ്യമാണ് ഈ നാടുയർത്തുന്നത്. 

സോഷ്യല് മീഡിയയിലെ ഇളക്കം ഇപ്പോഴാണുണ്ടായത് എന്നത് ശരിയായിരിക്കാം. പക്ഷെ, ഒലിച്ചുപോകുന്ന കരയില് നിന്ന് പിന്നിലേക്ക് പിന്നിലേക്ക് പിന്മടങ്ങിക്കൊണ്ടിരുന്ന ജനത ഇവിടെയുണ്ടായിരുന്നു. അവരുടെ ജീവിതസമരത്തെ തളളിക്കളയാന് ഒരു ഗൂഢാലോചനാസിദ്ധാന്തത്തിനും കഴിയില്ല. വാസ്തവത്തില് സോഷ്യല് മീഡിയയില് ഇപ്പോഴുണ്ടായ ഇളക്കമാണ് മുങ്ങിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് ക്യാമറ തിരിക്കാന് ഞങ്ങളെ പോലും വിളിച്ചത്.

പറഞ്ഞവസാനിപ്പിക്കുകയാണ്. ആലപ്പാടും സമീപതീരപ്രദേശങ്ങളിലും കര ഏതാണ്ടില്ലാതായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളിലും ഈ കടല്കയറ്റം കാണാമെങ്കിലും ഈ തോതിലില്ല. പിന്നെ പൊന്നെന്ന് പറഞ്ഞ് കൊയ്തുകൊണ്ടുപോകുന്നതിന്റെ ഗുണമൊന്നും ഈ നാടിനുണ്ടായിട്ടില്ല. അപ്പൊ പിന്നെ, ഗൂഢാലോചന സിദ്ധാന്തവും തത്കാലത്തേക്കെങ്കിലും ഖനനവും നിര്ത്തി ഈ മനുഷ്യരുടെ സംശയങ്ങള്ക്ക് ഉത്തരം നല്കുക. കര നേര്ത്തില്ലാതാവുന്നതിന്റെ കാരണം കണ്ടെത്തുക. അതാണ്, അത് മാത്രമാണ്, ഖനനം നടത്തുന്ന കമ്പനികളും ഭരണകൂടവും ചെയ്യേണ്ടത്. 

MORE IN KERALA
SHOW MORE