'ആത്മാഭിമാനമുള്ള സ്ത്രീകൾ ഞങ്ങള്‍ക്കൊപ്പം'; പൊതുവേദിയിൽ ബിന്ദുവും കനകദുർഗയും

bindu-kanagadurga-arpo-arthavam
കടപ്പാട്; 'ആർപ്പോ ആർത്തവം' ഫെയ്സ്ബുക്ക് പേജ്
SHARE

സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയിൽ സംഘടിപ്പിച്ച 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുത്ത് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗ്ഗയും. ശബരിമലയിൽ ദർശനത്തിന് ശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്. കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ സംരക്ഷണം ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബിന്ദു പറഞ്ഞു.

''ഞാനും കനകദുർദ്ദയും മാത്രമായി എന്തെങ്കിലും ചെയ്തെന്ന് കരുതുന്നില്ല. നിങ്ങളെല്ലാവരും നൽകിയ ധൈര്യവും പിന്തുണയുമാണ് പ്രചോദനമായത്. പൊലീസിന്റെയല്ല, കേരളത്തിലെ പുരോഗമനസമൂഹത്തിന്റെ സംരക്ഷണം ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ''-ബിന്ദു പറഞ്ഞു. 

ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകൾ ഒപ്പമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കനകദുർഗയും പ്രതികരിച്ചു. 

മുഖ്യമന്ത്രി പങ്കെടുക്കില്ല

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കും. ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്‍മാറിയത് . എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ നിശ്ചയിച്ച പരിപാടികളുടെ പട്ടികയില്‍ ആര്‍പ്പോ ആര്‍ത്തവം ഉണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 

ആര്‍ത്തവം അയിത്തമല്ലെന്നും സ്ത്രീ സമത്വം ഉറപ്പാക്കണമെന്നുമുളള മുദ്രാവാക്യങ്ങളുമായാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലൂന്നിയായിരുന്നു  തുടക്കം മുതലുളള പ്രചാരണവും. ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനു മറുപടിയായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അക്കാരണം കൊണ്ടു തന്നെ മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും സംഘാടകര്‍ അവകാശപ്പെട്ടിരുന്നു.

MORE IN KERALA
SHOW MORE