കൊടുംതണുപ്പത്തെ കുളി; മോദിയെ പരിഹസിച്ച് വി.ടി.ബല്‍റാമും ട്രോളര്‍മാരും

modi-balram-troll
SHARE

തന്റെ ഭൂതകാല ജീവിതത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം സോഷ്യൽ ലോകത്ത് ട്രോളൻമാർ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ വിടി ബൽറാം എംഎൽഎയും മോദിയുടെ കൊട്ടി രംഗത്തെത്തി. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

ഹിമാലയത്തിൽ സന്ന്യാസികൾക്കൊപ്പമുള്ള ജീവിത കാലഘട്ടം അദ്ദേഹം പങ്കുവയ്ക്കുമ്പോൾ പറഞ്ഞ വാക്കുകളാണ് ട്രോളാകുന്നത്. വാർത്ത പങ്കുവച്ച ശേഷം ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ബൽറാമിന്റെ കൊട്ട്. മഴവിൽ മനോരമയിലൂടെ പ്രശസ്തനായ ഹരീഷ് കണാരന്റെ കോമഡി സ്കിറ്റിലെ കഥാപാത്രമായ ജാലിയൻ കണാരന്റെ ചിത്രമാണ് ബൽറാം പങ്കുവച്ചത്. മോദി പറയുന്നതെന്നും ‘തള്ളാ’ണെന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ബൽറാം.

സോഷ്യൽ ലോകത്തും ചിരി വിതറുകയാണ് ഹിമാലയത്തിലെ ആ കാലം. പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുകയെന്നും. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഹിമക്കരടിയെ വരെ ഉൾപ്പെടുത്തിയാണ് ചിരിപൂരം. 

modi-balram-troll-1

വാർത്ത ഇങ്ങനെ.

തന്റെ ആദ്യകാല ജീവിതവും കഷ്ടപ്പാടുകളും ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചു തന്നയുമുള്ള ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുന്നതിന് 17–ാം വയസ്സിൽ തന്റെ യാത്രകൾ ആരംഭിച്ചതായി ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വളരുമ്പോൾ എനിക്ക് കൗതുകങ്ങൾ അധികമായിരുന്നു, എന്നാൽ അറിവ് കുറവും. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ‌ വച്ചു സിദ്ധൻമാരുമായും  സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്. ഈ ലോകത്തു കണ്ടെത്താൻ ഏറെയുണ്ടെന്ന് അപ്പോൾ ബോധ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞാൻ എന്നെത്തന്നെ ദൈവത്തിൽ അർപ്പിച്ചു. 17–ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എനിക്കു മധുരം തന്നു. നെറ്റിയിൽ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്റെ ജീവിതത്തിലെ തീർച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങൾ അപ്പോൾ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവർത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നു–പ്രധാനമന്ത്രി പറഞ്ഞു.

പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം പൊരുത്തപ്പെടാൻ എനിക്കൊപ്പം ജീവിച്ച സന്യാസിമാർ പഠിപ്പിച്ചു. ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലതയ്ക്കു മുന്നിൽ നിൽക്കുമ്പോള്‍ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ലെന്നു ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷമാണു വീട്ടിലേക്കു തിരികെപോയത്.

എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങൾക്ക് അതുമതിയായിരുന്നു. എന്റെ അമ്മയ്ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് അവർക്കു ദൈവം കൊടുത്തു. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്. സ്കൂള്‍ കഴിഞ്ഞാൽ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവർക്കു ചായ കൊടുത്ത് അവരുടെ കഥകൾ കേൾക്കും. അങ്ങനെയാണ് ഞാന്‍ ഹിന്ദി ഭാഷ പഠിച്ചത്. ചിലരിൽനിന്ന് ബോംബെയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

എട്ടാം വയസ്സിലാണ് ആദ്യമായി ആർഎസ്എസിന്റെ പരിപാടിയിൽ പോകുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ടി സുഹൃത്തുക്കളോടൊപ്പം ചേർന്നു ഭക്ഷണസ്റ്റാള്‍ ഉണ്ടാക്കി. നമ്മൾ ഏതു സാഹചര്യത്തിലാണു ജനിച്ചതെന്നു പ്രധാനമല്ല. നിങ്ങൾ എന്നോടു കഷ്ടപ്പാടുകൾ ചോദിച്ചാൽ അങ്ങനെയൊന്നുണ്ടായില്ലെന്നേ പറയാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

MORE IN KERALA
SHOW MORE