നെല്ല് മുതൽ തേയില വരെ; നേട്ടം ലക്ഷങ്ങൾ; കുമാരന്റെ സീറോ ബജറ്റ് കൃഷി

nattupacha-main
SHARE

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കൃഷിയെ പ്രണയിച്ചു തുടങ്ങിയതാണ് കുമാരൻ. നാളുകൾ പിന്നിടുംതോറും കൃഷിയോടുള്ള പ്രണയത്തിന്റെ മാധുര്യം കുമാരന് വർദ്ധിച്ചു വന്നതേയുള്ളു. എട്ടുവർഷം മുമ്പ് വരെ ഇന്ത്യയിലെ കോടിക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമായിരുന്നു ഇദ്ദേഹം. 

എന്നാൽ ഇന്ന് ആ കോടികളിൽ അറിയപ്പെടുന്ന, എണ്ണംപറഞ്ഞ കർഷകരിൽ ഒരാളായി മാറി. കൃഷിയുടെ സമഗ്ര മേഖലകളിലും വ്യത്യസ്തമായ ഒരു സമീപനം കൊണ്ടുവന്നതാണ് കുമാരനെ മറ്റു കർഷകരിൽനിന്നു വേറിട്ടു നിർത്തിയത്.

മുപ്പതു വർഷങ്ങൾക്കുമുമ്പ് ഭാര്യ ഇന്ദിരയെയും കൂട്ടി അയ്യൻകൊല്ലിയിലെ കാടുപിടിച്ചുകിടന്ന കുറച്ച് സ്ഥലം കൃഷിക്കായി മേടിക്കുമ്പോൾ ഒറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ പട്ടിണികൂടാതെ ജീവിക്കാൻ കഴിയണം. നീലഗിരിയുടെ മണ്ണിൽ, തണുപ്പുള്ള കാലാവസ്ഥയിൽ മറ്റെല്ലാ കർഷകരും ചെയ്യുന്നതുപോലെ കുറേശ്ശയായി തേയിലച്ചെടികൾ നട്ടുപിടിപ്പിച്ചു കുമാരൻ. തേയിലയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കുറേശ്ശയായി മറ്റു വിളകളും നട്ടു തുടങ്ങി. 

സാധാരണ കർഷകരെ പോലെ വിളകളുടെ വളർച്ചയ്ക്ക് രാസവളങ്ങളും രോഗങ്ങൾക്ക് കീടനാശിനികളും ഒക്കെയായിരുന്നു പ്രയോഗം. കാലങ്ങൾ മുന്നോട്ടുപോകവെ കൃഷി ചെലവുകൾ താങ്ങാവുന്നതിനപ്പുറമായി. വിളകളെ നശിപ്പിച്ചുകൊണ്ട് രോഗങ്ങളും കീടങ്ങളും ക്രമാതീതമായി. എങ്ങനെ കൃഷിയിൽ മുന്നോട്ടുപോകുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സീറോബജറ്റ് ഫാമിങ്ങിനെ കുറിച്ച് കുമാരൻ അറിയുന്നത്.

പ്രകൃതി കൃഷി എന്ന ആശയത്തിൽ ആകൃഷ്ടനായ കുമാരൻ സീറോ ബജറ്റ് ഫാമിങ്ങിന്റെ വക്താവായ സുഭാഷ് പലേക്കറുടെ ശിഷ്യനായി. നിലവിൽ ചെയ്തുകൊണ്ടിരുന്ന കൃഷിരീതികളോട് വിടപറഞ്ഞ് എട്ടുവർഷം മുമ്പ് പ്രകൃതികൃഷിയിലേക്ക് ചുവടു മാറ്റി. 

ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇതെങ്കിലും കാര്യങ്ങൾ ആദ്യമേ അത്ര സുഗമമായിരുന്നില്ല കുമാരന്. കൃഷികളിൽ നിന്നുള്ള വരുമാനം ഒറ്റയടിക്ക് കുറഞ്ഞു. സീറോ ബജറ്റ് കൃഷി ചെയ്തു ജീവിതത്തിൽ സീറോയാകുന്ന കുമാരൻ എന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ കളിയാക്കി തുടങ്ങി

വരുമാനം കുറഞ്ഞതും പരിഹാസവും ഒന്നും കുമാരനെ അലട്ടിയില്ല. മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ കൃഷിയിടത്തിൽ മാറ്റങ്ങൾ പതുക്കെ കണ്ടുതുടങ്ങി. പിന്നീടങ്ങോട്ട് വലിയ ലക്ഷ്യങ്ങൾ സ്വപ്നം കണ്ടു കൊണ്ടുള്ള ഒരു പ്രയാണമായിരുന്നു കുമാരനും കുടുംബത്തിനും. പ്രകൃതി കൃഷിയിലെ എട്ടുവർഷം പിന്നിടുമ്പോൾ ഇന്ന് ഒരുപാട് നേട്ടങ്ങളുടെയും വലിയ സന്തോഷത്തിന്റെയും ഉടമയാണ് കുമാരൻ.

തേയില കർഷകർക്കെല്ലാം ഇന്ന് നഷ്ടങ്ങളുടെ കണക്കുകൾ മാത്രമുള്ളപ്പോൾ കുമാരന് തേയില എന്നല്ല ഏതു കൃഷിയിലും ലാഭത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ, 5 ഏക്കർ തേയില കൃഷിയിൽനിന്ന് ഒരു മാസത്തെ മാത്രം വരുമാനം 5 ലക്ഷം രൂപയാണ്. രണ്ടരയേക്കറിൽ ഉള്ള മറ്റു കൃഷികളിൽ നിന്നുള്ള വരുമാനം ഇതിനുപുറമേ . 

കൃഷിചെയ്യുന്ന ഉൽപ്പന്നങ്ങളെല്ലാം മൂല്യ വർധന വരുത്തി, ബ്രാൻഡ് ചെയ്ത് , സ്വയം വില നിശ്ചയിച്ച്, നേരിട്ട് വിപണനം ചെയ്യുകയാണ് ഇദ്ദേഹം. വളങ്ങൾക്കും കീടനാശിനികൾക്കും വേണ്ടി ഒരു രൂപപോലും മുടക്കാതെ, കാര്യമായ കൃഷി ചെലവുകൾ ഇല്ലാതെ, ചെയ്യുന്ന കൃഷികളിൽ നിന്നെല്ലാം പരമാവധി ലാഭം നേടുകയാണ് കുമാരൻ. 

സീറോ ബജറ്റ് ഫാമിങ്ങിൽ കുമാരൻ വിജയകരമായി മുന്നേറിയപ്പോൾ, വിദേശത്ത് മികച്ച ജോലിയുണ്ടായിരുന്ന മകൻ ധനീഷും ആ ജോലി ഉപേക്ഷിച്ച് കൃഷിയിൽ സജീവമായി.

30 വർഷം മുമ്പ് നട്ട തേയില ചെടികളാണ് ഇന്നും കുമാരന്റെ തോട്ടത്തിലുള്ളത്. തേയിലച്ചെടി നട്ടാൽ രണ്ടാംവർഷം മുതൽ ഇല നുള്ളി തുടങ്ങാം. നാലാം വർഷം മുതൽ വിളവ് നല്ലരീതിയിൽ ലഭിക്കും. തേയിലച്ചെടിയുടെ വളർച്ച നിയന്ത്രിച്ചുനിർത്താനും, ഇലകൾ കരുത്തോടെ വളർന്നു വരാനുമായി നാലുവർഷം കൂടുമ്പോൾ പ്രൂണിങ്ങ് അഥവാ കവാത്ത് ചെയ്തു നിർത്തും. 

മിത ശീതോഷ്ണ കാലാവസ്ഥയാണ് തേയില ചെടിയുടെ വളർച്ചക്ക് നല്ലത്. ചുവന്ന പശിമരാശിയുള്ള മണ്ണാണ് അനുയോജ്യം. മണ്ണിന്റെ പി എച്ച് 4.5 മുതൽ 5 വരെയാകാം. മഴ കുറവുള്ള സമയങ്ങളിൽ ജലസേചനം ചെയ്യുന്നത് വിളവ് എല്ലാക്കാലത്തും ഒരുപോലെ ലഭിക്കാൻ സഹായിക്കും.

നിലവിലുള്ള തേയിലകൃഷി പ്രകൃതി കൃഷിരീതികളിലേക്ക് മാറ്റുകയാണ് കുമാരൻ ചെയ്തത്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് തയ്യാറാക്കുന്ന വള കൂട്ടുകൾ മാത്രമാണ് വളർച്ചയ്ക്കും കീടരോഗ നിയന്ത്രണത്തിനും ഉപയോഗിക്കുന്നത്. 

ജീവാമൃതത്തിന്റെയും ദശപർണിക കഷായത്തിന്റെയും പ്രയോഗം ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും, രോഗങ്ങളെ ഇല്ലാതാക്കുകയും, വിളവ് വളരെയേറെ വർദ്ധിക്കാൻ സഹായിക്കുകയും ചെയ്തു.

സാധാരണ തേയിലത്തോട്ടങ്ങളിൽ പത്തുമുതൽ 15 ദിവസം വരെയുള്ള ഇടവേളകളിലാണ് തേയില നാമ്പുകൾ നുള്ളിയെടുക്കുന്നത് എന്നാൽ കുമാരൻ തന്റെ തേയിലത്തോട്ടത്തിൽ 5 ദിവസം വളർച്ചയെത്തിയ തേയില നാമ്പുകൾ ആണ് വിളവെടുക്കുന്നത്. 

ഇലകൾ സൂക്ഷ്മതയോടെ നുള്ളിയെടുക്കുന്നതും തുടർന്നുള്ള തേയിലയുടെ സംസ്കരണവും കുമാരനും കുടുംബാംഗങ്ങളും മാത്രമാണ് ചെയ്യുന്നത്. വിളവെടുക്കുന്ന ഇലകൾ ഉടൻതന്നെ സംസ്കരിച്ചെടുക്കാൻ സ്വന്തമായി തേയില സംസ്കരണ യൂണിറ്റും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉണ്ട്. 

ചെറുകിട തേയില ഫാക്ടറി ഉള്ള ലൈസൻസ് ഇന്ത്യയിൽതന്നെ ആദ്യമായി നേടിയ കർഷകനാണ് കുമാരൻ. ദിവസവും 480 കിലോ തേയില സംസ്കരിക്കാനുള്ള ശേഷി ഈ യൂണിറ്റിന് ഉണ്ട്. തേയില ഫാക്ടറികൾ അനുവദിക്കുന്ന നിയമവ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് കുമാരന് ലൈസൻസ് ലഭിച്ചത്. അതിന് കാരണമായത് ആവട്ടെ കുമാരന്റെ കൃഷിരീതികളും തേയിലയുടെ ഗുണമേന്മയും രുചിയമായിരുന്നു.

ഉയരങ്ങളിൽ വളരുന്ന തേയിലയേക്കാൾ രുചി ഉണ്ട് കുമാരന്റെ ചായക്ക്. പ്രകൃതി കൃഷി മാർഗ്ഗങ്ങളിൽ തേയില കൃഷി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ചെറുകിട കർഷകനാണ് ഇദ്ദേഹം . അതുകൊണ്ടുതന്നെ ടീബോർഡും , ഉപാസിയും , ഹോർട്ടികൾച്ചർ മിഷനും എല്ലാം വേണ്ടത്ര പ്രോത്സാഹനങ്ങൾ കുമാരന് നൽകി. 

നിരവധി പരിശോധന കടമ്പകൾ കടന്ന് കൃഷിയിടം ആകെ ഇൻഡോസെർട്ടിന്റെ ഓർഗാനിക് സർട്ടിഫിക്കേഷൻ ഇദ്ദേഹത്തിന് ലഭിച്ചു. ടീബോർഡിന്റെയും ഉപാസിയുടെയും മറ്റ് സ്വകാര്യ ലാബുകളുടെയും ഗുണമേന്മ പരിശോധനകളിൽ ഏറെ മികച്ച ഇനം തേയിലയാണ് കുമാരൻ ഉൽപ്പാദിപ്പിക്കുന്നത് എന്ന് കണ്ടെത്തി. 

വ്യത്യസ്തമായ രുചിയുള്ള കുമാരന്റെ ഗ്രീൻ ടീക്ക് കിലോഗ്രാമിന് 2000 രൂപയാണ് ഉപാസി വില നിശ്ചയിച്ചത്. കുമാരൻ നിശ്ചയിച്ച വിലയിലും അധികം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് ടീ ബോർഡിന്റെ പരിശോധനകളും സാക്ഷ്യപ്പെടുത്തി.

സ്വന്തം കൃഷിയിടത്തിൽ നിന്ന് നുള്ളിയെടുക്കുന്ന തേയില നാമ്പുകൾ ഉപയോഗിച്ച് രണ്ടുതരം ചായയാണ് കുമാരൻ ഉൽപാദിപ്പിക്കുന്നത് . ഓർത്തഡോക്സ് ബ്ലാക്ക് ടീയും ഗ്രീൻടീയും. രണ്ടുതരത്തിലുള്ള ചായപ്പൊടികളും ഉൽപാദിപ്പിക്കുന്നതിന് വേണ്ട സംസ്കരണ രീതികളിലും വ്യത്യാസമുണ്ട്. 

ഗ്രീൻടീ ഉൽപാദിപ്പിക്കാൻ ഇല നുള്ളിയെടുത്ത് ഉടനെ ഫാക്ടറിയിലേക്ക് എത്തിച്ച് ട്രഫിൽ നിരത്തും ഇല ചൂടാകാതെ വാടാതെ തനിമ നിലനിർത്താനും ആണിത്. തുടർന്ന് ഉടൻ തന്നെ പാനറിലിട്ട് 90 ഡിഗ്രി സെൽഷ്യസ് മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ 5 - 6 മിനിട്ടുകൊണ്ട് ഇലകൾ ചൂടാക്കി വാട്ടിയെടുക്കും. 

വാട്ടിയെടുത്ത ഇലകളുടെ ചൂടാറാൻ ആയി ഇലകൾ വീണ്ടും നിരത്തിയിടും. ഇലകൾ തണുത്തശേഷം ഈറ്റ കൊണ്ട് നെയ്തെടുത്ത ഒരു തട്ടിൽ കോട്ടൺ തുണി വിരിച്ചശേഷം കൈകൊണ്ട് ഇലകൾ ഉരുട്ടിയെടുക്കും. ഇതോടെ ഇലകൾ മുറിഞ്ഞ് ചെറിയ തിരികൾ ആകും. 

നിശ്ചിത പരുവമാകുമ്പോൾ ഡ്രയറിനുള്ളിലെ ട്രേയിലേക്ക് മാറ്റുകയാണ് അടുത്ത ഘട്ടം. മൂന്നുമണിക്കൂറോളം ഡ്രയറിൽ ഇട്ടു ചൂടാക്കിയ ശേഷം തണുക്കാനായി പുറത്തെടുത്തു വക്കും. ഇതിനുശേഷം പാക്കിങ് ആരംഭിക്കാം.

ഓർത്തഡോക്സ് ചായപ്പൊടി ഉണ്ടാക്കുന്നത് മറ്റൊരു രീതിയിലാണ്. നുള്ളിയെടുത്ത ഇലകൾ ഒരുദിവസം മുഴുവൻ ട്രഫിൽ ഫാനിന്റെ കാറ്റിനു ചുവടെ നിരത്തിയിടും. ഇതുവഴി ഇലകളിലെ ജലാംശം 35 ശതമാനത്തോളം കുറയും. പിറ്റേദിവസം വാടിയ ഇലകൾ റോളറിൽ ഇട്ട് റോൾ ചെയ്തെടുക്കും. മുക്കാൽ മണിക്കൂറോളം ഇട്ട് ഉരുട്ടിയശേഷം ഒരുമണിക്കൂർ ടേബിളിൽ നിരത്തിയിടും. 

വായു സമ്പർക്കത്തിലൂടെ ഇലയുടെ നിറം മാറാൻ ആണിത്. പിന്നീട് ട്രേയിലാക്കി രണ്ടരമണിക്കൂർ സമയം കൊണ്ട് ഡ്രയറിലിട്ട് ഉണക്കിയെടുക്കും. തുടർന്ന് ചൂടാറിയശേഷം പാക്കിംഗ് ചെയ്യും.

സാധാരണ ചായപ്പൊടികളിൽനിന്നും വ്യത്യസ്തമായ ഒരു തേൻ രുചിയാണ് കുമാരന്റെ ചായപ്പൊടികൾക്ക് . സമ്മിശ്ര കൃഷിയിടത്തിൽ പ്രകൃതികൃഷി മാർഗ്ഗങ്ങൾ സ്വീകരിച്ചതാണ് ചായയുടെ ഈ രുചി മാറ്റത്തിന് കാരണം. 

നീലഗിരി സ്പെഷ്യൽ പി കെ ഗ്രീൻടീ, പി കെ ഓർത്തഡോക്സ് ടീ എന്നീ പേരുകളിൽ ബ്രാൻഡ് ചെയ്താണ് വിൽക്കുന്നത്. ഒരു കിലോഗ്രാം ഗ്രീൻ ടീക്ക് 1600 രൂപയും ഓർത്തഡോക്സ് ടീക്ക് ആയിരം രൂപയും ആണ് വില.

നമ്മുടെ നാട്ടിൽ നിരവധി കർഷകർ പിന്തുടരുന്നതും എല്ലാവർക്കും തന്നെ ചിരപരിചിതവുമായ കൃഷിരീതിയാണ് ജൈവകൃഷി. എന്നാൽ ഈ ജൈവകൃഷിയും പ്രകൃതി കൃഷിയും ഒറ്റനോട്ടത്തിൽ ഒന്നാണെന്ന് തോന്നാം. പക്ഷേ ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്. 

വിഷരഹിതമായ സുരക്ഷിത ഭക്ഷണത്തിനു വേണ്ടിയുള്ളതാണ് ഈ രണ്ടു കൃഷിരീതികളുമെങ്കിലും ജൈവകൃഷി 100 ശതമാനവും വിഷരഹിതമാണെന്ന് ഇക്കാലത്ത് പറയാനാവില്ല എന്നാണ് കുമാരന്റെ അഭിപ്രായം. ജൈവവളം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പല കൂട്ടുകളും അതിനുമുമ്പ് രാസവളങ്ങളോ കീടനാശിനികളോ പ്രയോഗിച്ച് കൃഷി ചെയ്തതാവാം. 

സങ്കരയിനം പശുക്കളുടെ ചാണകത്തിൽ പോലും ആൻറിബയോട്ടിക്കുകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം അവ കഴിക്കുന്ന ഭക്ഷണങ്ങളും മരുന്നും വഴിയായി ഉണ്ടാകും. ഇത്തരം വളങ്ങൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ , സ്വാഭാവികമായും പേരുകൊണ്ട് ജൈവവളം ആകാമെങ്കിലും, അതിൽനിന്ന് ലഭിക്കുന്ന ഉൽപന്നങ്ങളുടെ സൂക്ഷ്മ പരിശോധനകളിൽ ഇത്തരം രാസവിഷ മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്താറുണ്ട്. 

അതേസമയം പ്രകൃതികൃഷിയിൽ ഉപയോഗിക്കുന്ന വളങ്ങൾ എല്ലാംതന്നെ നൂറുശതമാനവും സുരക്ഷിതമാണ്. കാരണം ഇവയെല്ലാം കണ്ടെത്തുന്നത് കർഷകരുടെ കൃഷിയിടത്തിൽ നിന്ന് തന്നെയാണ്.

കുമാരന്റെ ഏഴര ഏക്കർ സ്ഥലത്തെ എല്ലാ കൃഷികളും സീറോബജറ്റ് കൃഷി രീതിയിലാണ് ചെയ്യുന്നത്. ഇത്തരം പ്രകൃതികൃഷിയുടെ കേന്ദ്രബിന്ദു നാടൻ പശുവാണ്. നാടൻപശുക്കളുടെ ചാണകവും മൂത്രവും പ്രധാന ചേരുവകൾ ആക്കി ഉൽപ്പാദിപ്പിക്കുന്ന വളങ്ങളും കീടനാശിനികളും ആണ് കൃഷിയിടത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. 

സീറോബജറ്റ് കൃഷിയിൽ ഒരു നാടൻ പശുവുണ്ടെങ്കിൽ 30 ഏക്കർ സ്ഥലം കൃഷി ചെയ്യാം എന്നാണ് കണക്ക്. വീട്ടിലെ പാലിന്റെ ആവശ്യത്തിനും കൃഷിയിടത്തിലേക്കാവശ്യമായ വളങ്ങൾക്കും വേണ്ടി കുമാരൻ കാസർഗോഡൻ ഇനത്തിൽപ്പെട്ട നാടൻ പശുക്കളെയും വളർത്തുന്നുണ്ട്. 

നാടൻ പശുക്കൾ പൊതുവേ പറമ്പിൽ മേഞ്ഞുനടന്ന് ഭക്ഷിക്കുന്നവരാണ് . ഇങ്ങനെ മേയുമ്പോൾ ഔഷധമൂല്യമുള്ള നിരവധി പുല്ലുകളും ഇലകളും ഇവ ഭക്ഷണമാക്കുന്നു. കൂടാതെ നമ്മുടെ കാലാവസ്ഥയോട് ഏറെ ഇണക്കം ഉള്ളവയുമാണ് ഇവ. ഒരുവിധംപെട്ട രോഗങ്ങളൊന്നും ഇവയെ ബാധിക്കില്ല. 

അതേസമയം കൂടുതൽ പാൽ ലഭിക്കുന്ന സങ്കരയിനം പശുക്കളും, വിദേശ ജനുസിൽപ്പെട്ട പശുക്കളുമൊക്കെ തൊഴുത്തിൽ കെട്ടിയിട്ടു കൃത്രിമ തീറ്റ നൽകി വളർത്തുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം പശുക്കളുടെ ചാണകത്തിലും മൂത്രത്തിലും നാടൻ പശുക്കളെ അപേക്ഷിച്ച് , താരതമ്യേന ജീവാണുക്കളുടെ അളവും ഗുണമേന്മയും ഒക്കെ കുറവാണ്.

അതുപോലെതന്നെ ജൈവകൃഷിയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു വളമാണ് മണ്ണിര കമ്പോസ്റ്റ്. മണ്ണിരകളെ ടാങ്കിലിട്ടു വളർത്തി മണ്ണിര കമ്പോസ്റ്റ് വളം ഉണ്ടാക്കുന്ന രീതിയോട് കുമാരൻ യോജിക്കുന്നില്ല. ഇത്തരത്തിൽ കൃത്രിമമായി മണ്ണിരക്കമ്പോസ്റ്റ് വളം ഉണ്ടാക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്, കൃഷിയിടത്തിലെ മണ്ണിൽത്തന്നെ മണ്ണിരകൾ വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കുകയയാണ് വേണ്ടതെന്നാണ് കുമാരന്റെ അഭിപ്രായം. 

മണ്ണിനടിയിൽ വളരുന്ന മണ്ണിരകൾ ഉണ്ടെങ്കിലേ, ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ മണ്ണിനടിയിലുള്ള സൂക്ഷ്മ മൂലകങ്ങളെ, ചെടികളുടെ സൂക്ഷ്മ വേരുകൾക്ക് എത്തിച്ചു നൽകാനാവൂ.

മണ്ണിനെ രാസവള - കീടനാശിനികളിൽ നിന്ന് മുക്തമാക്കുമ്പോൾ സ്വഭാവികമായും മണ്ണിൽ മണ്ണിരകൾ വളരാനുള്ള സാഹചര്യം ഒരുങ്ങും. അതോടൊപ്പം നാടൻപശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വളങ്ങളുടെ പ്രയോഗം മണ്ണിൽ ധാരാളമായി മണ്ണിരകൾ പെരുകുന്നതിന് കാരണവുമാകും. 

ഇങ്ങനെ മണ്ണിരകൾ പെരുകുമ്പോൾ മണ്ണിലുള്ള സൂക്ഷ്മ മൂലകങ്ങൾ ചെടികൾക്ക് ധാരാളമായി ലഭിക്കുകയും വളർച്ച ത്വരിതപ്പെടുകയും ചെയ്യും.

കൃഷിയിടത്തിൽ നിന്ന് രോഗ-കീട ബാധകൾ ഇല്ലാതെ മികച്ച വിളവ് കുമാരന് ലഭിക്കുന്നതിന്റെ രഹസ്യം ഇതാണ്.  മണ്ണിനെ പരിപോഷിപ്പിക്കുന്നതിനും, വിത്തുകൾ സംരക്ഷിക്കുന്നതിനും, ചെടികൾക്കാവശ്യമായ വളർച്ചാ ത്വരകങ്ങൾ നൽകുന്നതിനും, കീടരോഗ നിയന്ത്രണത്തിനുമെല്ലാം കുമാരൻ നാലുകൂട്ടം വളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 

ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, ദശപർണ്ണിക കഷായം എന്നിവയാണവ. കൃഷിയിടത്തിൽനിന്നും, ചുറ്റുപാടുകളിൽ നിന്നും ശേഖരിക്കുന്ന വിവിധയിനം പച്ചിലകളും, നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമെല്ലാം ഉപയോഗിച്ചാണ് ഈ വള കൂട്ടുകൾ തയ്യാറാക്കുന്നത്. 

കൃഷിയിടത്തിലെ വളപ്രയോഗത്തിനായി ജീവാമൃതം ഒരു വലിയ ടാങ്കിൽ ശേഖരിച്ചിരിക്കുകയാണ്. ഈ ടാങ്കിനു താഴെയായി ഒരു പടുതാകുളം ഉണ്ടാക്കി ജീവാമൃതം, വെളളം ചേർത്ത് നേർപ്പിച്ചെടുത്ത് മോട്ടോറിന്റെ സഹായത്തോടെ ചെടികൾക്ക് തളിച്ചു നൽകുന്നു.

കൃഷിക്കായി മണ്ണു ഒരുക്കുമ്പോൾ അടിവളമായി നൽകുന്ന ഘനജീവാമൃതം, ചാണകവും ഗോമൂത്രവും പയറുപൊടിയും ശർക്കരയും ചേർത്തുകുഴച്ച് തണലിൽ ഉണക്കി എടുത്താണ് ഉണ്ടാക്കയെടുക്കുന്നത് . മണ്ണിൽ വിത്ത് നടുന്നതിനു മുമ്പുള്ള സംരക്ഷണത്തിനാണ് ബീജാമൃതം. 

ചെടികളുടെ വളർച്ചയെ പോഷിപ്പിക്കാനാണ് ജീവാമൃതം ഉപയോഗിക്കുന്നത്. കീടങ്ങളെയും രോഗങ്ങളെയും അകറ്റും ദശപർണ്ണിക കഷായം . ചെടികളുടെ വളർച്ചയുടെ തുടക്കത്തിൽ ആഴ്ചയിൽ ഒന്ന് വീതവും പിന്നീട് രണ്ടാഴ്ച കൂടുമ്പോഴും ചെടികളുടെ ഇലകളിൽ തളിച്ചും ചുവട്ടിൽ ഒഴിച്ചും ദശപർണ്ണിക കഷായം നൽകും.

ഒരു വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും കുമാരൻ തന്റെ കൃഷിയിടത്തിൽ ഉല്പാദിപ്പിക്കുന്നുണ്ട്. നിത്യജീവിതത്തിൽ ആവശ്യമായ 25 ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ബ്രക്കോളി, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, ഉള്ളി, വെണ്ട, വഴുതന, ചീര, മുളക്, മത്തൻ, കുമ്പളം, പയർ, പാവൽ ഇങ്ങനെ നീളുന്നു ആ നിര. 

പച്ചക്കറികളെല്ലാം തന്നെ ഒന്നിനോടൊന്ന് ചേർന്ന് വളരുന്നതുകൊണ്ട് രോഗങ്ങളും കീടങ്ങളും കുറയുന്നു എന്ന് മാത്രമല്ല ആവശ്യമായതെല്ലാം ഒരു സ്ഥലത്തുനിന്ന് തന്നെ ലഭിക്കുകയും ചെയ്യുന്നു.

പച്ചക്കറി മാത്രമല്ല നെൽകൃഷിയും ഉണ്ട് സ്വയംപര്യാപ്തതയ്ക്ക് . 80 സെന്റ് സ്ഥലത്ത് വർഷത്തിൽ ഒരു കൃഷിയാണ് നെല്ല് ചെയ്യുന്നത്. കുമാരന്റെ കുടുംബത്തിന് ഒരു വർഷത്തേക്കുള്ള അരി ആഹാരത്തിന് ഇവിടെ ഒരു കൃഷിയിൽ ഉൽപ്പാദിപ്പിക്കുന്ന ഈ നെല്ല് ധാരാളം. രണ്ടാം കൃഷി എള്ളും പയറുമാണ്. ഇത് അടുത്ത കൃഷിക്ക് മണ്ണിനെ ഒരുക്കാനുള്ള വളം കൂടിയാണ്.

കൃഷികൾക്ക് ആവശ്യമായ ജലസേചനത്തിനായി കൃഷിയിടത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് പ്രകൃതിയെ നോവിക്കാതെ നിർമ്മിച്ച രണ്ട് കുളങ്ങളുണ്ട്. ഉയർന്ന സ്ഥലത്ത് നിൽക്കുന്നതുകൊണ്ടുതന്നെ മോട്ടോറിന്റെ സഹായമില്ലാതെ ജലം കൃഷിയിടത്തിലേക്ക് പൈപ്പുകൾ വഴി എത്തിക്കാൻ കഴിയും. 

പുറമേ നിന്നുള്ള യാതൊരു നീരൊഴുക്കും ഇല്ലാതിരുന്നിട്ടും, ഓരോ വർഷം കഴിയുംതോറും കുളത്തിലെ ജലത്തിന്റെ അളവ് വർധിച്ചുവരികയാണ്. മുൻവർഷങ്ങളിൽ കടുത്ത വരൾച്ച ഉണ്ടായിരുന്നിട്ടു പോലും ഈ കുളത്തിലെ ജലം വറ്റിയിട്ടില്ല . പ്രത്യേകമായ കരുതലോടെ കുളം സംരക്ഷിക്കുന്നതാണ് ഇതിന്റെ കാരണം. 

കുളത്തിനുചുറ്റും നട്ടുപിടിപ്പിച്ചിരിക്കുന്ന ഈറ്റയുടെ കമ്പുകൾ വളഞ്ഞ് കുളത്തിനു മുകളിൽ ഒരു കുട പോലെ നിൽക്കുന്നു. സുഖകരമായ ഒരന്തരീക്ഷമാണ് ഈ കുളത്തിന് ചുറ്റും.

നേന്ത്രൻ, ഞാലി, പൂവൻ, ചാര പൂവൻ, ചെങ്കദളി, കാവേരി, വെള്ളക്കദളി, പാളയംകോടൻ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 250ഓളം വാഴകൾ കുമാരൻ കൃഷിചെയ്യുന്നുണ്ട് വാഴക്കുലകൾ പച്ചയ്ക്കും പഴുപ്പിച്ചും ചിപ്സ് ആക്കിയും ഒക്കെയാണ് വിപണനം. 

മഞ്ഞൾ ഇഞ്ചി തുടങ്ങിയവയുടെ കൃഷിയുമുണ്ട്. മഞ്ഞൾ, പൊടി ആക്കിയും ഇഞ്ചി ചുക്ക് ആക്കിയുമാണ് വില്പന. റംബൂട്ടാൻ, ലിച്ചി, പാഷൻ ഫ്രൂട്ട്, ബട്ടർഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങളും കൃഷിയിടത്തിലുണ്ട് . ഇതിനുപുറമേ തെങ്ങ്, കമുക്, കാപ്പി, കുരുമുളക്, ഏലം, ജാതി, വാനില തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കൃഷികളിൽ പെടുന്നു.

കാർഷിക ഉത്പന്നങ്ങൾ കഴിയുന്നത്രയും മൂല്യവർദ്ധന നടത്തി ബ്രാൻഡ് ചെയ്താണ് വിപണനം. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, വെബ്സൈറ്റ് തുടങ്ങി എല്ലാ ന്യൂജൻ മാധ്യമങ്ങളുടെയും സാധ്യതകൾ വിപണനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരിക്കൽ കുമാരന്റെ കാർഷിക ഉൽപന്നങ്ങൾ മേടിച്ചവർ പിന്നീട് സ്ഥിരം കസ്റ്റമേഴ്സ് ആയ മാറുന്നതു കൊണ്ട് തന്നെ ഒരു പ്രൊഡക്ടും ഉണ്ടാക്കിവെച്ച് അധികദിവസം ഇരിക്കേണ്ടി വരില്ല. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ്, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ കുമാരന് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. കുമാരന്റെ സീറോബജറ്റ് കൃഷികൾ കാണാനും പഠിക്കാനുമൊക്കെ നിരവധി സന്ദർശകർ എത്താറുണ്ട്. ഫാം ടൂറിസത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താനാണ് കുമാരന്റെ അടുത്ത ശ്രമം.

പ്രകൃതി കൃഷിയിലേക്കുള്ള കുമാരന്റെ മാറ്റം ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് കാരണമായി. രാസവളങ്ങൾക്കും, കീടനാശിനികൾക്കും, കൃഷി ചെലവുകൾക്കുമായി വലിയൊരു തുക മാറ്റി വെക്കേണ്ടി വരുന്നത് നിത്യജീവിതത്തിൽ തന്നെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനുപുറമെയാണ് രോഗങ്ങളും കീടങ്ങളും കൃഷിയിടത്തിൽ വ്യാപകമായത്. 

കൃഷി ചെലവ് കുറഞ്ഞതോടെ വരുമാനത്തിൽ മിച്ചം ലഭിച്ചുതുടങ്ങി. പ്രകൃതികൃഷി അവലംബിച്ചതോടെ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിച്ചു. ഓർഗാനിക് സർട്ടിഫിക്കേഷൻ അടക്കം നേടി മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി സ്വയം വിപണനം ചെയ്യാൻ തുടങ്ങിയതോടെ കുമാരന് തന്റെ ഉൽപന്നങ്ങളുടെ വില നേരിട്ട് നിശ്ചയിക്കാൻ പറ്റി. 

ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ലാഭം സ്വന്തം കൈകളിലെത്തി. അത്യാവശ്യസന്ദർഭങ്ങളിൽ ഒഴികെ ജോലിക്കാരെ ഒഴിവാക്കാൻ കഴിയുന്നതും ചെലവുകൾ കുറച്ചു. കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഇന്ന് കൃഷി പണികളും മൂല്യവർധിത ഉൽപന്നങ്ങളും ആക്കുന്ന ജോലികൾ എല്ലാം ചെയ്യുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ ഇരട്ടിമധുരമായി.

ടീ ബോർഡിന്റെയും ഹോർട്ടികൾച്ചർ മിഷന്റെയും അടക്കം നിരവധി പുരസ്കാരങ്ങൾ കുമാരന്റെ കൃഷി മികവിനെ തേടിയെത്തിയിട്ടുണ്ട്. പ്രാദേശിക, ദേശീയ മാധ്യമങ്ങളിലടക്കം കുമാരന്റെ കൃഷി നേട്ടങ്ങൾ വാർത്തയായി. ഒരേ മനസ്സോടെ ഒരു കുടുംബം നല്ല കൃഷി എന്ന ലക്ഷ്യത്തിനായി കൃഷിയിൽ സജീവമായപ്പോൾ അത്ഭുതാവഹമായ വിജയമാണ് അവരെ തേടിയെത്തിയത്. 

പ്രകൃതിയെ നോവിക്കാതെയുള്ള സമ്മിശ്രകൃഷികളിലൂടെ അനുകരണീയമായ വലിയൊരു മാതൃകയാണ് ഇന്ന് കുമാരനും കുടുംബവും. കാലഘട്ടത്തിന് ആവശ്യമായ കൃഷി എങ്ങനെയായിരിക്കണമെന്നും കർഷകന് കൃഷിയിലെ ചെലവുകൾ കുറച്ചുകൊണ്ട് എങ്ങനെയൊക്കെ ലാഭം നേടാം എന്നുമുള്ളതിന്റെ ഉദാത്ത മാതൃക.

MORE IN NATTUPACHA
SHOW MORE