ആറ്റിൽ ചാടി പ്രതി; ചാടി നീന്തി പൊക്കി എക്സൈസ്; ആക്രമിച്ചിട്ടും വിട്ടില്ല: ഹീറോ

police-rade-hero
യൂണിഫോം അഴിച്ച് കരമനയാർ നീന്തിക്കടന്ന് വാറന്റുകേസിലെ പ്രതിയെ പിടിച്ച എക്സൈസ് ഇൻസ്‌പെക്ടർ എ.പി.ഷാജഹാനെ സുകുവിന്റെ ബന്ധു ആക്രമിക്കുന്നു.
SHARE

പൊലീസ് ഒാടിച്ചുകൊണ്ടുവരുന്ന പ്രതി. ഒടുവിൽ പുഴയിൽ ചാടി രക്ഷപ്പെടുന്നു. കാക്കി അണിഞ്ഞ പൊലീസുകാർ കരയിൽ നിരാശരായി നിൽക്കുന്നു. ഇത് സിനിമയിൽ പലതവണ കണ്ടുമടുത്ത സീനാണ്. എന്നാൽ ഇന്നലെ ആര്യനാട് നടന്ന സംഭവം വിപരീതമാണ്. ആറ്റിൽ ചാടി നീന്തി രക്ഷപ്പെടാനൊരുങ്ങിയ പ്രതിയെ പിന്നാലെ നീന്തിച്ചെന്നു പിടികൂ‌ടിയിരിക്കുകയാണ് എക്സൈസ് സംഘം. മകനുൾപ്പെട്ട സംഘം എത്തി ഇൻസ്പെക്ടറെ ആക്രമിച്ചിട്ടും പ്രതിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. രാവിലെ 11ന് ആര്യനാടാണു സിനിമയെ വെല്ലുന്ന ചേസിങ് നടത്തി എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. 

പരിശോധനക്ക് പോകുന്നതിനിടെ കാവൽപ്പുര ജം‌ക്‌ഷനിലെത്തിയ ആര്യനാട് എക്സൈസ് സംഘത്തെ കണ്ട് വാറന്റ് കേസിലെ പ്രതി കോട്ടയ്ക്കകം കൊല്ലകുടി വിളാകത്ത് വീട്ടിൽ സുകു(51)വാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. എക്സൈസ് സംഘവും വിട്ടില്ല, പിന്നാലെ പാഞ്ഞു. ഗത്യന്തരമില്ലാതെ സുകു കരമനയാറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ആദ്യം ഒന്ന് പതറിയെങ്കിലും എക്സൈസ് ഇൻ‌സ്പെക്ടർ എ.പി.ഷാജഹാനും സിവിൽ എക്സൈസ് ഓഫിസർ എ.ശ്രീകുമാറും കൂടെ ചാടി നീന്തി. മറുകര പിന്നിട്ട സുകുവിനെ സമീപത്തെ പുരയിടത്തിൽ വച്ച് എക്സൈസ് ഓടിച്ചിട്ട് പിടികൂടി. ഇതിനിടെ സുകുവിന്റെ മകൻ വിഷ്ണുവും സുഹ്യത്തുക്കളും സ്ഥലത്തെത്തി.

പിതാവിനെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിഷ്ണുവും വിടാൻ പറ്റില്ലെന്ന് എക്സൈസും നിലപാടെടുത്തു. ഇതോടെ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമായി. ഇതിനിടെ ഇൻസ്പെക്ടറെ വിഷ്ണുവും സുഹൃത്തും ചേർന്നു മർദിച്ചതായി എക്സൈസ് പറഞ്ഞു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സഹായത്തോടെ സുകുവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.  കയ്യിലും കഴുത്തിലും പരുക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ ആര്യനാട് ആശുപത്രിയിൽ ചികിൽസ തേടി. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.