മകരവിളക്ക്; ശബരിമലയിൽ സൗകര്യങ്ങൾ വിലയിരുത്തി ഹൈക്കോടതി നിരീക്ഷണ സമിതി

sabari-commity
SHARE

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ സൗകര്യങ്ങൾ വിലയിരുത്തി ഹൈക്കോടതി നിരീക്ഷണ സമിതി. നിലയ്ക്കലിലടക്കം കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് സമിതി നിർദേശിച്ചു. തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ സേനയെ അടക്കം വിന്യസിച്ച് സുരക്ഷ ഒരുക്കുമെന്ന് പൊലീസും ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ശബരിമലയിൽ തുടർച്ചയായി മൂന്നാം ദിവസവും തിരക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്.

നിലയ്ക്കലിൽ പുതുതായി ഉണ്ടാക്കിയ പാർക്കിങ്ങ് ഏരിയ, അടിയന്തിര പാതകൾ എന്നിവ നിരീക്ഷണ സമിതി സന്ദർശിച്ചു. പമ്പയിലടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്നും പന്തളം കൊട്ടാരത്തിൽ നിന്ന് സന്നിധാനം വരെയും തിരിച്ചും സുരക്ഷ ഒരുക്കുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തിൽ തിരിച്ചെത്തിക്കുമെന്നും ബോർഡ് കോടതിയിൽ ഉറപ്പു നൽകി. തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും വിശദീകരണം. മകരവിളക്കിന് നാല് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്തടക്കം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഭക്തർ കൂടുതലെത്തിയാൽ വിരിവെക്കാനടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവരും.

MORE IN KERALA
SHOW MORE